പിരിച്ചുവിട്ട അധ്യാപകന് നീതിതേടി അധ്യാപകദിനത്തില്‍ തെരുവിലിറങ്ങി പ്രതിഷേധം
തിരുവനന്തപുരം: പിരിച്ചുവിടപ്പെട്ട അധ്യാപകന് നീതിതേടി അധ്യാപകദിനത്തില്‍ തെരുവിലിറങ്ങി അധ്യാപകര്‍. നിസാരകാര്യങ്ങള്‍ ചുമത്തി അധ്യാപകനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട സ്കൂള്‍ മാനേജരുടെ നടപടി ഏകപക്ഷീയമായി അംഗീകരിച്ച സര്‍ക്കാര്‍ നിലപാടിനെതിരേ അധ്യാപക ദിനാഘോഷം ബഹിഷ്കരിച്ചായിരുന്നു ഒരു കൂട്ടം അധ്യാപകര്‍ തെരുവിലിറങ്ങിയത്.
പട്ടാമ്പി കുളമുക്ക് എ.എല്‍.പി സ്കൂള്‍ അധ്യാപകന് എം.പി പ്രശാന്തിനെയാണ് കഴിഞ്ഞ മെയില്‍ പിരിച്ചുവിട്ടത്. ഇതിനെതിരേ ഇന്നലെ സെക്രട്ടേറിയറ്റ് പടിക്കലാണ് അധ്യാപകര്‍ പ്രതിഷേധിച്ചത്. കെ.പി.എസ്.ടിഎയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചായിരുന്നു പ്രതിഷേധം. സ്കൂള്‍ വരാന്തയില്‍ ബൈക്ക് കയറ്റിവച്ചു, ടോയ്ലറ്റില് കയറി പുകവലിച്ചു തുടങ്ങിയ കാരണങ്ങള്‍ ചുമത്തി അധ്യാപകനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ മാനേജര്‍ പട്ടാമ്പി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കും ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ക്കും അപേക്ഷ നല്‍കിയിരുന്നു.
ജോലിയില്‍നിന്ന് പരിച്ചുവിടത്തക്ക കാരണങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മാനേജരുടെ അപേക്ഷ നേരത്തെ തള്ളിയിരുന്നു.
എന്നാല്‍ മാനേജര്‍ സര്‍ക്കാരിനെ സമീപിച്ച് പിരിച്ചുവിടാന്‍ അനുമതി നേടിയെടുക്കുകയും ചെയ്തു. ഇതിനെതിരെ പ്രശാന്ത് സര്‍ക്കാരില്‍ റിവ്യു ഹരജി കൊടുത്തെങ്കിലും പിരിച്ചുവിടല്‍ നടപടി സര്‍ക്കാര്‍ അംഗീകരിക്കുകയാണ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഉപവാസം. കെ.പി.സി.സി. മുന്‍ പ്രസിഡന്റ് എം.എം ഹസന് ഉദ്ഘാടനം ചെയ്തു. അധ്യാപകനെ പിരിച്ചുവിടാനുള്ള മാനദണ്ഡങ്ങള്‍ അറിയാത്ത വിദ്യാഭ്യാസമന്ത്രിയാണ് ഇപ്പോള്‍ ഭരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."