പ്രതീക്ഷയോടെ ലക്ഷങ്ങളില്‍ ഇവരും
അപ്പര്‍ അസമിലെപ്പോലെയല്ല ലോവര്‍ അസമിലെ ജീവിതം. വികസനം കാണാനേ കഴിയില്ല. ടാറിട്ട റോഡുകള്‍ അപൂര്‍വമായേയുള്ളൂ. വെള്ളക്കെട്ടുകള്‍ക്ക് ചുറ്റും വളര്‍ന്നുനില്‍ക്കുന്ന മുളങ്കാടുകള്‍ക്കിടയില്‍ മുളപ്പായ് കൊണ്ട് നിര്‍മിച്ച വീടുകളില്‍ ദാരിദ്ര്യമാണ് മുഴച്ചുനില്‍ക്കുന്നത്. വെള്ളക്കെട്ടുകളില്‍ നിന്ന് മീന്‍പിടിച്ചും പിന്നിലെ വയലുകളില്‍ കൃഷി ചെയ്തും ജീവിക്കുന്നവരാണ് ലോവര്‍ അസമിലെ ജനങ്ങളില്‍ ഭൂരിഭാഗവും. തൊട്ടടുത്തുള്ള നദികളില്‍ ജലനിരപ്പുയരുന്നതോടെ വെള്ളം വീടിനുള്ളിലെത്തും. പിന്നിട് ദുരിതത്തിന്റെയും വറുതിയുടെയും കാലമാണ്. ഈ വറുതിയിലേക്കാണ് പൗരത്വം തെളിയിക്കുകയെന്ന ഭീഷണി കൂടി കയറിവന്നിരിക്കുന്നത്.
രേഖകളൊന്നും സമര്‍പ്പിക്കാത്തവരല്ല ഇപ്പോള്‍ കരട് പട്ടികയില്‍ നിന്ന് പുറത്തായവര്‍. ബാര്‍പേട്ട ജില്ലയിലെ ബര്‍മറ, ബയിഷയിലും ബഹാരിയിലും സന്ദര്‍ശിച്ച് സംസാരിച്ചവരെല്ലാം എല്ലാ രേഖയും സമര്‍പ്പിച്ചിട്ടുണ്ട്. പിന്നെന്തുകൊണ്ട് പുറത്തായെന്ന് ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല.രേഖകള്‍ എല്ലാം നല്‍കി ഇന്ന് പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ പേരുണ്ടാകുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ലക്ഷങ്ങളാണ് ഇവിടെയുള്ളത്. പട്ടികയില്‍ പേരില്ലെങ്കില്‍ പിന്നെന്തെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. ട്രൈബ്യൂണല്‍ കൂടി തള്ളിയാല്‍ പിന്നെ പോകാനുള്ളത് തടവുകേന്ദ്രമാണ്. ബയിഷയിലെ അബ്ദുല്‍ ആബിദിന്റെ കുടുംബത്തില്‍ എട്ടു മക്കളാണുള്ളത്. അതില്‍ അഞ്ചു പേരുടെ പേരുകള്‍ പട്ടികയില്‍ വന്നപ്പോള്‍ മൂന്നു പേര്‍ പുറത്തായി. എല്ലാവര്‍ക്കും ഒന്നിച്ചാണ് അപേക്ഷ നല്‍കിയത്. രേഖകള്‍ എല്ലാം ശരിയാണ്. എട്ടില്‍ അഞ്ചുപേരെ ഉള്‍പ്പെടുത്തിയത് ഈ രേഖകളുടെ അടിസ്ഥാനത്തിലാണല്ലോ. എന്നാല്‍ എന്തുകൊണ്ട് മൂന്നു പേര്‍ പുറത്തായെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു കുടുംബാംഗങ്ങളിലൊരാളായ അബ്ദുല്‍ ഹനാന്റെ മറുപടി. യു.പി സ്‌കൂള്‍ അധ്യാപകനായ ഹനാന്റെ പേരും പട്ടികയിലില്ല.
പരമ്പര ഭാഗം- 1: മരവിച്ച മനസുമായി അസം ശാന്തമാണ്
പരമ്പര ഭാഗം- 2: അക്ഷരത്തെറ്റ് മതി, പൗരനല്ലാതാവാന്‍
അബ്ദുല്‍ ആബിദ് ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. രേഖകളെല്ലാം നല്‍കിയതാണെന്ന് ഹനാന്‍ പറയുന്നു. രണ്ടു തവണ ഹിയറിങ്ങിനും ഹാജരായി. അപേക്ഷ നല്‍കുന്ന നാഗരിക സേവാ കേന്ദ്രത്തിലെ ജീവനക്കാര്‍ വരുത്തിയ പിഴവായിരിക്കാം താന്‍ പട്ടികയില്‍ ഉള്‍പ്പെടാതിരിക്കാന്‍ കാരണമെന്ന് ഹനാന്‍ പറയുന്നു. ഒരു ജീവനക്കാരന്‍ വരുത്തുന്ന പിഴവുകള്‍ക്ക് ഇവിടെ ജീവന്റെ വിലയുണ്ട്. ബയിഷയിലെ മുന്‍താസ് അലിയുടെ കുടുംബത്തില്‍ 13 അംഗങ്ങളാണുള്ളത്. എല്ലാവര്‍ക്കും അപേക്ഷ നല്‍കി. രേഖകള്‍ എല്ലാം കൈയിലുണ്ട്. ആരും കരട് പട്ടികയില്‍ വന്നില്ല. വീണ്ടും അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് കുടുംബം. അടുത്ത പട്ടികയില്‍ വന്നില്ലെങ്കില്‍ കുടുംബം മൊത്തം ട്രൈബ്യൂണല്‍ കേറിയിറങ്ങേണ്ടി വരും. അവിടെ നിന്നും നീതി കിട്ടിയില്ലെങ്കില്‍ പിന്നെ ചിന്തിക്കാന്‍ കൂടി വയ്യെന്ന് പറയുന്നു കുടുംബാംഗങ്ങളിലൊരാളായ മുനീര്‍ അലി. ഒരു കുടുംബം മൊത്തം തടവുകേന്ദ്രത്തിലാകും.സാധാരണ കൃഷിപ്പണി ചെയ്താണ് കുടുംബം ജീവിക്കുന്നത്.
എല്ലാ രേഖകളും തങ്ങള്‍ സമര്‍പ്പിച്ചതാണെന്നും പിഴവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായ ഗുലാഫി ബേഗം പറയുന്നു. രേഖകളുള്‍പ്പെടുന്ന വലിയൊരു ഫയല്‍ അവര്‍ കാണിച്ചു തന്നു. രണ്ടു തവണ അപേക്ഷ നല്‍കിയതിന്റെ എല്ലാ രേഖകളും അതിലുണ്ട്. ഒരു പിഴവും ആരും ചൂണ്ടിക്കാട്ടിയില്ല. പട്ടികയില്‍ പേരുവരാതിരിക്കാന്‍ കാരണമൊന്നുമില്ലായിരുന്നു. വീണ്ടും അപേക്ഷ നല്‍കിയ ശേഷം ഹിയറിങ്ങിന് വിളിപ്പിച്ചപ്പോഴും ഹാജരായി അടുത്ത പട്ടികയിലുണ്ടാകുമെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കുടുംബം.
ബര്‍മറയിലെ 50 പിന്നിട്ട മതിയാര്‍ റഹ്മാന്‍ ജില്ലാ പരിഷത്ത് അംഗമായിരുന്നു. 11 പേരുള്ള കുടുംബത്തിലെ അംഗങ്ങളിലൊരാളാണ് മതിയാര്‍. എന്നാല്‍ കുടുംബത്തിലെ ഒന്‍പത് പേരും പട്ടികയില്‍ വന്നപ്പോള്‍ മതിയാറും സഹോദരിയും പുറത്തായി.ബുര്‍ഹാന്‍ അലിയെന്നാണ് മതിയാറിന്റെ പിതാവിന്റെ പേര്. എന്നാല്‍ പൗരത്വപ്പട്ടികയുടെ ഡാറ്റാബേസില്‍ അത് ബുര്‍ഹാനുദ്ദീന്‍ എന്ന് തെറ്റായി ചേര്‍ത്തു. രണ്ടു പേരും ഒന്നാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോള്‍ ഉദ്യോഗസ്ഥര്‍ അംഗീകരിച്ചില്ല. സത്യവാങ്മൂലം നല്‍കിയപ്പോള്‍ അതും അംഗീകരിച്ചില്ല. ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണ സമിതി അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. സമാനമായ കേസുകളിലെല്ലാം അന്വേഷണ സമിതിയ്ക്ക് വിടുകയായിരുന്നു പതിവ്. എന്നാല്‍ അങ്ങനെയൊരു സമിതി രൂപീകരിച്ചില്ല. അന്വേഷണവും ഉണ്ടായില്ല. അതോടെ മതിയാന്‍ കരട് പട്ടികയില്‍ പുറത്തായി.
സമിതി രൂപീകരിക്കുമെന്ന് പറയുകയല്ലാതെ അസമിലെവിടെയും അത്തരത്തിലൊരു സമിതി രൂപീകരിച്ചിട്ടില്ലെന്ന് പറയുന്നു മതിയാര്‍. കൂടുതല്‍ രേഖകള്‍ ഉള്‍പ്പെടുത്തി വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ട്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയില്ലെന്നും മതിയാര്‍ പറയുന്നു. മതിയാറിന്റെ അയല്‍വാസികളും സുഹൃത്തുക്കളുമായ നിരവധി പേരും പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ട്.
അതിലൊരാളായ സഹ്‌റുല്‍ ഇസ്‌ലാം ഇപ്പോള്‍ ത്രിപുരയില്‍ ജോലി ചെയ്യുന്ന സി.ആര്‍.പി.എഫ് ഓഫിസറാണ്. അന്‍വര്‍ ഹുസൈന്‍ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകന്‍. മുജീബ് റഹ്മാന്‍ ബി.എസ്.എഫ് ഉദ്യോഗസ്ഥനാണ്. അബ്ദുല്‍ സലാം സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍. ഹിയറിങ്ങിന് വിളിക്കുമ്പോള്‍ 15 ദിവസം മുമ്പെങ്കിലും നോട്ടിസ് നല്‍കണമെന്നാണ് സുപ്രിംകോടതി നിര്‍ദേശം. എന്നാല്‍ 24 മണിക്കൂര്‍ മുമ്പാണ് പലര്‍ക്കും നോട്ടിസ് കിട്ടിയതെന്ന് മതിയാര്‍ പറയുന്നു. ധൃതി പിടിച്ചുള്ള യാത്രകാരണം പലരും റോഡപകടത്തില്‍ മരിച്ച സാഹചര്യമുണ്ടായെന്നും മതിയാര്‍ ചൂണ്ടിക്കാട്ടുന്നു.
അസമിലെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 1983ല്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് 1983ല്‍ അസമിനായി കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള അനധികൃത കുടിയേറ്റ (ഡിറ്റര്‍മിനേഷന്‍ ബൈ ട്രൈബ്യൂണല്‍) നിയമം വരുന്നത്. ഇതില്‍ തൃപ്തരാവാതെ യൂണിയന്‍ ശക്തമായ സമരം നടത്തി. അതിനു പിന്നാലെ പരിഹാരമായി 1985 ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി അസം കരാറുണ്ടാക്കി. ഇതിലെ 5.11 മുതല്‍ 5.9 വരെയുള്ള വ്യവസ്ഥകളായിരുന്നു പ്രധാനം.
1966 ജനുവരി ഒന്നിന് ശേഷം 1971 മാര്‍ച്ച് 25ന് അസമിലേക്ക് കുടിയേറിയവരെല്ലാം ഇന്ത്യന്‍ പൗരന്‍മാരാകുമെന്നായിരുന്നു വ്യവസ്ഥ. ഇതുസംബന്ധിച്ച് നിരവധി കേസുകള്‍ കീഴ്‌ക്കോടതികളിലും സുപ്രിംകോടതിയിലുമുണ്ടായിട്ടുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് 2016 ജനുവരി ഒന്നോടെ പൗരത്വപ്പട്ടിക പുതുക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. എന്നാലത് നാലു വര്‍ഷം നീണ്ടു. ഇടക്ക് കരട് പ്രസിദ്ധീകരിച്ചു. തിരുത്തലുകള്‍ വരുത്തി. അതിന്റെ അന്തിമ പട്ടികയാണ് ഇന്ന് വരുന്നത്. ഈ പട്ടികയ്ക്ക് വേണ്ടിയാണ് രാജ്യത്തിനൊപ്പം അസമിലെ ലക്ഷണക്കണിക്ക് കുടുംബങ്ങളും നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നത്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."