കെ.എസ്.ഇ.ബിയുടെ 'പോസ്റ്റുകള്‍' റിലയന്‍സിന് പ്രതിഷേധവുമായി തൊഴിലാളികള്‍
തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ അഞ്ചുലക്ഷം വൈദ്യുതി പോസ്റ്റുകള്‍ റിലയന്‍സ് ജിയോക്ക് വാടകയ്ക്ക് നല്‍കാനുള്ള നീക്കം വിവാദമാകുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ കെ- ഫോണ്‍ പദ്ധതിക്ക് തിരിച്ചടിയാകുന്നതിനാലും സുരക്ഷാപ്രശ്‌നവും ചൂണ്ടിക്കാട്ടി ഭരണ, പ്രതിപക്ഷ തൊഴിലാളി യൂനിയനുകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി.
റിലയന്‍സ് ജിയോയുടെ ഫൈബര്‍ ടു ഹോം പദ്ധതിക്ക് വേണ്ടിയാണ് വൈദ്യുതി ബോര്‍ഡിന്റെ അഞ്ചുലക്ഷം പോസ്റ്റുകള്‍ വാടകയ്ക്ക് നല്‍കാന്‍ നീക്കം നടക്കുന്നത്. ആദ്യഘട്ടമായി ഒരുലക്ഷം വൈദ്യുതി പോസ്റ്റുകളിലൂടെ കേബിള്‍ വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജിയോ വൈദ്യുതി ബോര്‍ഡിന് കത്തുനല്‍കിയത്.
നിലവില്‍ കെ.എസ്.ഇ.ബിയുടെ പോസ്റ്റ് ചെറുകിട കേബിള്‍ ഓപറേറ്റര്‍മാര്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇവരെ ഒഴിവാക്കിയാണ് റിലയന്‍സിന് പോസ്റ്റുകള്‍ വാടകയ്ക്ക് നല്‍കാന്‍ നീക്കം നടക്കുന്നത്. ഇതിനായി പോസ്റ്റുകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ഫീല്‍ഡ് ഓഫിസര്‍മാര്‍ക്ക് 2019 ജൂലൈ 29ന് വിതരണവിഭാഗം ഡയരക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കുന്നതിനുള്ള കെ- ഫോണ്‍ പദ്ധതിക്ക് ഇത് തിരിച്ചടിയാകുമെന്നാണ് തൊഴിലാളി സംഘടനകളുടെ വിമര്‍ശനം.
ഒരു പോസ്റ്റിന് 400 രൂപയോളം പ്രതിവര്‍ഷം വാടക കിട്ടുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. കെ- ഫോണ്‍ പദ്ധതി നടപ്പാക്കുന്ന സമയത്ത് ഈ കരാര്‍ അവസാനിപ്പിക്കാമെന്നും ബോര്‍ഡ് വിശദീകരിക്കുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ അടുത്ത ബോര്‍ഡ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അന്തിമ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."