റയലിനും യുവന്റസിനും ജയം
ലണ്ടണ്ടന്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോളിലെ ചൂടന്‍ പോരാട്ടങ്ങളില്‍ യുവന്റസിനും റയല്‍ മാഡ്രിഡിനും ജയം. ഗ്രൂപ്പ് എച്ചിലെ ആവേശകരമായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തിയത്. 17-ാം മിനുട്ടില്‍ അര്‍ജന്റൈന്‍ താരം പൗലോ ഡിബാലയുടെ വകയായിരുന്നു വിധി നിര്‍ണയിച്ച ഗോള്‍. യുവന്റസ് ജഴ്സിയില്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ പഴയ തട്ടകത്തില്‍ കളിച്ച ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ആദ്യ ഗോളിന് ചരടുവലിച്ച റൊണാള്‍ഡോയ്ക്ക് തന്റെ യഥാര്‍ഥ മികവ് പുറത്തെടുക്കാനായില്ല.
യുനൈറ്റഡ് താരങ്ങളാല്‍ കൃത്യമായി മാര്‍ക്ക് ചെയ്യപ്പെട്ടതോടെയാണ് ക്രിസ്റ്റ്യാനോ കുഴങ്ങിയത്.
കളിയുടെ ആദ്യ പകുതിയില്‍ യുവന്റസിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. അറ്റാക്കിങ് ഫുട്ബോളിലൂടെ അവര്‍ യുനൈറ്റഡ് പ്രതിരോധത്തെ കീറിമുറിച്ചു. ഗോള്‍കീപ്പര്‍ ഡേവിഡ് ഡിഹിയയുടെ തകര്‍പ്പന്‍ സേവുകളാണ് ഒന്നാംപകുതിയില്‍ യുവന്റസിന്റെ ലീഡ് ഒരു ഗോളിലൊതുക്കിയത്. രണ്ടാം പകുതിക്ക് ശേഷം യുനൈറ്റഡ് ഉണര്‍ന്നു കളിച്ചെങ്കിലും പന്ത് വലയിലെത്തിക്കാനായില്ല. ലുക്കാക്കുവും റാഷ്ഫോര്‍ഡും മാര്‍ഷ്യലും ചേര്‍ന്ന് തുടരെ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും യുവന്റസ് പ്രതിരോധത്തില്‍ തട്ടി ശ്രമങ്ങളെല്ലാം തകരുകയായിരുന്നു. ഗ്രൂപ്പ് എച്ചില് മൂന്ന് ജയവുമായി യുവന്റസ് ഒന്നാം സ്ഥാനത്തെത്തി. നാലു പോയിന്റുള്ള യുനൈറ്റഡാണ് രണ്ടാം സ്ഥാനത്ത്.
ഗ്രൂപ്പ് ഇയില്‍ ബയേണ്‍ മ്യൂണിക്ക് 2-0ന് എ.ഇ.കെ ഏതന്‍സിനെയും അയാക്സ് 1-0ന് ബെന്‍ഫിക്കയെയും പരാജയപ്പെടുത്തി.
ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തില്‍ വലന്‍സിയയെ യങ് ബോയ്സ് 1-1നു തളച്ചു. നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് ജിയില്‍ 2-1ന് വിക്ടോറിയ പ്ലസനെ തകര്‍ത്തു. രണ്ട് മത്സരത്തില്‍ ജയിച്ച റയല്‍ ആറു പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ആറു പോയിന്റുള്ള റോമ ഇതേ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണുള്ളത്.
എ.എസ് റോമ 3-0ന് സി.എസ്.കെ.എ മോസ്കോയെയും ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-0ന് ഷക്തര്‍ ഡൊണെസ്കിനെയും തോല്‍പ്പിച്ചു. ഡേവിഡ് സില്‍വ (30), അയ്മറിക് ലപോര്‍ട്ടെ (35), ബര്‍ണാഡോ സില്‍വ (70) എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ജയത്തോടെ ആറു പോയിന്റുമായി സിറ്റി ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്തെത്തി. ലിയോണ്‍- ഹോഫെന്‍ഹെയിം മത്സരം 3-3ന് സമനിലയില്‍ പിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."