കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം: പിതൃ സഹോദര ഭാര്യ അറസ്റ്റില്‍
താമരശേരി: കാരാടിയില്‍ ഏഴുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതൃ സഹോദര ഭാര്യ അറസ്റ്റില്‍. കാരാടി പറച്ചിക്കോത്ത് അബ്ദുല്‍ ഖാദറിന്റെ ഭാര്യ ജസീല(26) യെയാണ് താമരശേരി ഡിവൈ.എസ്.പി പി. ബിജുരാജും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കാരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടെ മകള്‍ ഫാത്തിമയാണ് മരിച്ചത്.
കുട്ടിയെ ഉറക്കിക്കിടത്തി മാതാവ് ഷമീന അലക്കുന്നതിനായി പോയ സമയത്ത് പ്രതി തൊട്ടിലില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്ത് വീട്ടുമുറ്റത്തെ കിണറ്റില്‍ എറിയുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. തിരികെ വന്ന ഷമീന തൊട്ടിലില്‍ കുഞ്ഞിനെ കാണാത്തതിനാല്‍ ബഹളം വച്ചു. തിരച്ചിലിനൊടുവില്‍ കുഞ്ഞിനെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ പുറത്തെടുത്തപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു.
സംഭവം നടക്കുന്ന സമയത്ത് ഷമീനയും പ്രതി ജസീലയും ജസീലയുടെ രണ്ടര വയസുള്ള കുട്ടിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭര്‍തൃസഹോദര ഭാര്യ ഷമീനയോടുള്ള പകയാണ് കൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. വീട്ടില്‍ അവഗണന നേരിട്ടിരുന്നതിനാല്‍ പ്രതി മാനസികമായി ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നതായും ഇതാണ് കൊലപാതകത്തിന് ജസീലയെ പ്രേരിപ്പിച്ചതെന്നും പൊലിസ് പറഞ്ഞു.
പത്തു ദിവസത്തിനകം പുതിയ വീട്ടിലേക്ക് താമസം മാറാനുള്ള ഒരുക്കത്തിലായിരുന്നു ജസീലയും ഭര്‍ത്താവ് അബ്ദുല്‍ ഖാദറും. സംഭവം നടന്നത് മുതല്‍ വീട്ടുകാരെ പൊലിസ് നിരന്തരം ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ജസീലയുടെ മൊഴിയില്‍ സംഭവ ദിവസം തന്നെ പൊലിസിന് സംശയം തോന്നിയിരുന്നു. ഇന്നലെ മൂന്നു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പൊലിസ് നായയെ എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും വീടിനും കിണറിനും സമീപം മാത്രമാണ് നായ മണംപിടിച്ചെത്തിയത്. പുറമെ നിന്നുള്ള പങ്കാളിത്തം കൃത്യത്തിനു പിന്നിലില്ലെന്ന് ഇതേതുടര്‍ന്ന് പൊലിസ് നിഗമനത്തിലെത്തുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."