ഖബര്‍സ്ഥാന്‍ വിലക്കിയ സംഭവം: മുജാഹിദ് നേതൃത്വം പ്രതിസന്ധിയില്‍
മലപ്പുറം: മുസ്‌ലിം സ്ത്രീയുടെ ഖബറടക്കത്തിനു വിലക്കേര്‍പ്പെടുത്തിയ സലഫി മഹല്ല് കമ്മിറ്റിയുടെ നടപടിയെ ചൊല്ലി മുജാഹിദ് നേതൃത്വം പ്രതിസന്ധിയില്‍. മലപ്പുറം ജില്ലയിലെ പുത്തൂര്‍ പള്ളിക്കലില്‍ മുജാഹിദ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള മഹല്ലിലാണ് സുന്നി കുടുംബാംഗമെന്ന കാരണമുന്നയിച്ച് സ്ത്രീയുടെ ഖബറടക്കം തടഞ്ഞത്.
കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. കേരളത്തിലെ ഭൂരിപക്ഷ മുസ്‌ലിം മഹല്ല് ഖബര്‍സ്ഥാനുകളുടെയും പരിപാലനം സുന്നി ആദര്‍ശമനുസരിച്ചാണെന്നിരിക്കേ, ആശയ ഭിന്നതയിലുള്ള മുജാഹിദ് വിഭാഗം ഉള്‍പ്പെടെയുള്ളവര്‍ക്കുപോലും പള്ളി ഖബര്‍സ്ഥാന്‍ വിലക്കാറില്ല. അതേസമയം, പുത്തൂരില്‍ സലഫി വിഭാഗത്തിന്റെ മനുഷ്യാവകാശ ലംഘനത്തിനെതിരേ പൊതുവികാരം ഉയര്‍ന്നിട്ടുണ്ട്. സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും നിലപാട് വിശദീകരിക്കാനാവാതെ മുജാഹിദ് സംസ്ഥാന നേതൃത്വം വെട്ടിലായിരിക്കുകയാണ്.
പുത്തൂരില്‍ താമസിക്കുന്ന കോഴിക്കോട് മാറാട് സ്വദേശിയായ കുടുംബാംഗമായ സ്ത്രീയാണ് മരണപ്പെട്ടത്. സമീപത്തെ ഖബര്‍സ്ഥാനുള്ള മഹല്ല് മുജാഹിദ് വിഭാഗത്തിന്റേതാണ്. ഇവിടെ ഖബറടക്കത്തിനായി അപേക്ഷിച്ചതോടെ മുജാഹിദ് നേതൃത്വം വിലക്കുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് തേഞ്ഞിപ്പലം പൊലിസ്, മലപ്പുറം ഡിവൈ.എസ്.പി എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നു. എന്നാല്‍ മുജാഹിദ് വിഭാഗത്തിന്റെ കടുത്ത തീരുമാനം കാരണം രാത്രി വെകിയിട്ടും മറവ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായില്ല. തുടര്‍ന്ന് അര്‍ധരാത്രിയോടെ അടുത്ത പ്രദേശത്തെ പരുത്തിക്കോട് മഹല്ല് ഖബര്‍സ്ഥാനിലാണ് മറവു ചെയ്തത്.
സുന്നി ആശയമനുസരിച്ച് സ്ഥാപിച്ച പുത്തൂര്‍ പള്ളിക്കല്‍ മസ്ജിദ് പില്‍ക്കാലത്താണ് മുജാഹിദ് വിഭാഗം ഭരണസമിതിക്കു കീഴിലായത്. പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ഖബര്‍സ്ഥാന്‍ പോലും ഒരു വിഭാഗത്തിനു നിഷേധിക്കുന്ന നടപടിക്കെതിരേ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."