കുട്ടികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ കത്തും നെയിംസ്ലിപ്പുകളും 16ന് കിട്ടും
ചെറുവത്തൂര്‍: പരിസ്ഥിതി സ്‌നേഹം വളര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തുകള്‍ 16 ന് കുട്ടികളുടെ കൈകളിലെത്തും. ഒപ്പം നെയിംസ്ലിപ്പുകളും സമ്മാനമായി ലഭിക്കും. കത്തിന്റെ 40 ലക്ഷത്തോളം കോപ്പികളും, രണ്ടു കോടിയോളം നെയിംസ്ലിപ്പുകളും ബി.ആര്‍.സി കള്‍ വഴിയാണ് കുട്ടികളില്‍ എത്തിക്കുന്നത്. കാടും മലയും കുളവും പുഴയും വയലും കായലും അറബിക്കടലും ചേര്‍ന്ന് പ്രകൃതി അനുഗ്രഹിച്ച സുന്ദരമായ കേരളം കൂടുതല്‍ സുന്ദരമാക്കിയാല്‍ എങ്ങനെയായിരിക്കും എന്ന് മുഖ്യമന്ത്രി കത്തിലൂടെ ചോദിക്കുന്നു. നല്ല ശീലങ്ങളിലൂടെ നല്ല പൗരന്മാരായി വളര്‍ന്നു നാടിനു വെളിച്ചവും മാതൃകയും ആകണമെന്ന നിര്‍ദേശത്തോടെയാണ് കത്ത് അവസാനിക്കുന്നത്.
16 ന് രാവിലെ വിദ്യാലയങ്ങളില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് മുഖ്യമന്ത്രിയുടെ സന്ദേശം പ്രധാനാധ്യാപകന്‍ വായിച്ചു കേള്‍പ്പിക്കും. തുടര്‍ന്ന് നെയിംസ്ലിപ്പുകളും കത്തുകളും കുട്ടികള്‍ക്ക് വിതരണം ചെയ്യും. കത്ത് വായിച്ച ശേഷം പേരും സ്‌കൂള്‍ വിലാസവും സഹിതം പ്രധാനാധ്യാപകന്‍ മുഖേന മുഖ്യമന്ത്രിക്ക് മറുപടിയയക്കാം. മികച്ചതെന്നു തോന്നുന്ന പ്രതികരണങ്ങള്‍ പ്രധാനാധ്യാപകര്‍ ഫോട്ടോ കോപ്പിയെടുത്ത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കണം. ഓരോ ജില്ലയിലെയും മികച്ച പ്രതികരണങ്ങള്‍ക്ക് പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തില്‍ സമ്മാനവും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."