കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ വനിതാ വിശ്രമ കേന്ദ്രം ആരംഭിക്കും
കൊണ്ടോട്ടി: കരിപ്പൂര്‍ ഹജ്ജ് ഹൗസിനോട് ചേര്‍ന്ന് 500 വനിതാ തീര്‍ഥാടകര്‍ക്ക് താമസിക്കാനായി പുതിയ കെട്ടിടം നിര്‍മിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. വനിതാ വിശ്രമ കേന്ദ്രത്തിന്റെ രണ്ട് പ്രൊജക്ടുകളാണ് മുന്നിലുള്ളതെന്നും ഇതില്‍ ഏതെങ്കിലുമൊന്ന് തുടങ്ങാനാണ് പദ്ധതിയെന്നും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി പറഞ്ഞു.
ഹജ്ജ് ഹൗസ് കെട്ടിടത്തിനോട് ചേര്‍ന്ന് ഏഴ് കോടി ചെലവില്‍ നിര്‍മിക്കുന്നതാണ് ഒരു പദ്ധതി. ഹജ്ജ് ഹൗസിന് മുന്‍വശത്തുള്ള സ്ഥലത്ത് 20 കോടി ചെലവുവരുന്ന പദ്ധതിയാണ് രണ്ടാമത്തേത്. രണ്ടു പദ്ധതികളും ഹജ്ജ് കാര്യവകുപ്പ് മന്ത്രി പരിശോധിച്ചായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. അടുത്ത വര്‍ഷത്തെ ഹജ്ജ് ക്യാംപിനു മുന്‍പായി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. കരിപ്പൂരിന് പുറമെ നെടുമ്പാശ്ശേരി ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് സംബന്ധിച്ച കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.
കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ അഖിലേന്ത്യാ ഹജ്ജ് പരിശീലന കേന്ദ്രം ആരംഭിക്കും. ഇന്ത്യയിലെ മുഴുവന്‍ ട്രെയിനര്‍മാര്‍ക്കും കേരള മാതൃകയില്‍ പരിശീലനം നല്‍കാനാണിത്. ഈ വര്‍ഷത്തെ അഖിലേന്ത്യാ ഹജ്ജ് കോണ്‍ഫറന്‍സ് കേരളത്തില്‍ നടത്താനും തീരുമാനിച്ചു. ഹജ്ജ് ഹൗസില്‍ സിവില്‍ സര്‍വിസ് കേന്ദ്രം തുടങ്ങാന്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കും. ഒപ്പം ലൈബ്രറിയും മ്യൂസിയവും നിര്‍മിക്കും. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി കരിപ്പൂരിനെ പ്രഖ്യാപിച്ച കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയേയും കേന്ദ്രഹജ്ജ് കമ്മിറ്റിയേയും ഉദ്യോഗസ്ഥരേയും സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം അഭിനന്ദിച്ചു.
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി അധ്യക്ഷനായി. പി.വി അബ്ദുല്‍ വഹാബ് എം.പി, കാരാട്ട് റസാഖ് എം.എല്‍.എ, ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പി.അബ്ദുറഹിമാന്‍, എച്ച്.മുസമ്മില്‍ഹാജി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, മുസ്‌ലിയാര്‍ സജീര്‍, കാസിംകോയ പൊന്നാനി, എല്‍.സുലൈഖ, ഹജ്ജ് അസി.സെക്രട്ടറി അബ്ദുറഹിമാന്‍, കോഡിനേറ്റര്‍ എന്‍.പി ഷാജഹാന്‍ സംബന്ധിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവള ഡയരക്ടറുമായും കൂടിക്കാഴ്ച നടത്തി.
അടുത്ത വര്‍ഷത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി വീണ്ടും കരിപ്പൂര്‍ വിമാനത്താവളത്തെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്നലെ ഹജ്ജ് കമ്മിറ്റി യോഗത്തിന് ശേഷം എയര്‍പോര്‍ട്ട് ഡയരക്ടര്‍ കെ. ശ്രീനിവാസ റാവുമായി കൂടിക്കാഴ്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."