രാഹുല്‍ നിലമ്പൂരിനെ അവഗണച്ചു: പിന്നില്‍ മുന്‍ മന്ത്രിയും മകനുമടക്കമുള്ളവരെന്ന് തുറന്നടിച്ച് പി.വി അന്‍വര്‍
നിലമ്പൂര്‍: വയനാട് എം.പി രാഹുല്‍ ഗാന്ധി നിലമ്പൂരിനോട് അവഗണന കാണിച്ചുവെന്നും ഇതിനു പിന്നില്‍ കോണ്‍ഗ്രസിലെ മുന്‍ മന്ത്രിയും മകനുമടക്കമുള്ള നേതാക്കളാണെന്നും തുറന്നടിച്ച് പി.വി അന്‍വര്‍ എം.എല്‍.എ.
പ്രളയം തകര്‍ത്തെറിഞ്ഞ മണ്ഡലമായ നിലമ്പൂരില്‍ 61 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. നൂറുകണക്കിനാളുകള്‍ ഭവനരഹിതരായിട്ടുണ്ട്. പുനരധിവാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പിന്തുണ അഭ്യര്‍ഥിക്കാന്‍ എം.പിയുടെ അപ്പോയിന്‍മെന്റ് ആവശ്യപ്പെട്ടിട്ടും കാണാനുള്ള അവസരം മുടക്കിയതും കോണ്‍ഗ്രസ് നേതാക്കളാണ്. അന്‍വര്‍ ആരോപിക്കുന്നു. രാഹുലിന്റെ പരിപാടികള്‍ ഒപ്പമുള്ള നേതാക്കന്മാരാണ് വഴിതിരിച്ചുവിടുന്നത്.
ആള്‍നാശം ഉണ്ടായിട്ടില്ലാത്ത, വണ്ടൂര്‍ മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം എം.പി മമ്പാട് വിളിച്ച് ചേര്‍ത്തു. ഏറനാടും ജനപ്രതിനിധികളുടെ യോഗം അരീക്കോട്ടും എം.പി വിളിച്ചു.
എന്നാല്‍ 61പേര്‍ മരിച്ച നിലമ്പൂരില്‍ ഇത്തരത്തില്‍ ഒരു യോഗം പോലും വിളിക്കാന്‍ എം.പി തയാറായിട്ടില്ല. കഴിഞ്ഞ തവണ എത്തിയപ്പോള്‍ നിലമ്പൂരിലെ സ്ഥിതിഗതികള്‍ എം.പി.എന്ന നിലയ്ക്ക് രാഹുല്‍ അന്വേഷിച്ചില്ല. അതിനാലാണ് ഇത്തവണ മുന്‍കൂട്ടി അനുവാദം വാങ്ങി കാണാന്‍ ശ്രമിച്ചത്. സ്വന്തം മണ്ഡലത്തില്‍ നടക്കുന്നത് എന്തെന്ന് എം.പിക്ക് കാര്യമായ ധാരണയില്ലെന്ന് വ്യക്തമാണ്. ചുറ്റും നടക്കുന്ന നേതാക്കള്‍ പറയുന്നത് മാത്രം കേള്‍ക്കലാണോ ജനങ്ങള്‍ തിരഞ്ഞെടുത്ത എം.പിയുടെ ഉത്തരവാദിത്വമെന്നും എഫ്.ബിയിലിട്ട പോസ്റ്റിലും അന്‍വര്‍ ചോദിക്കുന്നു.
വ്യക്തിപരമായ കാര്യങ്ങള്‍ക്കല്ല, നിലമ്പൂരിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എം.പിയുടെ മുന്നില്‍ അവതരിപ്പിക്കാനാണ് അദ്ദേഹത്തെ തേടി പോയത്. നിലമ്പൂരിലെ ജനങ്ങള്‍ അദ്ദേഹത്തോടോ അദ്ദേഹത്തിന്റെ നേതാക്കളോടോ എന്ത് തെറ്റ് ചെയ്തു എന്ന് വ്യക്തമാക്കണം. മികച്ച ഭൂരിപക്ഷം നല്‍കിയ നിലമ്പൂരിലെ ജനങ്ങളോട് ധാര്‍മികമായി എം.പിക്ക് യാതൊരുവിധ ബാധ്യതകളുമില്ലേ എന്നും അന്‍വര്‍ ചോദിക്കുന്നു. എല്ലാം നഷ്ടപ്പെട്ട നിലമ്പൂരിലെ ജനങ്ങള്‍ ഇനി ദില്ലിയിലേക്ക് വണ്ടികയറണോ എം.പിയെ കാണാനെന്നും എം.എല്‍.എ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."