എല്‍.ഡി.എഫ് മുമ്പേ ഇറങ്ങി: കേരള കോണ്‍ഗ്രസിലെ പോരില്‍ യു.ഡി.എഫില്‍ അനിശ്ചിതത്വം, നിഷതന്നെ സ്ഥാനാര്‍ഥിയായേക്കും
പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ ഇന്ന് പത്രിക സമര്‍പ്പിച്ചു. അപ്പോഴും കേരള കോണ്‍ഗ്രസിലെ ഉരുള്‍പൊട്ടലിനു ശമനമായില്ല. ജോസഫ് വിഭാഗവും ജോസ്.കെ മാണി വിഭാഗങ്ങളും പോരടിക്കുകതന്നെയാണ്. സ്ഥാനാര്‍ഥി ആരാണെന്നതും ചിഹ്നവും പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും മറ്റാരും ഇതില്‍ ഇടപെടേണ്ടതില്ലെന്നുമാണ് പി.ജെ ജോസഫിന്റെ അഭിപ്രായത്തോട് ജോസ്.കെ മാണി വിഭാഗം തിരിച്ചടിച്ചത്. ഇക്കാര്യം യു.ഡി.എഫ് ഉപസമിതിയില്‍ അറിയിക്കുമെന്നും ജോസ് കെ.മാണി വിഭാഗം അറിയിച്ചു.
സ്ഥാനാര്‍ഥി മാണി കുടുംബത്തില്‍ നിന്നുതന്നെവേണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അവര്‍. ജോസ് കെ.മാണിക്ക് മത്സരിക്കാനാകില്ലെങ്കില്‍ നിഷ മത്സരിക്കണമെന്ന കാര്യത്തില്‍ നിന്നും അവര്‍ പിന്നോട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ജോസ് കെ. മാണി- പി.ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ രൂപീകരിച്ച യു.ഡി.എഫ് ഉപസമിതി ഇന്ന് ചേരാനിരിക്കെയാണ് തര്‍ക്കം മുറുകുന്നത്. എങ്കിലും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ യു.ഡി.എഫ് ഉപസമിതിയില്‍ പരിഹരിക്കപ്പെടുമെന്ന് ജോസ് കെ മാണി പറഞ്ഞു. ഉപസമിതി യോഗത്തോടെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്ന് തന്നെയാണ് യു.ഡി.എഫ് നേതൃത്വവും പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഇരു വിഭാഗത്തിന്റെയും തുറന്നപോര് ഇന്ന് പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നുതന്നെയാണ് വ്യക്തമായ സൂചന നല്‍കുന്നത്. ചൊവ്വാഴ്ച മാത്രമേ പ്രശ്‌ന പരിഹാരത്തിന് സാധ്യത തെളിയൂ എന്നതാണ് ഒടുവിലെത്തെ വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."