സ്പെയിന്- കൊളംബിയ പോരാട്ടം സമനില; ഉറുഗ്വെയെ വീഴ്ത്തി ഇറ്റലി
മാഡ്രിഡ്: മുന്‍ ലോക ചാംപ്യന്മാരായ സ്പെയിനും ലാറ്റിനമേരിക്കന്‍ കരുത്തര്‍ കൊളംബിയയും തമ്മിലുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ പോരാട്ടം 2-2ന് സമനിലയില്‍ അവസാനിച്ചു. മറ്റ് മത്സരങ്ങളില്‍ ഇറ്റലി 3-0ത്തിന് ഉറുഗ്വെയേയും ബൊളീവിയ 3-2ന് നിക്കരാഗ്വയേയും തകര്‍ത്തു. കംബോഡിയയെ 2-0ത്തിന് ഇന്തോനേഷ്യ പരാജയപ്പെടുത്തി.
പരാജയത്തിലേക്ക് നീങ്ങുകയായിരുന്ന സ്പെയിനിന് ആല്‍വരോ മൊറാറ്റ നേടിയ ഗോളാണ് സമനില സമ്മാനിച്ചത്. കളി തുടങ്ങി 22ാം മിനുട്ടില്‍ ഡേവിഡ് സില്‍വയിലൂടെ സ്പെയിന് ലീഡെടുത്തു. എന്നാല്‍ 39ാം മിനുട്ടില്‍ കര്‍ഡോണയുടെ ഗോളില്‍ കൊളംബിയ സമനില സ്വന്തമാക്കി. ആദ്യ പകുതി 1-1ന് അവസാനിച്ചു. രണ്ടാം പകുതി തുടങ്ങി 55ാം മിനുട്ടില്‍ മുന്‍ നായകന് റഡാമല്‍ ഫാല്‍ക്കാവോ കൊളംബിയയെ മുന്നില്‍ കടത്തി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫാല്‍ക്കാവോ രാജ്യത്തിനായി വല ചലിപ്പിച്ചത്. കൊളംബിയ വിജയത്തിലേക്ക് നീങ്ങവേ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ മൊറാറ്റ സ്പാനിഷ് ടീമിന്റെ രക്ഷകനായി. താരം 87ാം മിനുട്ടില്‍ നേടിയ ഗോളില്‍ സ്പെയിന് മത്സരം സമനിലയിലെത്തിക്കുകയായിരുന്നു.
ഉറുഗ്വെക്കെതിരേ കളിയുടെ ഏഴാം മിനുട്ടില്‍ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ ഇറ്റലി കളി തീരാന്‍ പത്ത് മിനുട്ടുകളുള്ളപ്പോഴാണ് രണ്ട് ഗോളുകള്‍ കൂടി നേടി 3-0ത്തിന് വിജയിച്ചത്. കളി തുടങ്ങിയ ഏഴാം മിനുട്ടില്‍ തന്നെ ഉറുഗ്വെ താരം ജിമെനെസിന്റെ സെല്‍ഫ് ഗോള്‍ ഇറ്റലിക്ക് ലീഡ് സമ്മാനിച്ചു. പിന്നീട് 82ാം മിനുട്ടില്‍ എഡറും 90ാം മിനുട്ടില്‍ ഡി റോസ്സിയുടെ അസൂറികള്‍ക്കായി വല കുലുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."