അഭയകേസ്: ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ ഒപ്പ് വ്യാജമെന്ന് സാക്ഷി
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ മരണത്തില്‍ യഥാര്‍ഥ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് നശിപ്പിച്ച ശേഷം കോട്ടയം വെസ്റ്റ് പൊലിസ് സ്റ്റേഷനില്‍വച്ച് അഡീഷനല്‍ എസ്.ഐ വി.വി അഗസ്റ്റിന് തയാറാക്കിയ വ്യാജ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ ഒപ്പ് തന്റേതല്ലെന്ന് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ സാക്ഷിമൊഴി. കേസിലെ 30ാം സാക്ഷിയായ ജോണ്‍ സ്കറിയ ആണ് ഇന്നലെ കോടതിയില്‍ മൊഴി നല്‍കിയത്.
സിസ്റ്റര്‍ അഭയ മരിച്ച 1992 മാര്‍ച്ച് 27ന് കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍നിന്ന് അഭയയുടെ മൃതദേഹം പുറത്തെടുത്ത ശേഷം അവിടെവച്ച് തയാറാക്കിയതെന്ന രീതിയില്‍ പൊലിസ് സ്റ്റേഷനില്‍വച്ച് ഉണ്ടാക്കിയ വ്യാജ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് സാക്ഷിയായി ജോണ്‍ സ്കറിയയുടെ ഒപ്പ് വ്യാജമായി ചമച്ച് കോട്ടയം ആര്.ഡി.ഒ കോടതിയില്‍ ഹാജരാക്കിയത്. ഇതു സംബന്ധിച്ച് താന്‍ മുന്‍പ് സി.ബി.ഐക്ക് മൊഴി നല്‍കിയിട്ടുണ്ടെന്നും സാക്ഷി ജോണ്‍ സ്കറിയ കോടതിയില്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കൃത്രിമമായി തയാറാക്കിയ കുറ്റത്തിന് കോട്ടയം വെസ്റ്റ് പൊലിസ് സ്റ്റേഷനിലെ അന്നത്തെ അഡീഷനല്‍ എസ്.ഐ അഗസ്റ്റിനെ സി.ബി.ഐ അഭയ കേസില്‍ തെളിവു നശിപ്പിച്ചതിന് പ്രതിയാക്കി കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍ അഗസ്റ്റിന് പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."