വ്യാജ ലൈസന്‍സ്; കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്
തളിപ്പറമ്പ്: വ്യാജ ലൈസന്‍സ് പിടികൂടിയ സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി തളിപ്പറമ്പ് ആര്‍.ടി.ഒ അധികൃതര്‍. കഴിഞ്ഞ ദിവസം ശ്രീകണ്ഠപുരത്ത് വാഹന പരിശോധനക്കിടെ പിടിയിലായ കേളകം സ്വദേശി ജോര്‍ജ്കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നു വ്യാജ ലൈസന്‍സ് ലോബിയെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്‍പതോളം പേരും നിരവധി സാധനങ്ങളുമായി അമിത വേഗതയില്‍ പോകുന്നത് കണ്ടാണ് എം.വി.ഐ വാഹനം തടഞ്ഞത്. ലൈസന്‍സ് പരിശോധിച്ചപ്പോഴാണ് 2012ല്‍ മണിപ്പൂരില്‍ നിന്നു എടുത്ത ലെസന്‍സാണെന്നു മനസിലായത്. കേളകത്തെ ഒരു ഡ്രൈവിങ് സ്‌കൂള്‍ അധികൃതരാണ് തനിക്ക് ലൈസന്‍സ് സംഘടിപ്പിച്ചു തന്നതെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ ലൈസന്‍സ് ഉപയോഗിച്ചാണ് ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെ ഓടിച്ചിരുന്നതെന്നും ഇയാള്‍ സമ്മതിച്ചു. ഓടിച്ചിരുന്ന വാഹനം ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തിരുന്നു.
10,000 രൂപ നല്‍കിയാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ പേരിലുള്ള ലൈസന്‍സുകള്‍ സംഘടിപ്പിച്ച് നല്‍കുന്ന ചില ഡ്രൈവിങ് സ്‌കൂള്‍ ഉടമകളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ടെസ്റ്റില്‍ പങ്കെടുക്കുകയോ വാഹനമോടിച്ച് കാണിക്കുകയോ ചെയ്യാതെ പണം മുടക്കിയാല്‍ എളുപ്പത്തില്‍ ലൈസന്‍സ് കൈയില്‍ കിട്ടും. ആയിരക്കണക്കിനാളുകള്‍ ഈ ലൈസന്‍സുകള്‍ ഉപയോഗിച്ച് കേരളത്തില്‍ വാഹനമോടിക്കുന്നുണ്ടത്രേ. ലൈസന്‍സ് വ്യവസ്ഥകള്‍ ഒഴിവായിക്കിട്ടുന്നതിന് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ വ്യാജന് പിറകെ പോകുന്നതായിട്ടാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. ഇരിട്ടി, കേളകം, മട്ടന്നൂര്‍ പ്രദേശങ്ങളിലെ പലരും ഇത്തരം ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ലൈസന്‍സ് കൃത്രിമമായി നിര്‍മിച്ചതാണെന്ന് വ്യക്തമായതിനാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പിടിച്ചെടുത്ത രേഖ സഹിതം തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് പരാതി കൈമാറിയതായി ജോ. ആര്‍.ടി.ഒ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കേരളത്തിന് പുറത്തു നിന്നുള്ള ലൈസന്‍സുകള്‍ ഒറിജിനലാണോ എന്നറിയാന്‍ എളുപ്പമല്ലാത്തത് ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. ഇത്തരം ലൈസന്‍സ് ഉപയോഗിച്ച് നാട്ടില്‍ സ്ഥിരമായി വാഹനം ഓടിക്കുന്നവര്‍ നിശ്ചിത സമയത്തിനുള്ളില്‍ നാട്ടിലെ അഡ്രസിലേക്ക് മാറ്റണമെന്ന വ്യവസ്ഥ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സീകരിക്കുമെന്നും ആര്‍.ടി.ഒ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."