ഇവരുടെ ദുരിതം എന്ന് തീരും
നാദാപുരം: നാദാപുരം ടി.ഐ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്കുളള ഇടുങ്ങിയ റോഡ് വീതി കൂട്ടണമെന്ന ആവശ്യം ശക്തമാവുന്നു. നാദാപുരം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി ആയിരത്തി അഞ്ഞൂറിലധികം വിദ്യാര്‍ഥികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സ്കൂള്‍ ബസുണ്ടെങ്കിലും റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ ടൗണിനടുത്തുളള യു.പി സ്കൂള്‍ പരിസരം വരെ മാത്രമെ ബസ് എത്തുകയുളളൂ. ഇത് കാരണം ഹയര്‍ സെക്കന്‍ഡറിയിലെയും ഹൈസ്കൂളിലെയും മുഴുവന്‍ കുട്ടികളും അര കിലോമീറ്ററോളം ദൂരം നടന്ന് വേണം സ്കൂളിലെത്താന്‍.
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കൂടാതെ നാദാപുരത്ത് പുതുതായി വന്ന മലബാര്‍ കോളജ്, ബി.എഡ് സെന്റര്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കൂടാതെ നാദാപുരംഇന്ഡോര് സ്റ്റേഡിയവും ഇവിടെയാണ് .
നാദാപുരത്തെ വിവാദമായി നിലനിന്ന മാലിന്യ സംസ്കരണ പ്ലാന്റിലേക്കും ഈ റോഡില്‍ കൂടെ തന്നെയാണ് പോകേണ്ടത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സ്റ്റേഡിയം ഉള്‍പ്പെടെയുളള മറ്റു പൊതു സ്ഥാപനങ്ങളിലേക്കുമുള്ള ഏറെ പ്രാധാന്യമുള്ള ഈ റോഡിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
അധികൃതരുടെ ശ്രദ്ധ പതിയാതെ പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഈ റോഡിലൂടെയുളള വിദ്യാര്‍ഥികളുടെ കാല്‍നടയാത്ര പോലും ദുസഹമായിരിക്കയാണ്. നാദാപുരം ടൗണിനടുത്ത ബി.ആര്.സി പരിസരത്തു നിന്നും ആരംഭിക്കുന്ന ഈ റോഡ് ഹൈസ്കൂള്‍ വരെ കുത്തനെയുളള കയറ്റമാണ്. കൊടുംവളവുകളുള്ള ഈ റോഡിന് കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമെ കടന്ന് പോകാന്‍ പറ്റൂ. വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കേണ്ടി വരുമ്പോഴാണ് ഇവിടെ കൂടുതല്‍ പ്രയാസം അനുഭവപ്പെടുന്നത്. ഇതു വഴി വണ്‍വേ സിസ്റ്റം ഏര്‍പ്പെടുത്തിയാല്‍ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാവും.
എന്നാല്‍ സ്കൂളിലേക്കുളള വഴിയിലെ സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയാറായാല്‍ റോഡ് വീതി കൂട്ടാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. വീതി കൂട്ടണമെങ്കില്‍ ചില വീട്ടുകാരുടെ മതിലുകള്‍ പൊളിക്കേണ്ടിയും വരും. മുന്‍പ് ഇവിടെയുളള ഒരു മതിലിനടിയിലായി റോഡിനോട് ചേര്‍ന്ന് മണ്ണിളകി വലിയ കുഴി രൂപപ്പെട്ടിരുന്നു. ഇവിടെ കോണ്‍ക്രീറ്റിട്ട് സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും വേണ്ടത്ര വീതിയില്ലാത്തതിനാല്‍ വാഹന തടസം സ്ഥിരം കാഴ്ചയായി മാറിയിരിക്കയാണ്.
ടി.ഐ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളിലെ നിരവധി വിദ്യാര്‍ഥികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും ഉപകാരപ്പെടേണ്ട ഈ റോഡ് വീതി കൂട്ടി വാഹനങ്ങള്‍ക്ക് നിഷ്പ്രയാസം കടന്നു പോകാന്‍ പറ്റുന്ന വിധത്തില്‍ നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് വികസനം നീണ്ടു പോകുന്ന പക്ഷം പ്രവര്‍ത്തി ദിവസങ്ങളില്‍ കാലത്തും വൈകുന്നേരവും ഇവിടെ പൊലിസിന്റെ സഹായത്താല്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും കുട്ടികളെ ദുരിതത്തില്‍ നിന്ന് രക്ഷിക്കാന്‍ പി.ടി.എ യുടെ ഭാഗത്തു നിന്നും നീക്കങ്ങളുണ്ടാവണമെന്നും രക്ഷിതാക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."