നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്: ചിഹ്നത്തില്കെട്ടിപ്പിടിച്ച് ജോസഫ്, രണ്ടു പത്രിക നല്കാന് യു.ഡി.എഫ് സ്ഥാനാര്‍ഥി
കോട്ടയം: കേരള കോണ്‍ഗ്രസിലെ പോരിനറുതിയായില്ലെങ്കിലും യു.ഡി.എഫിനായി പ്രചാരണത്തിറങ്ങി ജോസഫ് വിഭാഗം. മോന്‍സ് ജോസഫ് എം.എല്‍.എയാണ് ആദ്യഘട്ടത്തില്‍ പഞ്ചായത്ത് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുന്നത്. രണ്ടില ചിഹ്നത്തിനായി ജോസ് കെ. മാണി കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ ചിഹ്നം കൊടുക്കില്ലെന്ന് തീര്‍ത്തുപറഞ്ഞിരിക്കുകയാണ് പി.ജെ ജോസഫ്. ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയില്ലെന്നാണ് ജോസഫ് പ്രഖ്യാപിച്ചത്.
അതേ സമയം ഇക്കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കുകയാണ്. പാര്‍ട്ടി സ്ഥാനാര്‍ഥിയെന്ന നിലയിലും സ്വതന്ത്രനെന്ന നിലയിലും രണ്ട് തരം പത്രികകളാകും നല്‍കുക. എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍.ഹരിയും ഇന്ന് പത്രിക സമര്‍പ്പിക്കും. 11 മണിയോടെ പ്രവിത്താനത്ത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് ജോസ് ടോം പത്രിക നല്‍കുന്നത്. എന്‍.ഹരിയും ഇവിടെയാണ് പത്രിക നല്‍കുന്നത്. കേരളാ കോണ്‍ഗ്രസ് ചെയര്മാന് എന്ന നിലയില്‍ ജോസ് കെ.മാണിയുടെ കത്ത് സഹിതമായിരിക്കും ജോസ് ടോം ആദ്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. ചിഹ്നമായി രണ്ടിലയും ആവശ്യപ്പെടും. ഇതിനൊപ്പം യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെന്ന നിലയില്‍ മറ്റൊരു പത്രിക കൂടി നല്‍കും.
ചിഹ്നം സംബന്ധിച്ച് തര്‍ക്കം തുടര്‍ന്നാല്‍ വരണാധികാരി കൂടിയായ ജില്ലാ കലക്ടറാകും തീരുമാനമെടുക്കുക. എന്നിട്ടും പരിഹാരം ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."