സ്വര്‍ണക്കടത്ത് കാരിയറെ തട്ടിക്കൊണ്ടുപോയ കേസ്: കൊടുവള്ളി സ്വദേശി അറസ്റ്റില്‍
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലേക്ക് സ്വര്‍ണവുമായെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊടുവള്ളി നടമ്മല്‍ പൊയില്‍ അബ്ദുല്‍ ഷുക്കൂറി(24) നെ ആണ് കൊണ്ടോട്ടി പൊലിസ് ഇന്‍സ്‌പെക്ടര്‍ ഷൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘത്തിന് വേണ്ടി സ്വര്‍ണവുമായി എത്തിയ കൊണ്ടോട്ടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂലൈ ഏഴിന് യുവാവ് ഇവര്‍ക്ക് വേണ്ടി സ്വര്‍ണം കടത്തിയിരുന്നു. കൊടുവള്ളിയിലെ സംഘത്തിന് വേണ്ടി സ്വര്‍ണവുമായെത്തിയ യുവാവിനെ അവരെത്തും മുന്‍പ് വയനാട്ടില്‍ നിന്നുള്ള മറ്റൊരു സംഘം തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന് രാമനാട്ടുകരയില്‍ ഉപേക്ഷിച്ചു. ഇതിന് പിന്നാലെയെത്തിയ കൊടുവള്ളി സ്വദേശികള്‍ യുവാവ് തങ്ങളെ കബളിപ്പിക്കുകയാണെന്ന് കരുതി കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. യുവാവിനെ തട്ടിക്കൊണ്ടുപോയി രാമനാട്ടുകരയില്‍ ഉപേക്ഷിച്ച സംഘത്തിലുള്ള നാലുപേരെ നേരത്തെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
ഇവര്‍ വഴിയില്‍ ഉപേക്ഷിച്ച യുവാവിനെ കൊടുവള്ളിയില്‍ നിന്നുള്ള സംഘം വീണ്ടും തമിഴ്‌നാട്ടിലും കര്‍ണാടകയിലും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയാണ് ക്രൂരമായി മര്‍ദിച്ചത്. ഒരാഴ്ച കഴിഞ്ഞാണ് വിട്ടയച്ചത്. സ്വര്‍ണ മാഫിയയുടെ ഭീഷണി മൂലം ഇയാള്‍ ഈ മാസം ആദ്യം മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കൊണ്ടോട്ടി പൊലിസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
മറ്റുള്ള പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലിസ് പറഞ്ഞു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. നേരത്തെ പിടിയിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിമാനത്താവളത്തിലും ഇവരുടെ വീടുകളിലും സംഘം താമസിച്ചിരുന്ന റിസോട്ടിലും കൊണ്ടുപോയി തെളിവെടുപ്പു നടത്തി.
കുഴല്‍പ്പണ, സ്വര്‍ണക്കള്ളക്കടത്തു മാഫിയകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രതികള്‍ വയനാട്ടില്‍ അനധികൃത റിസോട്ടുകള്‍ നടത്തിയിരുന്ന സംഭവവും അന്വേഷിക്കുന്നുണ്ട്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന സംഘങ്ങളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കസ്റ്റംസുമായി ചേര്‍ന്ന് പൊലിസ് സംയുക്ത അന്വേഷണം നടത്തി വരികയാണ്. പിടിയിലായ അബ്ദുല്‍ ഷുക്കൂറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."