പണം അന്നും ഇന്നും
ആദ്യകാല പണം
ബാര്‍ട്ടര്‍ സംവിധാനം ഉപയോഗിച്ചായിരുന്നു ആദ്യകാലങ്ങളില്‍ വസ്തുക്കള്‍ കൈമാറ്റം ചെയ്യപ്പെട്ടത്. ഇത്തരം ഇടപാടുകളില്‍ വാങ്ങുന്നയാള്‍ക്കോ വില്‍ക്കുന്നയാള്‍ക്കോ ഭീമമായ നഷ്ടം വരുന്നത് സാധാരണയായിരുന്നു. ഇതിനൊരു പരിഹാരമായാണ് കറന്‍സികള്‍ നിലവില്‍ വന്നത്. ഒരു പ്രദേശത്ത് സുലഭമായിരുന്ന വസ്തുക്കള്‍ അധ്വാനത്തിനോ വസ്തുക്കള്‍ക്കോ പകരമായി നല്‍കിയിരുന്ന കാലം ലോക ചരിത്രത്തിലുണ്ട്.
നമ്മുടെ നാട്ടിലെ നെല്ലും തേങ്ങയുമൊക്കെ ഇങ്ങനെ കൂലിപ്പണമായും സാധനസാമഗ്രികള്‍ക്കുള്ള പകരമായും നല്‍കിയിരുന്നു. ഈജിപ്റ്റിലും റോമിലും പൗരാണിക കാലത്ത് ഉപ്പായിരുന്നു ശമ്പളമായി നല്‍കിയിരുന്നത്. റോമില്‍ സൈനികര്‍ക്കു നല്‍കിയിരുന്ന ഉപ്പു പണം അഥവാ സലേറിയത്തില്‍ നിന്നാണ് ഇന്നത്തെ സാലറി എന്ന വാക്കു വന്നത്. പേര്‍ഷ്യയില്‍, ആ കാലത്ത് വില പിടിപ്പുള്ള പഴമായിരുന്ന ബദാമായിരുന്നു കറന്‍സി. ചൈനയിലും പ്രാചീന ഇന്ത്യയിലും കക്കകള്‍ ആയിരുന്നു പണം. പ്രത്യേക തരം മിനുസമേറിയ കല്ലുകള്‍ പല പ്രാചീന ഗോത്രങ്ങളിലും പണമായി ഉപയോഗിച്ചിരുന്നു. മൃഗങ്ങളുടെ എല്ലിന്‍ കഷ്ണം പണമായി ഉപയോഗിച്ചിരുന്ന പ്രദേശങ്ങളും ലോകത്തുണ്ട്. ഫിജിയിലെ പ്രാചീന കറന്‍സി തിമിംഗലത്തിന്റെ എല്ലിന്‍ കഷ്ണമായിരുന്നു. വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന വസ്തുക്കളുടേയും സേവനങ്ങളുടേയും മൂല്യം തുല്യമാക്കാന്‍ ഇത്തരം കറന്‍സികള്‍ ഉപയോഗപ്രദമായി. പുരാതന ഈജിപ്റ്റ്, ഗ്രീസ് എന്നിവിടങ്ങളില്‍ സ്വര്‍ണം, വെള്ളി പോലെയുള്ള ലോഹങ്ങള്‍ കച്ചവട ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. ഇത്തരം സ്വര്‍ണക്കട്ടികളാണ് പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാണയങ്ങള്‍ക്കു വഴി തുറന്നത്. രാജാക്കന്മാര്‍ അടിച്ചിറക്കുന്നവയും വ്യക്തികള്‍ പുറത്തിറക്കുന്നതുമായ നാണയങ്ങള്‍ ഇങ്ങനെ പ്രചാരത്തിലുണ്ടായിരുന്നു. ലഭ്യമായ വിവരങ്ങളനുസരിച്ച് പ്രാചീന ലിഡിയയിലാണ് ആദ്യത്തെ സ്വര്‍ണനാണയം പുറത്തിറങ്ങുന്നത്. ബി.സി ഏഴാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറിലായിരുന്നു ലിഡിയ അഥവാ ഇന്നത്തെ തുര്‍ക്കി ഉള്‍പ്പെട്ടിരുന്നത്. പ്രാചീന ഗ്രീസിലും ഇന്ത്യയിലും സമാനകാലത്തുതന്നെ ഇങ്ങനെ നാണയങ്ങള്‍ അടിച്ചിറക്കിയിരുന്നുവെന്നും വാദമുണ്ട്. ഇന്ത്യയിലുണ്ടായിരുന്നു കര്‍ഷാപണമാണ് ക്യാഷ് ആയതെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നാണയങ്ങള്‍ക്ക് ദ്രാവിഡ ഭാഷയില്‍ കാശ് എന്നു പറഞ്ഞിരുന്നു.ഈ വാക്ക് വിവിധ ഭാഷയിലൂടെ കടന്ന് ഇംഗ്ലീഷിലെത്തിയപ്പോഴാണ് ക്യാഷ് ആയി മാറിയത്. പൗരാണിക ചൈനയിലെ കാഷ് എന്ന നാണയം ആണ് ഇന്നത്തെ ക്യാഷ് എന്ന പദത്തിനു പിന്നിലെന്നുള്ള വാദവും ഉണ്ട്.
രൂപ വന്ന വഴി
നമ്മുടെ കറന്‍സിയായ രൂപയ്ക്കു പിന്നില്‍ ഇന്ത്യ ഭരിച്ചിരുന്ന ഷേര്‍ഷാസൂരി എന്ന ഭരണാധികാരിയാണ്. അദ്ദേഹം പുറത്തിറക്കിയ റുപയയില്‍ നിന്നാണ് ഇന്നത്തെ രൂപയുടെ പിറവി. 1542 ല്‍ ഷേര്‍ഷ പുറത്തിറക്കിയ വെള്ളിനാണയമായിരുന്നു റുപയ. ഷേര്‍ഷയുടെ വെള്ളിനാണയം ചില പരിഷ്‌കാരങ്ങളോടെ 1672 ല്‍ ബ്രിട്ടീഷുകാര്‍ പുറത്തിറക്കി. ഇന്ത്യന്‍ കറന്‍സിയായ രൂപയുടെ ചിഹ്നം അംഗീകരിക്കപ്പെടുന്നത് 2010 ജൂലായിലായിലാണ്. തമിഴ്‌നാട് സ്വദേശിയായ ഉദയകുമാറാണ് ചിഹ്നം രൂപകല്‍പ്പന നടത്തിയത്.
ആദ്യത്തെ പേപ്പര്‍ കറന്‍സി
ആദ്യമായി കടലാസു പണം കൊണ്ടുവന്നത് ചൈനക്കാരാണ്. ചൈനയിലെ ടാങ് വംശത്തിലെ ഹ്യാങ് സങ് തന്റെ രാജ്യത്തിലെ ധനികരോട് അവരുടെ കൈവശമുള്ള സ്വത്തു വകകള്‍ പൊതു ഖജനാവില്‍ നിക്ഷേപിക്കാന്‍ പറഞ്ഞു. ഇതിനു തെളിവായി ഒരു കൈപ്പറ്റ് ചീട്ടും (റസിപ്റ്റ്) നല്‍കി. ഇതാണ് പില്‍ക്കാലത്ത് കറന്‍സിയായി മാറിയത്.
എ.ഡി 960 ല്‍ ചൈനയില്‍ പേപ്പര്‍ കറന്‍സി നിലവില്‍ വരികയും അനിയന്ത്രിതമായ നിര്‍മാണത്തെത്തുടര്‍ന്ന് 1455 ല്‍ നിരോധിക്കുകയും ചെയ്തു. പിന്നീട് ഒന്നര നൂറ്റാണ്ടു കഴിഞ്ഞാണ് ചൈനയില്‍ വീണ്ടും പേപ്പര്‍ കറന്‍സി സജീവമായത്.
പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പിലും പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യയിലും പേപ്പര്‍ കറന്‍സി പ്രചാരത്തിലായി.1938 ല്‍ ജോര്‍ജ്ജ് ആറാമന്റെ ചിത്രം പതിപ്പിച്ച അഞ്ച് രൂപ നോട്ടാണ് ഇന്ത്യയിലെ ആദ്യത്തെ പേപ്പര്‍ കറന്‍സി.
പിയര്‍ കോയിന്‍
പ്രൂഫ് ഓഫ് വര്‍ക്ക് എന്ന ബിറ്റ് കോയിനിലെ മെത്തേഡിനൊപ്പം പ്രൂഫ് ഓഫ് സ്റ്റോക് എന്ന മെത്തേഡ് കൂടി ഉള്‍പ്പെടുത്തിയാണ് പിയര്‍ കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സി നിര്‍മിച്ചിരിക്കുന്നത്. എഥീരിയം, ബനാന കോയിന്‍, ലൈറ്റ് കോയിന്‍ എന്നീ ക്രിപ്‌റ്റോ കറന്‍സികളും ഇന്ന് വിപണിയിലുണ്ട്.
ഫേസ്ബുക്കിന്റെ കറന്‍സി
ലോകത്ത് 240 കോടിയിലേറെ ഫേസ് ബുക്ക് ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. ഈ ഉപഭോക്താക്കളെ ലക്ഷ്യംവച്ച് ഫേസ് ബുക്ക് പുറത്തിറക്കുന്ന ക്രിപ്‌റ്റോ കറന്‍സിയാണ് ലിബ്ര. 2020 ആകുന്നതോടു കൂടി ലിബ്ര കറന്‍സിയും അവ സൂക്ഷിക്കാന്‍ ലിബ്ര പേഴ്‌സും പുറത്തിറങ്ങും. ക്രിപ്‌റ്റോ കറന്‍സി നിരോധനം നില നില്‍ക്കേ ഇന്ത്യയിലെ ലിബ്രയുടെ ആഗമനം ആശങ്കകളോടെയാണ് സാമ്പത്തിക രംഗം നോക്കിക്കാണുന്നത്. മാസ്റ്റര്‍ കാര്‍ഡ്, വിസ, വോഡഫോണ്‍, ഊബര്‍ തുടങ്ങിയ സംരംഭങ്ങളൊക്കെ ലിബ്ര കറന്‍സിക്കൊപ്പം നില കൊണ്ടിട്ടുണ്ട്.
ചരിത്രം കണ്ട ക്രൂരന്മാര്‍
കലിഗുള
ഗയസ് സീസര്‍ എന്ന റോമന്‍ ചക്രവര്‍ത്തിയാണ് കലിഗുള എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്.എ.ഡി 37 ല്‍ ചക്രവര്‍ത്തിയായി കിരീടധാരണം നടത്തിയ ഇദ്ദേഹം നിസാര കുറ്റങ്ങള്‍ക്ക് പോലും പ്രജകളെ വധ ശിക്ഷയ്ക്കു വിധിച്ചിരുന്നു. രാജാവ് വളര്‍ത്തിയിരുന്ന സിംഹങ്ങള്‍ക്ക് ഭക്ഷണമായി കുറ്റവാളികളെ നല്‍കിയും ഇദ്ദേഹം തന്റെ കുപ്രസിദ്ധി തെളിയിക്കുകയുണ്ടായി.
ഷിഹ്വാങ്ദി
ചൈനയിലെ ചിന്‍ പ്രവിശ്യയിലെ ഭരണാധികാരിയായ ഷെങ് വാങാണ് ഷിഹ്വാങ്ദി എന്ന പേരില്‍ അറിയപ്പെടുന്നത്. ബി.സി 221 ല്‍ ചൈനീസ് സാമ്രാജ്യം കീഴടക്കിയ ഇദ്ദേഹമാണ് ചൈനയിലെ വന്‍ മതില്‍ പണിതത്. എതിരാളികളെ യാതൊരു കാരുണ്യവുമില്ലാതെ വധശിക്ഷയ്ക്ക് വിധിച്ചയാളാണ് ഷിഹ്വാങ്ദി. അമൂല്യമായ അനേകം പുസ്തകങ്ങള്‍ക്ക് തീ കൊളുത്താന്‍ ഉത്തരവിട്ടും ഇദ്ദേഹം കുപ്രസിദ്ധി നേടിയിട്ടുണ്ട്.
തിമൂര്‍ ലാങ്
മംഗോളിയന്‍ രാജാവായ തിമൂര്‍ ലാങ് ചെങ്കിസ്ഖാന്റെ പിന്‍ഗാമി എന്ന പേരിലാണ് അറിയപ്പെടുന്നത്.കൊടും ക്രൂരനായ ഭരണാധികാരിയായാണ് തിമൂര്‍ ലാങ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ഏതാനും സൈനികരെ വധിച്ച കുറ്റത്തിന് ആയിരക്കണക്കിന് പേരെ കൊന്നു തള്ളാന്‍ ഉത്തരവിടുകയുണ്ടായി.
ഇവാന്‍
റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയായിരുന്ന ഇവാന് ജനങ്ങളെ കൊല്ലുന്നത് ഹരമായിരുന്നു. നോവ് ഗൊറോദിലെ അറുപതിനായിരത്തോളം ജനങ്ങളെ ഒറ്റയടിക്കാണ് ഇദ്ദേഹം കൊന്നൊടുക്കിയത്. ഒരു വിചാരണയും കൂടാതെ ഇദ്ദേഹം പ്രജകളെ കൊന്നിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ റഷ്യ ഭരിച്ചിരുന്ന ഇദ്ദേഹം ഇവാന്‍ ദ ടെറിബിള്‍ എന്ന പേരിലാണ് ചരിത്രത്തിലറിയപ്പെടുന്നത്.
എലിസബത്ത് ബത്തോറി
കുളിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല.എന്നാല്‍ രക്തത്തില്‍ കുളിക്കാനോ. അത്തരമൊരു വനിതയാണ് എലിസബത്ത് ബത്തോറി. ഹംഗറിയിലെ പ്രഭു കുടുംബത്തില്‍ ജനിച്ച ഇവര്‍ സൗന്ദര്യവും യുവത്വവും കാത്തു സൂക്ഷിക്കാന്‍ പെണ്‍കുട്ടികളുടെ രക്തത്തില്‍ കുളിച്ചാല്‍ മതിയെന്ന വിശ്വാസംവച്ചു പുലര്‍ത്തിയിരുന്നു. പതിനാറാം വയസില്‍ ഒരു പ്രഭുവിനെ വിവാഹം ചെയ്തതോടെയാണ് എലിസബത്തിന്റെ ക്രൂരത ആരംഭിക്കുന്നത്.ഏതാണ്ട് അറുന്നൂറോളം പെണ്‍കുട്ടികളെ എലിസബത്ത് കൊന്നതായി ചരിത്രം പറയുന്നു.
ഷാകാ സുലു
ദക്ഷിണാഫ്രിക്കന്‍ സുലു ഗോത്രരാജാവായിരുന്നു ഷാകാ സുലു.കൃഷി നിരോധിച്ച അദ്ദേഹം ആയിരക്കണക്കിന് സുലു ഗോത്രക്കാരെ കൊന്നൊടുക്കുകയുണ്ടായി. ഇടയന്മാരെ ഏകോപിപ്പിച്ച് സൈന്യം രൂപപ്പെടുത്തിയിരുന്ന ഇയാള്‍ ആഫ്രിക്കയുടെ വിവിധ ഭാഗങ്ങള്‍ കീഴടക്കുന്നതിനിടെ അനേകം പേരെ കൊല്ലാക്കൊല ചെയ്തു.
ഹിറ്റ്‌ലറും ആര്‍തറും
നാസി പാര്‍ട്ടിയുടെ രൂപീകരണത്തോടെയാണ് ഹിറ്റലര്‍ ജനസമ്മതനായത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയ ഹിറ്റ്‌ലര്‍ ജര്‍മനിയുടെ സ്വയം പ്രഖ്യാപിത പരമാധികാരിയായി. യുറോപ്പിന്റെ പല ഭാഗങ്ങളും ജര്‍മ്മന്‍ സാമ്രാജ്യത്തോട് ചേര്‍ക്കപ്പെടുകയുണ്ടായി. തന്റെ ഭരണത്തിനിടയില്‍ ലക്ഷക്കണക്കിന് ജൂതന്മാരെയാണ് ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയത്. ഹിറ്റ്‌ലറുടെ കൂട്ടാളിയായ ആര്‍തറും ജൂതന്മാരുടെ വംശീയ ഉന്മൂലനത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാളാണ്. അഭിഭാഷകനായിരുന്ന ആര്‍തര്‍, ഓസ്‌ട്രേലിയയിലെ നാസി നേതാവായും ചാന്‍സലറായും ശോഭിച്ചു. ഹിറ്റ്‌ലര്‍ നെതര്‍ലാന്റിലെ കമ്മീഷണറായി ആര്‍തറെ നിയമിച്ചതോടു കൂടി അവിടെയുള്ള ജൂതന്മാരെ വധിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
പോള്‍പോട്ട്
കംബോഡിയയുടെ ഭരണാധികാരിയായ പോള്‍പോട്ട് ലോകം കണ്ട ക്രൂരനമാരില്‍ ഒരാളായിരുന്നു. രാജ്യത്തിന്റെ പേര് കമ്പൂച്ചിയ എന്നാക്കി മാറ്റിയ ഇദ്ദേഹം പതിനായിരക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കി.പീഢനവും ദുര്‍ഭരണവും മൂലം പത്ത് ലക്ഷത്തോളം കംബോഡിയക്കാര്‍ മരണമടഞ്ഞു.
വ്‌ളാദ് തെപ്‌സ്
റുമാനിയയില്‍ ജീവിച്ചിരുന്ന വ്‌ളാദ് തെപ്‌സ് രാജകുമാരന്‍ ഡ്രാക്കുള എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചെകുത്താന്റെ പുത്രന്‍ എന്നാണ് റുമാനിയന്‍ ഭാഷയില്‍ ഡ്രാക്കുളെ എന്ന പദത്തിനര്‍ഥം. അമ്പതിനായിരത്തോളം ജനങ്ങളെ വ്‌ളാഡ് തെപ്‌സ് കൊന്നതായി കരുതപ്പെടുന്നു. തന്റെ രാജ്യത്തെ യാചകന്മാരെയെല്ലാം സദ്യയ്ക്ക് ക്ഷണിച്ച ശേഷം ഒരു കെട്ടിടത്തില്‍ പൂട്ടിയിട്ട് ചുട്ടുകൊന്ന വ്‌ളാദിന്റെ കഥ പ്രസിദ്ധമാണ്. ഇദ്ദേഹത്തിന്റെ പേരിനെ അനുസ്മരിച്ചാണ് ബ്രാം സ്റ്റോക്കര്‍, തന്റെ കഥാപാത്രത്തിന് ഡ്രാക്കുള എന്ന പേരു നല്‍കിയതെന്ന് പറയപ്പെടുന്നു.
ഈദി അമീന്‍
ഉഗാണ്ടയുടെ സ്വയം പ്രഖ്യാപിത പ്രസിഡന്റായിരുന്ന ജനറല്‍ ഈദി, ലോകത്തിലെ ക്രൂരനായ ഭരണാധികാരികളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ദുര്‍ഭരണം മൂന്ന് ലക്ഷത്തോളം ജനങ്ങളുടെ കൊലപാതകത്തിന് കാരണമായി എന്ന് കരുതപ്പെടുന്നു. 1979 ല്‍ ഉഗാണ്ടയില്‍ നിന്ന് പാലായനം ചെയ്തവരും ടാര്‍സാനിയന്‍ നിവാസികളും ചേര്‍ന്ന് തലസ്ഥാന നഗരമായ കംബാലയുടെ നിയന്ത്രണമേറ്റെടുത്തതോടെ ഈദിഅമീന്‍ ഉഗാണ്ടയില്‍നിന്നു രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."