നിഷയെ സ്ഥാനാര്‍ഥിയാക്കാനുറച്ച് ജോസ് കെ.മാണി വിഭാഗം
ബാസിത് ഹസന്‍
തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ. മാണിയെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കേണ്ടിവന്നാലും പി.ജെ ജോസഫിന് വഴങ്ങേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ തീരുമാനം. യു.ഡി.എഫിലെ പ്രബല വിഭാഗത്തിന്റെ പിന്തുണയോടെയാണ് ജോസ് കെ. മാണി ഇത്തരം നീക്കം നടത്തുന്നത്. ഉമ്മന്‍ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, ബെന്നി ബഹനാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ യു.ഡി.എഫ് നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തുകഴിഞ്ഞു.
പാര്‍ട്ടിയില്‍ പി.ജെ ജോസഫിന്റെ നേതൃത്വം അംഗീകരിച്ചാല്‍ മാത്രം ചിഹ്നം അനുവദിച്ചാല്‍ മതിയെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. കൂടാതെ ജോസഫിനെ ചെയര്‍മാനാക്കണം. മത്സരിക്കാന്‍ തങ്ങള്‍ക്കുകൂടി സ്വീകാര്യനായ വ്യക്തിവരണമെന്നും ജോസഫ് വിഭാഗം ഇന്നലെ തൊടുപുഴയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശംവച്ചു. അതേസമയം, നിഷ ജോസ് കെ.മാണി മത്സരിക്കുന്നതില്‍ പരസ്യ നിലപാട് ഇല്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു. സ്ഥാനാര്‍ഥിയെ ഇന്ന് നിശ്ചയിക്കുമെന്നും ജോസഫ് വ്യക്തമാക്കി. പാര്‍ട്ടി അംഗത്വം പോലുമില്ലാത്ത നിഷയെ വേണ്ടെന്നുതന്നെയാണ് ജോസഫ് വിഭാഗത്തിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. നിഷയെ പിന്തുണയ്ക്കരുതെന്നും ശക്തമായി എതിര്‍ക്കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.
എന്നാല്‍, ജോസഫിന്റെ ഭീഷണിക്ക് വഴങ്ങാതെ നിഷയെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് ജോസ് കെ.മാണി വിഭാഗത്തിന്റെ നീക്കം. സ്ഥാനാര്‍ഥിയാകാന്‍ പാര്‍ട്ടി അംഗത്വം വേണമെന്നില്ലെന്ന ജോസ് കെ. മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ പ്രതികരണം ഇതാണ് വ്യക്തമാക്കുന്നത്. വോട്ടര്‍പട്ടികയില്‍ പേരുണ്ടായാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പി.ജെ ജോസഫിനെ ജോസ് കെ. മാണി വിഭാഗം അംഗീകരിക്കുമോയെന്ന് കണ്ടറിയണം. പാര്‍ലമെന്റ് സീറ്റ് തര്‍ക്കത്തിലുള്‍പ്പെടെ വെല്ലുവിളികള്‍ക്കൊടുവില്‍ പലപ്പോഴും കീഴടങ്ങുന്നതാണ് പി.ജെ ജോസഫിന്റെ രീതി. ഇത്തവണയെങ്കിലും അതിനൊരു മാറ്റമുണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്. സ്ഥിരം കീഴടങ്ങലില്‍ ജോസഫിന്റെ അണികള്‍ കടുത്ത നിരാശയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."