HOME
DETAILS

കുഞ്ഞുട്ടി മുസ്ലിയാര്‍ ഓര്‍മയായി; വിടപറഞ്ഞത് നാലര പതിറ്റാണ്ട് കാലം നാടിനെ ബാങ്ക് വിളിച്ചുണര്‍ത്തിയ കൊടക്കാടിന്റെ മുക്രിക്ക

  
backup
October 27 2018 | 04:10 AM

%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%93

പരപ്പനങ്ങാടി: കൊടക്കാട് പ്രദേശത്തുകാര്‍ക്ക് കോലാക്കല്‍ അബ്ദുല്ല എന്ന കുഞ്ഞുട്ടി മുസ്‌ലിയാരുടെ വേര്‍പ്പാടിലൂടെ നഷ്ടമായത് നാലര പതിറ്റാണ്ട് കാലം വിശ്വാസി സമൂഹത്തെ ബാങ്ക് വിളിച്ചുണര്‍ത്തിയ കൊടക്കാടിന്റെ മുക്രിക്കയെയാണ്.
പള്ളി ദര്‍സില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി തന്റെ വീടിനടുത്തുള്ള കൊടക്കാട് വെസ്റ്റ് ജുമുഅത്ത് പള്ളിയിലെ മുക്രിയായി മുപ്പതാം വയസ്സില്‍ സ്ഥാനമേറ്റ കുഞ്ഞുട്ടി മുസ്‌ലിയാര്‍ (81) നാട്ടുകാര്‍ക്കെല്ലാം മുക്രിക്കയായിരുന്നു.
വൈദ്യുതി പോലും എത്തിയിട്ടില്ലായിരുന്ന കാലത്ത് ബാങ്ക് വിളി ആരംഭിച്ച മുക്രിക്ക സമീപകാലം വരെ തന്റെ ചുമതല നിര്‍വഹിച്ചു പോന്നിരുന്നു. സുബഹിക്കും റമദാന്‍ കാലങ്ങളില്‍ നോമ്പുതുറക്കുന്നതിനും ലൗഡ്‌സ്പീക്കര്‍ ഇല്ലാത്ത കാലത്ത് കതീന പൊട്ടിക്കല്‍ പതിവായിരുന്നു. അന്ന് കതീന മരുന്ന് നിറക്കലും കുഞ്ഞുട്ടി മുസ്‌ലിയാരായിരുന്നു.
വാര്‍ത്താമാധ്യമങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലത്ത് റമദാന്‍, ശവ്വാല്‍ മാസപിറവി ഉറപ്പിക്കുന്നതിന് ഖാസിയുടെ വീട്ടില്‍ വൈകുന്നേരം നടന്നു പോയിട്ടാണ് കുഞ്ഞുട്ടി മുസ്‌ലിയാര്‍ അറിയിപ്പ് വാങ്ങി വരിക.
ഒരു വലിയ പണ്ഡിത കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം കൊടക്കാട് മുനീറുല്‍ ഇസ്‌ലാം മദ്‌റസയില്‍ അധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. പണ്ഡിതനാണെങ്കിലും കുരുമുളക്, അടക്ക, കന്നുകാലി തുടങ്ങി ചെറിയ കച്ചവടവും നടത്തിയിരുന്നു.
വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം തന്റെ നീണ്ട നാലര പതിറ്റാണ്ടുകാലത്തെ സേവനം സ്വന്തം ഇഷ്ടപ്രകാരം മതിയാക്കി ആരാധനാ കര്‍മങ്ങളില്‍ ഒതുങ്ങി ജീവിച്ച കുഞ്ഞുട്ടി മുസ്‌ലിയാര്‍ ജാതിമത ഭേദമന്യേ എല്ലാവരുടെയും സ്‌നേഹവും ആദരവും ഏറ്റുവാങ്ങിയ വ്യക്തിത്വമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."