മാനന്തവാടിയിലെ വിദേശ മദ്യശാല: 1000 ദിനങ്ങള്‍ പിന്നിട്ട് അമ്മമാരുടെ സമരം
മാനന്തവാടി: മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജ് ഔട്‌ലറ്റിനെതിരേ ആദിവാസി അമ്മമാര്‍ നടത്തി വരുന്ന സമരം ആയിരം ദിവസം പൂര്‍ത്തിയായി. 18 കോളനികള്‍ക്ക് നടുവിലായി വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്ട്‌ലറ്റിനെതിരേയുള്ള സമരം 2016 ജനുവരി 26 നായിരുന്നു ആദിവാസി ഫോറത്തിന്‍ ആഭിമുഖ്യത്തില്‍ തുടങ്ങിയത്.
ചീപ്പാടും കാവുംമന്ദത്തും മേപ്പാടിയിലും വിജയം കണ്ട മദ്യഷാപ്പ് വിരുദ്ധ സമരത്തില്‍ വിജയം കണ്ടതിലുള്ള ആത്മവിശ്വാസവും തങ്ങളുടെ വോട്ടുകള്‍ തേടി കോളനികളിലെത്തുന്ന മുഖ്യധാരാ രാഷ്ട്രീയക്കാരുടെതുള്‍പ്പെടെയുള്ള നിര്‍ലോഭ പിന്തുണ ഉണ്ടാവുമെന്ന നിഷ്‌കളങ്കമായ പ്രതീക്ഷയുമായിരുന്നു സമരത്തിന് തുടക്കമിട്ടത്.
കോളനികളിലെ നിലവിലെ മദ്യപാനികളുടെ വര്‍ധിക്കുന്ന മദ്യപാനം തടയാനും വളര്‍ന്നു വരുന്ന തലമുറയെങ്കിലും മദ്യവിപത്തില്‍ നിന്നും രക്ഷപ്പെടാനുമായിരുന്നു അമ്മമാര്‍ സമരത്തിനെത്തിയത്.
പ്രദേശത്തെ റസിഡ്ന്‍ഷ്യല്‍ അസോസിയേഷന്‍, മുസ്‌ലിം ലീഗ്, വെല്‍ഫയര്‍പാര്‍ട്ടി, എസ്.ഡി.പി.ഐ, ആം ആത്മി പാര്‍ട്ടി, കെ.സി.വൈ.എം, മദ്യ വിരുദ്ധസമിതി, മദ്യ നിരോധനസമിതി ഇങ്ങനെ നിരവധി സംഘടനകളും വ്യക്തികളുമാണ് തുടക്കത്തില്‍ പിന്തുണയുമായി രംഗത്തുണ്ടായിരുന്നത്.
മദ്യ വര്‍ജ്ജന നയവുമായി എല്‍.ഡി.എഫ് അധികാരത്തിലെത്തിയതോടെ പ്രതീക്ഷ നഷ്ടപ്പെട്ട പലരും പല കാരണങ്ങളാല്‍ പിന്‍മാറി. എന്നാല്‍ സമരം തുടങ്ങിയത് മുതലുള്ള മാക്ക പയ്യമ്പള്ളി, വെള്ളാസോമന്‍, കാക്കമ്മ വീട്ടിച്ചാല്‍, ചോച്ചി കൊയിലേരി, സുശീല പൊട്ടന്‍ കൊല്ലി, ചിട്ടാങ്കി ഇപ്പോഴും സമരപ്പന്തലിലെത്തുന്നുണ്ട്.
2016 ഓഗസ്റ്റ് 11ന് സമരക്കാരുടെ ആവശ്യങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന മുന്‍കലക്ടര്‍ ആദിവാസികള്‍ക്കെതിരേയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം മദ്യഷാപ്പ് അടച്ചു പൂട്ടാന്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍ കലക്ടറുടെ നീക്കം മുന്‍കൂട്ടി അറിഞ്ഞ കോര്‍പ്പറേഷന്‍ ഉച്ചയോടെ തന്നെ ഉത്തരവിന് ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ സമ്പാദിക്കുകയും ചെയ്തു. ഇതിനിടെ 2017 ഏപ്രില്‍ മൂന്നിന് സമരക്കാര്‍ നടത്തിയ ഉപരോധസമരത്തിനെതിരേ പൊലിസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരുന്നു.
പിന്നീട് ഔട്ട്‌ലറ്റ് പരിസരത്ത് പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. ഇതോടെ 2017 ഏപ്രില്‍ 17 മുതല്‍ സമരം സബ്കലക്ടര്‍ ഓഫിസിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ ബീവറേജ്‌സ് ഔട്ട്‌ലറ്റില്‍ പ്രീമിയം കൗണ്ടറും ടൗണില്‍ നേരത്തെ അടച്ചു പൂട്ടിയ രണ്ട് ബാറുകളും പുതിയ സര്‍ക്കാര്‍ തുറന്നു.
ബീവറേജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് വേണ്ടത്ര ഉറപ്പില്ലെന്നും ഔട്ട്‌ലറ്റ് മാറ്റണമെന്നുമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് സബ്കലക്ടറും അധികൃതര്‍ക്ക് കൈമാറിയിരുന്നു.
കുട്ട മദ്യലോബികളുടെ കൈയില്‍ നിന്നും പണം വാങ്ങി സമരം ചെയ്യുന്നുവെന്ന ആക്ഷേപത്തോടൊപ്പം നിരവധി കള്ള കേസുകളെടുത്തതും സമരം അനന്തമായി നീണ്ടുപോയതും ഒപ്പമുണ്ടായിരുന്ന പലരെയും പാതിവഴിക്ക് സമരമുപേക്ഷിക്കേണ്ട അവസ്ഥയിലാക്കി.
നിത്യവും ബസ്സ് കൂലി നല്‍കി സമരത്തിനെത്താന്‍ കഴിയാത്തതിനാല്‍ ആഴ്ചയില്‍ വന്നുപോകുന്നവരായും സമരക്കാരില്‍ പലരും മാറിയെങ്കിലും സമരം അവസാനിപ്പിക്കാന്‍ ഇനിയും ഇവര്‍ തയാറായിട്ടില്ല.കനത്ത മഴയിലും വെയിലിലും സബ്കലക്ടര്‍ ഓഫിസിന് മുന്നിലെ ചെറിയ തുണിപ്പന്തലിലെ തണലില്‍ അമ്മമാര്‍ കുത്തിയിരിപ്പ് തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."