പൊലിസിനെ വട്ടം കറക്കിയ മാല മോഷ്ടാവ് പിടിയില്‍
മരട്: എറണാകുളം, തൃശൂര്‍ ജില്ലകളിലായി അമ്പതിലേറെ മല മോഷണ കേസുകളിലെ പ്രതി പൊലിസിന്റെ പിടിയിലായി. തൃശൂര്‍ ചുവന്ന മണ്ണില്‍ നെല്ലിക്കല്‍ ജിന്‍സ് എന്ന് വിളിക്കുന്ന ജിന്‍സണ്‍(36) നെയാണ് മരട് പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഇരുപത്തെട്ടിന് കണ്ണാടിക്കാട് സ്വദേശിനി ശകുന്തളയുടെ രണ്ടര പവന്‍ വരുന്ന സ്വര്‍ണമാല കണ്ണാടിക്കാട് ഭാഗത്ത് വച്ച് ബൈക്കിലെത്തിയ പ്രതി കവര്‍ന്നിരുന്നു. മോഷണശ്രമം എതിര്‍ത്ത ശകുന്തളയെയും ഭര്‍ത്താവിനെയും വെട്ടിച്ച് ഇയാള്‍ രക്ഷപ്പെട്ടിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് മരട് പൊലിസ് ദിവസങ്ങളായി അന്വേഷണം നടത്തി വരുകയായിരുന്നു. കഴിഞ്ഞ ദിവസം മരട് സൊസൈറ്റി റോഡില്‍ പൊലിസ് വാഹന പരിശോധനക്കിടെ സംശയാസ്പദമായ രീതിയില്‍ ബൈക്കുമായി കണ്ട പ്രതിയെ പിടികൂടുകയായിരുന്നു.
വിശദമായ പരിശോധനയില്‍ പ്രതിയുടെ ബൈക്കിന്റ സീറ്റിനടിയില്‍ നിന്ന് രണ്ട് നമ്പര്‍ പ്ലേറ്റുകള്‍ പൊലിസ് കണ്ടെടുത്തു.
സ്റ്റേഷനിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. ഇരുപത് വയസ് മുതല്‍ ബൈക്ക് റൈഡിങ്ങില്‍ കമ്പം തുടങ്ങിയ ഇയാള്‍ ബൈക്ക് വാടകക്കെടുത്ത് ദിവസങ്ങളോളം പല സ്ഥലങ്ങളിലും കറങ്ങി നടക്കമായിരുന്നു. തൃശൂര്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം തുടങ്ങിയത്. മൂന്ന് വര്‍ഷം മുമ്പ് സമാന കുറ്റത്തിന് അറസ്റ്റിലായ ഇയാള്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് വീണ്ടും മോഷണം തുടര്‍ന്നു.
കഴിഞ്ഞ വിഷുവിന്റെ തലേദിവസം മരടിലും പരിസര പ്രദേശത്തുമായി ഒന്നര മണിക്കൂറില്‍ മൂന്ന് സ്ഥലത്ത് മാല മോഷണം നടത്തിയത് പൊലിസിന് തലവേദന സൃഷ്ടിച്ചിരുന്നു.
ബൈക്ക് ഓടിക്കുന്നതില്‍ അതീവ പ്രാഗത്ഭ്യം നേടിയിട്ടുള്ള ഇയാള്‍ തൃശൂരിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട് ഹൈവെയില്‍ വിജനമായ സ്ഥലത്തെത്തി നമ്പര്‍ പ്ലേറ്റ് മാറ്റിയ ശേഷമാണ് മോഷണം നടത്തുന്നത്.
മാല മോഷണ പ്രതിയെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് നിരവധി സ്ത്രീകള്‍ സ്റ്റേഷനില്‍ പരാതിയുമായി എത്തി. തൃപ്പൂണിത്തുറ, മരട് കടവന്ത്ര ,തേവര സ്റ്റേഷനതിര്‍ത്തിയില്‍ നിരവധിയാളുകളുടെ മാല ഇത്തരത്തില്‍ മോഷ്ടിച്ചതായി ഇയാള്‍ സമ്മതിച്ചു.
ടൗണ്‍ സി.ഐ. സിബി ടോം, മരട് എസ്.ഐമാരായ സുജാതന്‍ പിള്ള, രവീന്ദ്രനാഥന്‍, എ.എസ്.ഐ ദിനേശന്‍, സീനിയര്‍ സി.പി.ഒ മാരായ വിനോദ് കൃഷ്ണന്‍, ഗിരീഷ് ബാബു സി.പി. ഒ മാരായ സന്തോഷ്, പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."