വിതച്ചത് കൊയ്യുക
മനുഷ്യനു സ്വര്‍ഗം ലഭ്യമാകാനും നരക മോചനം സാധ്യമാക്കാനും മൂന്ന് ഉപാധികള്‍ നബി (സ) പഠിപ്പിക്കുന്നു. അള്ളാഹുവില്‍ വിശ്വസിക്കുക, അന്ത്യനാളില്‍ വിശ്വസിക്കു, ആളുകള്‍ തന്നോട് പെരുമാറണം എന്നാഗ്രഹിക്കുന്നതു പോലെ അങ്ങോട്ടും പെരുമാറുക എന്നിവയാണവ. ഈമാന്‍ എന്നതു ഞാന്‍ വിശ്വസിക്കുന്നുവെന്നു പറയുന്ന കേവലം വാക്കല്ല. ഇഴപിരിയാതെ തന്നിലും സര്‍വചരാചരങ്ങളിലും അല്ലാഹുവിന്റെ ഇടപെടലുണ്ടെന്ന നിത്യമായ ബോധ്യമാണത്. ഞാന്‍ സൃഷ്ടിയാണെങ്കില്‍ അല്ലാഹു സൃഷ്ടാവാണ്. അവന്‍ ഉടമയാണ്. ഞാന്‍ അടിമയാണ്. അവന്റെ വിധി വിലക്കുകള്‍ അംഗീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണെന്ന നിതാന്ത ബോധം അവനിലുണ്ടാവണം. ഇതുകൊണ്ടാണ് പ്രവാചകര്‍ (സ) പറഞ്ഞത് ഒരാളുടെ സ്വന്തം ആഗ്രഹങ്ങള്‍ ഞാന്‍ കൊണ്ടുവന്ന പ്രമാണങ്ങളെയും നിയമങ്ങളെയും അനുധാവനം ചെയ്യുന്നതു വരെ ഒരാളും യഥാര്‍ഥ വിശ്വാസിയാവുകയില്ല.
അന്ത്യനാളിലുള്ള വിശ്വാസമാണ് മറ്റൊന്ന്. ഇവിടെയും വിശ്വാസം നിതാന്തവും സജീവവുമായ ബോധമാണ്. മരണാനന്തരം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുമെന്നും കര്‍മ്മ ജീവിതം സമഗ്രമായി വിചാരണക്കു വിധേയമാക്കപ്പെടുമെന്നും രക്ഷാ, ശിക്ഷകള്‍ വിധിക്കപ്പെടുമെന്നും തീര്‍ച്ചയാണ്. വിശ്വാസം എപ്പോഴെങ്കിലും ഉണ്ടായാല്‍ പോര. അതു കൊണ്ടാണ് വിശ്വാസത്തെയും മരണത്തെയും എപ്പോഴും ചേര്‍ത്തുവച്ചത്.
ജനങ്ങളോടു നന്നായി പെരുമാറുക എന്നതാണു മൂന്നാമത്തെ ഉപാധി ദര്‍ശനങ്ങളും സിദ്ധാന്തങ്ങളും. ബുദ്ധിപരമായും വൈജ്ഞാനികമായും എത്രയോ ഗഹനവും ശാസ്ത്രീയവുമാണെങ്കിലും ശരി, മനുഷ്യന്‍ മനുഷ്യനോടു നന്നായി പെരുമാറുക എന്നതാണ് ക്ഷേമവും സമാധാനവും കളിയാടുന്ന സമൂഹ സൃഷ്ടിക്കുള്ള അടിത്തറ. റമനുഷ്യന്‍ അതിനു തയാറാവുന്നില്ലെങ്കില്‍ തത്വശാസ്ത്രങ്ങള്‍ കൊണ്ടും സിദ്ധാന്തങ്ങള്‍ കൊണ്ടും ഒരു കാര്യവുമില്ല. പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും വര്‍ത്തിക്കുക, അതാണു ഭൂമിയില്‍ സ്വര്‍ഗം പണിയാനുള്ള വിദ്യ. അതുതന്നെയാണു പരലോകത്തും സ്വര്‍ഗം പണിയാനുള്ള വിദ്യയെന്നു പഠിപ്പിക്കുകയാണു നബി തിരുമേനി.
ജനങ്ങളോടു നന്നായി വര്‍ത്തിക്കുക എന്ന നേര്‍പദമല്ല ഹദീസില്‍ ഉപയോഗിച്ചത്. ആളുകള്‍ നിന്നോട് എങ്ങനെ പെരുമാറണമെന്നു നീ ആഗ്രഹിക്കുന്നുവോ, അതുപോലെ ആളുകളോട് നീ പെരുമാറുകയെന്നാണ്. വളരെയധികം അര്‍ഥവ്യാപ്തി ഈ വാക്കിനുണ്ട്.
എനിക്കാരോടും സ്‌നേഹമില്ല, എല്ലാവരും എന്നെ സ്‌നേഹിക്കണം, എനിക്കാരോടും ആദരവില്ല, എന്നെയെല്ലാരും ആദരിക്കണം. ഓരോരുത്തരും ഇങ്ങനെയായാല്‍ ഈ ലോകം എങ്ങനെയായിരിക്കും എന്നതിന്റെ ഉദാഹരണമാണ് ആധുനിക ലോകം. എനിക്ക് എല്ലാവരുടെയും സ്‌നേഹം വേണമെങ്കില്‍ ഞാന്‍ എല്ലാവരെയും സഹായിക്കണം. എനിക്കു എല്ലാവരിലും അവകാശം ഉണ്ടാവണമെങ്കില്‍ എല്ലാവര്‍ക്കും എന്നിലും അവകാശം ഉണ്ടാവണം. അപ്പോള്‍ എല്ലാവരും പരസ്പരം അവകാശികളും സഹായികളുമാണ്. അതാണ് സമത്വ സുന്ദരമായ ലോകം.
ഇങ്ങനെയൊരു ലോകം കെട്ടിപ്പടുക്കാന്‍ വലിയ ചക്രവര്‍ത്തിമാര്‍ ജന്മം കൊള്ളേണ്ടതില്ല. രാജാക്കന്മാരോ സര്‍ക്കാരോ വിചാരിച്ചാല്‍ ഇതു സാധ്യമാവുകയുമില്ല. പക്ഷെ ഓരോ കൊച്ചുമനുഷ്യനും വേണമെങ്കില്‍ അവന്റെതായൊരു കൊച്ചുലോകം ഇങ്ങനെ സൃഷ്ടിക്കാം.
അതിന് ഏറിയ പഠിപ്പും പത്രാസും സിദ്ധാന്തങ്ങളും തത്വശാസ്ത്രങ്ങളും ആവശ്യമില്ല. ഇങ്ങോട്ട് പ്രതീക്ഷിക്കുന്നവ, അങ്ങോട്ടു കൊടുക്കുക അഥവാ അപരന്‍ താന്‍ തന്നെയാണെന്ന കരുതല്‍ നമ്മിലുണ്ടാവുക. അത് നിഷ്‌കളങ്കമായ ശീലമായി മാറുമ്പോള്‍ എന്റെയും നിങ്ങളുടെയും ലോകം ഇല്ലാതാകും. പകരം നമ്മുടെ ലോകമുണ്ടാവും, ഒപ്പം നന്മയുടെ ലോകവും.
(ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ കാസര്‍കോട് ജില്ലാ ട്രഷററാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."