നവോത്ഥാന പോരാട്ടങ്ങള്‍ നടന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനിക്കുംമുന്‍പ്: മുല്ലപ്പള്ളി
തിരുവനന്തപുരം: ചരിത്രത്തെ വളച്ചൊടിച്ച് ശബരിമല പ്രശ്‌നത്തെ നവോത്ഥാന പോരാട്ടങ്ങളുമായി കൂട്ടിക്കെട്ടാനും അവയെ തങ്ങളുടേതാക്കാനുമുള്ള സി.പി.എമ്മിന്റെ ശ്രമം അപഹാസ്യമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
നവോത്ഥാന പോരാട്ടങ്ങളുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിദൂരബന്ധം പോലുമില്ല. 1936ല്‍ നടന്ന ക്ഷേത്ര പ്രവേശന വിളംബരം, വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍ തുടങ്ങിയവ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതാക്കി ഹൈജാക്ക് ചെയ്യാനാണ് ശ്രമം.
പാര്‍ട്ടി 1939ല്‍ കേരളത്തില്‍ രൂപീകൃതമാകുന്നതിന് മുന്‍പേ നടന്നവയാണ് ഈ പ്രക്ഷോഭങ്ങള്‍. ഇതിന്റെയെല്ലാം തലപ്പത്ത് ഉണ്ടായിരുന്നത് കോണ്‍ഗ്രസ് നേതാക്കളും പ്രക്ഷോഭകാരികള്‍ കോണ്‍ഗ്രസുകാരുമായിരുന്നു. നവോത്ഥാന മുന്നേറ്റം കോണ്‍ഗ്രസ് എന്ന വടവൃക്ഷത്തിന്റെ ശിഖരങ്ങളായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ സന്നദ്ധ ഭടന്മാര്‍ എന്ന നിലയിലാണ് എ.കെ.ജിയും പി. കൃഷ്ണപിള്ളയും ഈ പരിപാടികളില്‍ പങ്കെടുത്തത്.
കേരളത്തില്‍ ഇന്നുവരെ ഒരു സംഭവത്തിന്റെയും 82-ാം വാര്‍ഷികം ആഘോഷിച്ചതായി കേട്ടിട്ടില്ല.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം ആഘോഷിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."