ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിയ സംഭവം: ഒമ്പത് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊച്ചി:വടുതലയില്‍ വ്യാഴാഴ്ച രാത്രി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിയ സംഭവത്തില്‍ ഒമ്പത് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
ഡി.വൈ.എഫ്.ഐ എറണാകുളം ബ്ലോക്ക് വൈസ് പ്രസിഡന്റും വടുതല ലോക്കല്‍ കമ്മിറ്റി അംഗവുമായ എം.എം ജിനീഷിനെ (34) കുത്തിയ കേസില്‍ ബി.ജെ.പി എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് കലൂര്‍ ചേര്‍ത്തേടത്ത് വീട്ടില്‍ സി.ജി രാജഗോപാല്‍, വടുതല കളരിക്കല്‍ വീട്ടില്‍ ബിനോജ് (42), പുളയനാത്ത് വീട്ടില്‍ മുരുകന്(34), വേലിപറമ്പത്ത് വീട്ടില്‍ രഞ്ജിത്ത് , പച്ചാളം കോലോത്ത് വീട്ടില്‍ ബിനില്‍, വടുതല വട്ടത്തിപറമ്പ് വീട്ടില്‍ ശശികുമാര്‍, തെരുവില്‍പറമ്പില്‍ ഷൈജു, കടവുകാട് വീട്ടില്‍ അനുദാസ്, പച്ചാളം കൃഷ്ണ കൃപയില്‍ അബിജു സുരേഷ് എന്നിവരെയാണ് നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തത്.
വീടുകളില്‍ നിന്നും ജില്ലയുടെവിവിധ ഭാഗങ്ങളില്‍ നിന്നുമാണ് ഇവരെ അറസ്റ്റ്ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഈ മാസം 23 വരെ റിമാന്‍ഡ് ചെയ്തു. സംഭവത്തിലെ പ്രധാന പ്രതിയായ ബി.ജെ.പി പ്രവര്ത്തകന് വടുതല സ്വദേശി അനില്‍ ഇതുവരെ പിടിയിലായിട്ടില്ല.
ഇയാളാണ് ജിനീഷിനെ കുത്തിയത്. ജിനീഷിന് പുറത്തും തോളിലുമാണ് കുത്തേറ്റത്. ശസ്ത്രക്രിയക്ക് ശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ജിനീഷ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡല്‍ഹി എ.കെ.ജി ഭവനില്‍ സീതാറാം യെച്ചൂരി അക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് സി.പി.എം വടുതല ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകിട്ട് പ്രതിഷേധം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധം നടത്തുകയായിരുന്നു.
പ്രകടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി.പി.എം പ്രവര്‍ത്തകരെയാണ് ബി.ജെ.പിക്കാര്‍ അക്രമിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് വടുതലയില്‍ ഡി.വൈ.എഫ്.ഐ ഹര്‍ത്താല്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."