തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഓങ്കോളജി കേന്ദ്രം ആരംഭിക്കുന്നു
മലപ്പുറം: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഓങ്കോളജി കേന്ദ്രത്തിനായുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു. കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി 36 കോടിയുടെ രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റേഡിയോതെറാപ്പി, കീമോ, സര്‍ജിക്കല്‍ ഓങ്കോളജി, ലീനിയര്‍ ആക്‌സിലറേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളോടെ ഓങ്കോളജി സെന്റര്‍ സ്ഥാപിക്കുന്നതിനായുള്ള പ്രവൃത്തികളാണ് നടത്തുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ കാന്‍സര്‍ ബാധിതര്‍ക്ക് പ്രയോജനപ്പെടും വിധമാണ് സെന്റര്‍ സ്ഥാപിക്കുന്നത്. സംവിധാനമൊരുങ്ങുന്നതോടെ സ്റ്റാഫ് പാറ്റേണ്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കും.
നിലവില്‍ പ്രതിവര്‍ഷം ഏഴായിരത്തോളമാളുകള്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സ തേടിയെത്തുന്നുണ്ട്. ഇയൊരു സാഹചര്യത്തിലാണ് വിപുലമായ സൗകര്യങ്ങളോടെ ഓങ്കോളജി സെന്റര്‍ സ്ഥാപിക്കാന്‍ ആരോഗ്യവകുപ്പ് തുക അനുവദിച്ചത്. സംസ്ഥാനത്തെ ജില്ലാ ആശുപത്രികളില്‍ ഓങ്കോളജി കേന്ദ്രങ്ങള്‍ പ്രത്യേകമായി സ്ഥാപിക്കാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നബാര്‍ഡ് മുഖേന 36 കോടി ലഭ്യമാക്കിയത്.
തിരൂര്‍ ജില്ലാആശുപത്രി കോമ്പൗണ്ടിലെ പ്രധാന ആശുപത്രി കെട്ടിടത്തിന് പിറകിലായാണ് സെന്റര്‍ യാഥാര്‍ഥ്യമാക്കുന്നത്. പൈലിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് കെട്ടിട നിര്‍മാണ പ്രവൃത്തികളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.
ജില്ലാ ആശുപത്രി ഓങ്കോളജി വിഭാഗത്തില്‍ നിലവില്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമേയുള്ളൂ. കീമോ തെറാപ്പിക്കും സംവിധാനമുണ്ട്. എന്നാല്‍ റേഡിയോ തെറാപ്പി അടക്കമുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ തിരുവനന്തപുരം ആര്‍.സി,സി, തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലേക്കാണ് പല കേസുകളും റഫര്‍ ചെയ്യുന്നത്. പുതിയ കേന്ദ്രം വരുന്നതോടെ കാന്‍സര്‍ രോഗികള്‍ക്ക് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന തന്നെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."