ഖത്തര്‍ ലോകകപ്പിനുള്ള ലോഗോ പുറത്തിറക്കി
ദോഹ: ഖത്തറില്‍ 2022 ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ലോഗോ പുറത്തിറക്കി. ഡിജിറ്റല്‍ കാംപയിനിലൂടെ ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ് ലോഗോ പ്രകാശനം ചെയ്തത്.
ചടങ്ങിന്റെ ഭാഗമായി ഖത്തറിലെയും മറ്റു 23 രാജ്യങ്ങളിലെയും പ്രധാന സ്ഥലങ്ങളിലും വിവിധ ലോക രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലെ കൂറ്റന്‍ സ്‌ക്രീനുകളിലും ഒരേസമയം ലോഗോ പ്രദര്‍ശിപ്പിച്ചു. ഇന്ത്യയില്‍ മുംബൈയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും സാങ്കേതിക കാരണത്താല്‍ മാറ്റിവച്ചു.
അറബ് സംസ്‌കാരത്തിന്റെ പൈതൃകവും ലോകത്തിന്റെ സാഹോദര്യവും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഫിഫ ലോകകപ്പെന്നും ലോഗോയില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. ടൂര്‍ണമെന്റ് നടക്കുന്ന 2022 നോട് സമാനമായാണ് പ്രകാശന സമയം.
പ്രാദേശിക സമയം 8.22 നാണ് പ്രദര്‍ശിപ്പിച്ചത്. ഇത് ഗള്‍ഫ് സ്റ്റാന്‍ഡേഴ്ഡ് ടൈം (ജി.എസ്.ടി) പ്രകാരം 22.10 ആണ്. മരുഭൂമിയിലെ മണല്‍കൂനകളുടെ ഉയര്‍ച്ച-താഴ്ചകളെ പ്രതിനിധീകരിക്കുന്ന തരത്തിലാണ് ലോഗോയുടെ ഡിസൈന്‍. പരമ്പരാഗത കമ്പിളി ഷാളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് എട്ടിന്റെ ആകൃതിയിലുള്ള ഡിസൈന്‍, ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന എട്ട് സ്റ്റേഡിയങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.
ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ പ്രധാന കെട്ടിടങ്ങളായ കത്താറ, സൂഖ് വാഖിഫ്, ഷെറാട്ടണ്‍ ഹോട്ടല്‍, അല്‍ ശൂല ടവര്‍ എന്നിവയ്ക്കു പുറമേ കുവൈത്ത് (കുവൈത്ത് ടവേഴ്‌സ്), മസ്‌ക്കത്ത് (ഒപേറ ഹൗസ്), ബെയ്‌റൂത്ത് (റോഷെ റോക്ക്), അമ്മാന്‍ (റോയല്‍ ഹോട്ടല്‍), അല്‍ജീരിയ (ഒപേറ ഹൗസ്), തുണീസ്യ (ഹമ്മാമെത്ത്), റാബത്ത് (കോര്‍ണിഷ് റാബത്ത്), ഇറാഖ് (ബാഗ്ദാദ് ടവര്‍, തഹ്രീര്‍ സ്‌ക്വയര്‍) തുടങ്ങിയ ഇടങ്ങളില്‍ ഖത്തര്‍ ലോകകപ്പ് ലോഗോ ഒരേസമയം പ്രദര്‍ശിപ്പിച്ചു.
അമേരിക്ക (ടൈം സ്‌ക്വയര്‍, ന്യൂയോര്‍ക്ക്), അര്‍ജന്റീന (ജനറല്‍ പാസി 15 ഡി ആഗസ്റ്റോ), ബ്രസീല്‍ (മെട്രോ ഡൊമിനിക്കന്‍ സീ സ്റ്റേഷന്‍, സാവോ പോളോ), ചിലി (എ കെന്നഡി, പാഡ്രെ ഹോര്‍താഡോ, സാന്റിയാഗോ), മെക്‌സിക്കോ (പ്രിന്‍സിപ്പെ സ്ട്രീറ്റ്, മെക്‌സിക്കോ സിറ്റി), ഇംഗ്ലണ്ട് (ലണ്ടന്‍, വെസ്റ്റ്ഫീല്‍ഡ് സ്റ്റഫോര്‍ഡ് സിറ്റി, ഫോര്‍ ഡിയാല്‍സ്, വെസ്റ്റ്ഫീല്‍ഡ് സ്‌ക്വയര്‍, വെസ്റ്റ്ഫീല്‍ഡ്), ഫ്രാന്‍സ് (ഗാരെ ഡു നോര്‍ഡ്, പാരീസ്), ജര്‍മനി (ബെര്‍ലിന്‍, ട്രെയിന്‍ സ്റ്റേഷന്‍), ഇറ്റലി (സെംപിയോണ്‍, അക്രോപോളിസ്, മാഡ്രിഡ് ഡി എസ്പാന), റഷ്യ (നോവി അര്‍ബാത്ത്, മോസ്‌കോ), തുര്‍ക്കി (യില്‍ഡിസ്, സുഹാറത്ത് ബാബ, ബാച്ചിസിര്‍ കിസം, തസ്‌ഡെലിന്‍, മിമാര്‍ സിനാന്‍, കാഫിര്‍ഗ, ഹാര്‍ബേ, മര്‍ക്കസ്, ബാര്‍ബഡോസ്, ലെവാസിം), സൗത്ത് കൊറിയ, ദക്ഷിണാഫ്രിക്ക (ആലീസ് സ്ട്രീറ്റ്, സാന്‍ഡ്‌ടോണ്‍, ജോഹാനസ് ബര്‍ഗ്) എന്നിവിടങ്ങളിലും വലിയ സ്‌ക്രീനില്‍ ലോകകപ്പ് ലോഗോ പ്രദര്‍ശിപ്പിച്ചു. ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ആവേശപൂര്‍വമാണ് ലോഗോ പ്രകാശനത്തെ വരവേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."