സാമ്പത്തിക പ്രതിസന്ധി: പ്രതികാര രാഷ്ട്രീയം മാറണം
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഈ നില തുടര്‍ന്നാല്‍ ഇന്ത്യക്ക് നിലനില്‍പ്പുണ്ടാവില്ലെന്നും മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ് ബി.ജെ.പി സര്‍ക്കാരിന് ഒരിക്കല്‍കൂടി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
നോട്ട് നിരോധനവും ചരക്ക് സേവന നികുതി (ജി.എസ്.ടി)യുടെ തെറ്റായ പ്രയോഗവും രാജ്യത്തിന്റെ സാമ്പത്തികനില പിന്നോട്ടടിപ്പിക്കുമെന്ന് മുന്‍പുതന്നെ മന്‍മോഹന്‍ സിങ് മുന്നറിയിപ്പ് നല്‍കിയതായിരുന്നു. പക്ഷെ സര്‍ക്കാര്‍ ഇത് ഗൗനിച്ചില്ല. ഈ പ്രാവശ്യത്തെ ബജറ്റ് അവതരിപ്പിക്കും മുന്‍പ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മുന്‍ പ്രധാനമന്ത്രിയെക്കണ്ട് ചര്‍ച്ച നടത്തിയപ്പോള്‍ ഗുണകരമായ മാറ്റം ബജറ്റില്‍ പ്രതിഫലിക്കുമെന്ന് കരുതിയിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നുവേണം കരുതാന്‍. രാജ്യത്തിന്റെ പൊതുനന്മയെ കരുതി പ്രതികാര രാഷ്ട്രീയം കൈയൊഴിയുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. അതിനാലായിരിക്കണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക നിലയുടെ തകര്‍ച്ചയെക്കുറിച്ച് വീണ്ടും പറയുവാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചിട്ടുണ്ടാവുക.
മനുഷ്യനിര്‍മിതമാണ് ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ചയുടെ അടിസ്ഥാന കാരണമെന്ന് ഡോ. മന്‍മോഹന്‍ സിങ് ചൂണ്ടിക്കാണിക്കുമ്പോള്‍ അത് എങ്ങനെ പരിഹരിക്കാനാകുമെന്ന് അദ്ദേഹത്തെപ്പോലുള്ള സാമ്പത്തിക വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ മിഥ്യാഭിമാനം മാറ്റിവച്ച് ചര്‍ച്ചക്ക് ഒരുങ്ങുകയാണ് കേന്ദ്രം ചെയ്യേണ്ടത്.
നിര്‍മാണ മേഖലയിലെ വളര്‍ച്ചാനിരക്ക് 0.6 ശതമാനത്തില്‍ തുടരുന്നത് നോട്ട് നിരോധനത്താലും ജി.എസ്.ടിയുടെ തെറ്റായ പ്രയോഗത്താലുമാണ്. ആഭ്യന്തര വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞിട്ടുമുണ്ട്. സാമ്പത്തികമാന്ദ്യം മറികടക്കാന്‍ ഓഗസ്റ്റ് മുപ്പതിന് ധനകാര്യ മന്ത്രി ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിക്കവെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനം മാത്രമാണ് ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യമെന്നും യു.എസിനെക്കാളും ചൈനയെക്കാളും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഇപ്പോള്‍ ഉള്ളതെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അവരുടെ ഈ അവകാശവാദം വെറും പൊള്ളയായിരുന്നു. ചൈനയുടെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.2 ശതമാനമാണെന്ന കണക്ക് പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയുടെ വളര്‍ച്ചാനിരക്കാകട്ടെ അഞ്ച് ശതമാനത്തില്‍ തളച്ചിട്ടിരിക്കുകയുമാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനമെടുത്തത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കാന്‍ മാത്രമേ ഉപകരിക്കൂ. പഴമക്കാര്‍ പറയുന്നതുപോലെ വിത്തെടുത്ത് കുത്തുന്ന ബുദ്ധിശൂന്യമായ നടപടിയായിപ്പോയി അത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കിനെയാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും ധനമന്ത്രി പറയുന്നത് രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഇല്ലെന്നാണ്. രാജ്യത്തിന്റെ യഥാര്‍ഥ സാമ്പത്തിക നില മറച്ചുവച്ചുകൊണ്ടാണ് അവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. സാമ്പത്തികനിലയെക്കുറിച്ചുള്ള ഔദ്യോഗിക കണക്ക് യഥാര്‍ഥമാണ്. അങ്ങനെവരുമ്പോള്‍ ദീര്‍ഘകാല സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യത്തിന് അഭിമുഖീകരിക്കേണ്ടിവരിക.സാമ്പത്തിക രംഗത്ത് അതിവേഗം കുതിച്ചുയരാനുള്ള സാഹചര്യം ഏഴുവര്‍ഷം മുന്‍പ് ഇന്ത്യക്കുണ്ടായിരുന്നു. ദീര്‍ഘവീക്ഷണമില്ലാത്ത സാമ്പത്തിക പരിഷ്‌കാരങ്ങളും നോട്ട് നിരോധനവും ജി.എസ്.ടിയുമാണ് ആ സാധ്യതയെ ഇല്ലാതാക്കിയത്. അടിക്കടിയുണ്ടാകുന്ന സാമ്പത്തിക പരിഷ്‌കരണങ്ങളും രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചക്ക് ആക്കംകൂട്ടി. രാജ്യത്ത് തൊഴിലില്ലായ്മയും രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ആഭ്യന്തര വളര്‍ച്ചാനിരക്ക് കുറയുന്നതോടൊപ്പംതന്നെ രൂപയുടെ മൂല്യവും ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ഓട്ടോമൊബൈല്‍ കമ്പനികളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു. പല കമ്പനികളും നിത്യേന പൂട്ടിക്കൊണ്ടിരിക്കുന്നു. പതിനായിരക്കണക്കിന് തൊഴിലാളികള്‍ തൊഴില്‍രഹിതരായി കമ്പനികളില്‍നിന്നും പുറന്തള്ളപ്പെടുന്നു.
ചരിത്രത്തില്‍ ഇതുവരെ നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞത് ബി.ജെ.പി സര്‍ക്കാര്‍ നിയോഗിച്ച നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ്. പ്രധാനമന്ത്രിയാണ് ചെയര്‍മാന്‍. പണലഭ്യതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണദ്ദേഹം പറഞ്ഞത്. സാമ്പത്തിക മേഖലയാകെ മുരടിപ്പിലാണ്. പണത്തിന്റെ ഒഴുക്ക് നിലച്ചിരിക്കുന്നു. പണം നല്‍കാന്‍ ആര്‍ക്കും താല്‍പര്യമില്ലാത്ത ഒരവസ്ഥയാണ് ഇപ്പോഴുള്ളത്.
മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനമായിരുന്നു ആഭ്യന്തര വളര്‍ച്ചാനിരക്കെങ്കില്‍ ഇപ്പോഴത് അഞ്ച് ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. ജൂലൈ-സെപ്റ്റംബര്‍ മാസത്തില്‍ ആഭ്യന്തര വളര്‍ച്ചാനിരക്ക് ചെറിയതോതിലെങ്കിലും കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതും അസ്ഥാനത്തായി. രാജീവ് കുമാര്‍ സ്ഥാനമേറ്റെടുത്ത് ഒരുവര്‍ഷം കഴിഞ്ഞപ്പോഴേക്കും രാജ്യം കഴിഞ്ഞ അഞ്ചുവര്‍ഷം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക തകര്‍ച്ചയുടെ ഒരുചിത്രം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. അതുകൊണ്ടാണ് ദിവസങ്ങള്‍ക്ക് മുന്‍പ് താന്‍ കണ്ട സത്യം അദ്ദേഹം തുറന്ന്പറഞ്ഞതും.
ഇന്ത്യയുടെ സാമ്പത്തികനിലയെക്കുറിച്ച് സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ ഏതെങ്കിലും മേഖലയിലുള്ളവര്‍ തയാറായാല്‍ സ്വാഗതം ചെയ്യുമെന്ന നിര്‍മലാ സീതാരാമന്റെ പ്രസ്താവന അപക്വമാണ്. ഉപദേശം വേണോ എന്ന് ചോദിച്ച് ആരും സര്‍ക്കാരിനെ സമീപിക്കുകയില്ല. രാജ്യം മുമ്പെങ്ങുമില്ലാത്തവിധം സാമ്പത്തികചുഴിയില്‍ നട്ടംതിരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ എല്ലാ രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളും പ്രതികാര രാഷ്ട്രീയ മനോഭാവവും മാറ്റിവച്ച് സാമ്പത്തിക രംഗത്തെ വിദഗ്ധരുമായി ഒരു കൂടിയാലോചനക്ക് തയാറാവുകയാണ് സര്‍ക്കാര്‍ വേണ്ടത്. തുറന്ന മനസോടെയുള്ള അത്തരമൊരു ആശയവിനിമയത്തിലൂടെ മാത്രമേ രാജ്യം ഇന്നകപ്പെട്ട സാമ്പത്തിക മാന്ദ്യത്തില്‍നിന്നും കരകയറാന്‍ സാധിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."