ഓണാഘോഷം ലളിതം; ചെലവ് വെറും ആറ് കോടി
തിരുവനന്തപുരം: വാക്കിലൊന്ന് പ്രവൃത്തിയില്‍ മറ്റൊന്ന്, തുടര്‍ച്ചയായി രണ്ടുവര്‍ഷം പ്രളയം വിഴുങ്ങിയ കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി പണം കണ്ടെത്താന്‍ നെട്ടോട്ടമോടുന്ന സര്‍ക്കാര്‍ ലളിതമായ രീതിയില്‍ ഇത്തവണത്തെ ഓണാഘോഷം നടത്താന്‍ പൊട്ടിക്കുന്നത് ആറു കോടി രൂപ.
പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ ജീവിതങ്ങള്‍ കരയ്‌ക്കെത്തിക്കാതെയാണ് കോടികള്‍ മുടക്കിയുള്ള സര്‍ക്കാരിന്റെ ഓണാഘോഷം. ടൂറിസം വകുപ്പ് വഴിയാണ് സംസ്ഥാനത്തെ ഓണാഘോഷം നടത്തുന്നത്. തിരുവനന്തപുരത്ത് ടൂറിസം വകുപ്പ് നേരിട്ടും എല്ലാ ജില്ലകളില്‍ ഡി.ടി.പി.സിയും വഴിയാണ് സര്‍ക്കാര്‍ ഓണം കെങ്കേമമാക്കുന്നത്.
തിരുവനന്തപുരത്ത് ഈ മാസം 10 മുതല്‍ 16 വരെ നടത്തുന്ന ഓണാഘോഷത്തിന് ടൂറിസം വകുപ്പിന് നാലുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതു കൂടാതെ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ എന്നീ ഡി.ടി.പി.സികള്‍ക്ക് 20 ലക്ഷം രൂപയും, കോഴിക്കോട്, എറണാകുളം ഡി.ടി.പി.സികള്‍ക്ക് 30 ലക്ഷം രൂപയും, തൃശൂര്‍ ഡി.ടി.പി.സിക്ക് 26 ലക്ഷം രൂപയും, മറ്റു ജില്ലകളിലെ ഡി.ടി.പി.സികള്‍ക്ക് 6 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
ഇതു കൂടാതെ പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളും,തദ്ദേശസ്ഥാപനങ്ങളും തനതു ഫണ്ടില്‍നിന്നും ദീപാലങ്കാരത്തിനും മറ്റുമായി രണ്ടുലക്ഷം വരെ തനതു ഫണ്ടില്‍നിന്നും ചെലവാക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച ഉത്രാടനാളില്‍ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഓണാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം. ഇതോടെ ആറുനാളത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഇതുകൂടാതെ സെപ്റ്റംബര്‍ 16ന് ലക്ഷങ്ങള്‍ പൊട്ടിച്ച് വിദേശ വ്യവസായിയുടെ കോവളത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന ടൂറിസം സംഗമമാണ് ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രധാന സവിശേഷത. പ്രളയത്തെ അതിജീവിച്ച കേരളത്തെക്കുറിച്ചു വിവരിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പ് സഹമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേല്‍ മുഖ്യാതിഥിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."