ആമസോണ്‍ കേരളത്തിനുള്ള മുന്നറിയിപ്പാണ്
ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ കാടുകള്‍ കത്തിത്തീര്‍ന്നുകൊണ്ടിരിക്കുകയാണ്. തീ പൂര്‍ണമായും അണയണമെങ്കില്‍ ഒക്ടോബര്‍വരെ കാത്തിരിക്കണമെന്നാണ് പറയപ്പെടുന്നത്. ബ്രസീലിലും ബൊളീവിയയിലുമായി പരന്നുകിടക്കുന്ന 10,000 ചതുരശ്ര കിലോമീറ്ററോളം പ്രദേശത്താണ് കാട്ടുതീ പടര്‍ന്നുകൊണ്ടിരിക്കുന്നത്. മഴ പെയ്യുന്നുണ്ടെങ്കിലും തീ അണയാന്‍ മാത്രം പര്യാപ്തമല്ല.
വനത്തിലെത്തും മുമ്പെ മഴ നീരാവിയായിതീരുന്നു. ഇടതടവില്ലാതെയും ശക്തിയായും വ്യാപകമായും മഴ കിട്ടിയാല്‍മാത്രമേ ഒക്ടോബര്‍ മാസത്തിലെങ്കിലും തീ അണയാന്‍ സാധ്യതയുള്ളൂ.
ഫ്രാന്‍സില്‍ ചേര്‍ന്ന ജി7 ഉച്ചകോടിയിലെ അംഗരാജ്യങ്ങള്‍ തീ അണയ്ക്കാന്‍ ബ്രസീലിന് രണ്ട് കോടി ഡോളര്‍ സഹായ വാഗ്ദാനം ചെയ്താണ്. ബാലിശമായ കാരണങ്ങള്‍ പറഞ്ഞു ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബൊല്‍സനാരോ പ്രസ്തുത സഹായ വാഗ്ദാനം നിരസിച്ചു. ഫ്രാന്‍സ് പ്രസിഡന്റായ ഇമ്മാനുവല്‍ മാക്രോണ്‍ തനിക്കെതിരേ വ്യക്തിപരമായ ആരോപണം ഉന്നയിച്ചുവെന്ന് പറഞ്ഞാണ് ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സൊനാരോ സഹായ വാഗ്ദാനം നിരസിച്ചത്. വിവരദോഷികളായ ആളുകള്‍ ഭരണാധികാരികളായാല്‍ ഉണ്ടാകാവുന്ന ദുരന്തങ്ങള്‍ക്ക് ഉദാഹരണമാണ് ബൊല്‍സനാരോ.
ലോകത്തിന് ശുദ്ധവായു നല്‍കുന്ന ആമസോണ്‍ മഴക്കാടുകള്‍ കത്തിത്തീരുമ്പോള്‍ വാഗ്ദാനം ചെയ്യപ്പെടുന്ന സഹായം വ്യക്തിപരമായി ആക്ഷേപിച്ചു എന്ന് വിലപിച്ച് നിരസിക്കുന്നത് ഒരു ഭരണാധികാരിയുടെ വിവരക്കേടായി മാത്രമേ കാണാനാകൂ. ഇത്തരം വിവരംകെട്ട ഭരണാധികാരികളാണ് ഇന്ന് മിക്കരാഷ്ട്രങ്ങളും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ മൂലഹേതു.
പെറുവിന്റെ അതിര്‍ത്തി പ്രദേശത്തോട് ചേര്‍ന്ന്കിടക്കുന്ന ആമസോണില്‍ കഴിഞ്ഞ വര്‍ഷമുള്ളതിന്റെ ഇരട്ടിതവണയാണ് ഈ പ്രാവശ്യം കാട്ടുതീ ഉണ്ടായിരിക്കുന്നത്. തെക്കെ അമേരിക്കയിലെ ആമസോണ്‍ പ്രദേശത്ത് പരന്നുകിടക്കുന്ന 665 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഈ വനപ്രദേശത്തോട് കിടപിടിക്കുന്ന മഴക്കാടുകള്‍ ആഫ്രിക്കയിലോ ഏഷ്യന്‍ രാജ്യങ്ങളിലോ ഇല്ല. ഒമ്പത് രാജ്യങ്ങളിലായി പടര്‍ന്ന്കിടക്കുന്ന ഈ വനപ്രദേശം ഭൂരിഭാഗവും ബ്രസീലിലാണ്. 60 ശതമാനത്തോളം. പത്ത് ശതമാനം മാത്രമേ വരൂ ബൊളിവിയയിലെ ആമസോണ്‍ വനപ്രദേശങ്ങള്‍ക്ക്.
16000 വ്യത്യസ്ത സസ്യലതാധികളും ജന്തുവര്‍ഗങ്ങളും അധിവസിക്കുന്ന ഇവിടെ 39,000 കോടി മരങ്ങളാണുള്ളത്. അതിനാലാണ് ഈ വനപ്രദേശം ലോകത്തിന്റെ ജൈവ വൈവിധ്യങ്ങളുടെ കലവറയായിത്തീരുന്നതും. ബ്രസീലില്‍ കാട്ടുതീ പതിവാണ്. ഇത് സ്വാഭാവികമായി ഉണ്ടാകുന്നതല്ല. കേരളത്തിലെപ്പോലെ ഭരണവര്‍ഗങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങളാണ് ആമസോണ്‍ കാടുകളുടെ അന്ത്യം കുറിച്ചുകൊണ്ടിരിക്കുന്നത്. ആമസോണ്‍ വനങ്ങളില്‍ എണ്ണഖനനത്തിനായി വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് അനുമതി കൊടുത്ത ഭരണാധികാരിയാണ് ബ്രസീല്‍ പ്രസിഡന്റ്.
ഖനനത്തിനെതിരേ അവിടത്തെ ആദിവാസി സമൂഹം ഒറ്റക്കെട്ടായി കേസ് കൊടുക്കുകയും അവര്‍ വിജയിക്കുകയും ചെയ്തു. 5,00,000 ഏക്കര്‍ വനഭൂമിയാണ് ഇങ്ങനെ രക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്. കേരളത്തില്‍ പ്രകൃതി ദുരന്ത ഭീഷണി നേരിടുന്ന തദ്ദേശവാസികള്‍ക്ക് ഈ മാര്‍ഗം സ്വീകരിക്കാവുന്നതാണ്. കൃഷി ചെയ്യാനുള്ള അനുമതിയുടെ പേരില്‍ വന്‍തോതിലാണ് ആമസോണ്‍ കാടുകള്‍ വെട്ടിത്തെളിക്കാന്‍ ബ്രസീല്‍ പ്രസിഡന്റ് അനുമതി നല്‍കിയത്. അനുമതിയുടെ ബലത്തില്‍ അപൂര്‍വയിനം മരങ്ങളും സസ്യലതാധികളും വെട്ടിനശിപ്പിക്കുകയും തീയിടുകയും ചെയ്യുന്നു. വനനശീകരണംമൂലം അപൂര്‍വയിനത്തില്‍പെടുന്ന പലതരം ജന്തുജാലങ്ങളും ഇവിടെ നാമാവശേഷമായിട്ടുണ്ട്. മഴക്കാടുകളാണ് ജൈവവൈവിധ്യത്തിന്റെ സിരാകേന്ദ്രങ്ങള്‍. ഇതില്‍ ആമസോണ്‍ തന്നെയാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതും. 25 ലക്ഷം പ്രാണിവര്‍ഗങ്ങളും പതിനായിരക്കണക്കിന് സസ്യവര്‍ഗങ്ങളും 2000ത്തിലധികം പക്ഷികളും 2,200 തരം മീനുകളും ഇവിടെയുണ്ട്.
മഴക്കാടുകളിലെ മരങ്ങളുടെ പച്ചഇലകളുടെ അളവ് ഋതുമാറ്റത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുകയും സൂര്യപ്രകാശം പരമാവധികിട്ടുന്ന കാലത്ത് ഇലച്ചാര്‍ത്തുകള്‍ വളരെയേറെ ഉണ്ടാവുകയും ചെയ്യും. മേഘം മൂടുന്ന നനഞ്ഞകാലത്ത് ഇലപൊഴിയുകയും ചെയ്യും. ഈ മാറ്റങ്ങള്‍ വഴിയാണ് ലോകത്തിന്റെ കാര്‍ബണ്‍ ബാലന്‍സ് നിലനിര്‍ത്തുന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇത്തരം വിഷയങ്ങളില്‍ വിവരമില്ലാത്ത ഭരണാധികാരികളാണ് പ്രകൃദത്തമായ ആവാസ വ്യവസ്ഥയുടെ ഘാതകരായി മാറുന്നത്. ഏകദേശം 90-140 ബില്യന്‍ ടണ്‍ കാര്‍ബണ്‍ ആണ് കേരളത്തിന്റെ 138 ഇരട്ടി വലിപ്പമുള്ള ആമസോണ്‍ കാടുകളില്‍ ശേഖരിച്ചുവെച്ചിരിക്കുന്നത്. ആമസോണ്‍ കത്തിത്തീരുമ്പോള്‍ ഈ കാര്‍ബണ്‍ഡൈ ഓക്‌സൈഡുകള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നു. ഇപ്പോഴത്തെ കാട്ടുതീയില്‍ 228 മെഗാടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡാണ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളിയിരിക്കുന്നത്. മാത്രമല്ല കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന വിഷവാതകവും കാട്ടുതീയുടെ ഫലമായി പുറത്തേക്ക് തള്ളുന്നു. മുഴുവന്‍ മനുഷ്യരാശിയുടെയും നാശത്തിനാണ് മനുഷ്യ നിര്‍മിതമായ ഇത്തരം അത്യാഹിതങ്ങള്‍ ഇടവരുത്തുന്നത്.
കേരളത്തിന്റെ സ്ഥിതിയും മറിച്ചല്ല. മിതശീതോഷ്ണ മേഖലയായിരുന്ന കേരളം ഇന്ന് വരള്‍ച്ചയാലും പ്രളയത്താലും നശിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അതിന്റെ മുഖ്യകാരണക്കാര്‍ മാറിമാറിവന്ന സര്‍ക്കാരുകളാണ്. രണ്ടാം പ്രളയം കഴിഞ്ഞ ഉടനെതന്നെ ഇടത് മുന്നണി സര്‍ക്കാര്‍ മലപ്പുറം ഒഴികെയുള്ള ജില്ലകളിലെ ക്വാറികള്‍ക്ക് ഖനനാനുമതി നല്‍കി. പുതിയ ക്വാറികള്‍ക്കുള്ള 1029 അപേക്ഷകള്‍ ഇപ്പോള്‍ സംസ്ഥാന പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ അതോറിറ്റിയുടെ പരിഗണനയിലാണ്. നാളെ ഇതില്‍ പലര്‍ക്കും അനുമതി കിട്ടിക്കൂടായ്കയില്ല.
മൂന്നാമതൊരു പ്രളയം അടുത്ത ഓഗസ്റ്റില്‍ ഉണ്ടായാല്‍ അത്ഭുതപ്പെടേണ്ടതുമില്ല. ക്വാറികള്‍ക്ക് അനുമതി നല്‍കുകയും ഫാബ്രിക്കേറ്റഡ് കെട്ടിടങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തില്‍നിന്നും സാധാരണ ജനങ്ങളുടെ സ്വത്തുക്കള്‍ക്കും വീടുകള്‍ക്കും ജീവനും സംരക്ഷണം കിട്ടണമെന്നില്ല. ഗാഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍ മുഴുവന്‍ തള്ളേണ്ടതില്ലെന്നാണ് ഈയിടെ ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതിയുടെ അഭിപ്രായം. അതായത് ഭാഗികമായി തള്ളാമെന്ന്. ഇത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും ഉണ്ടാകുമ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ജനകീയ ദുരന്ത പ്രതിരോധ സേനകള്‍ ഉണ്ടായിട്ടെന്ത് ഫലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."