മെഡിക്കല്‍ കോളജ് അഴിമതിയില്‍ ഒത്ത് തീര്‍പ്പ്
വടക്കാഞ്ചേരി: മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അഴിമതി വിവാദത്തില്‍ സമവായം. 48 ലക്ഷം രൂപയുടെ വന്‍ അഴിമതി നടന്നുവെന്ന ആരോപണമാണ് പൊട്ടാത്ത പടക്കമാവുന്നത്. വികസന മുന്നേറ്റത്തിന്റെ ഭാഗമായി ചെലവിട്ട പണത്തിന്റെ കണക്കും വാങ്ങിയെന്നു പറയുന്ന ഉപകരണങ്ങള്‍ എവിടെ പോയി എന്നതിനെ കുറിച്ചു രൂപവും ഇല്ലാത്തതിനാല്‍ വികസന മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ചിരുന്ന സൂപ്രണ്ട് ഡോ. ബിജു കൃഷ്ണന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.വി സന്തോഷ്, ആര്‍.എം.ഒ ഡോ. സി.പി മുരളി എന്നിവര്‍ പ്രിന്‍സിപ്പല്‍ ഡോ.എം.എ ആന്‍ഡ്രൂസിനു രാജി നല്‍കിയിരുന്നു. ഇതോടെ സംസ്ഥാനത്തെ പ്രമുഖ ആതുരാലയത്തില്‍ കടുത്ത ഭരണ പ്രതിസന്ധിയും ഉടലെടുത്തു.
അത്യാഹിത വിഭാഗമായ ട്രോമാകെയറിലേക്കു ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ നല്‍കിയ ഫണ്ടില്‍ നിന്നാണു 48 ലക്ഷം രൂപയുടെ വെട്ടിപ്പു നടന്നിട്ടുള്ളത്. ചെലവഴിച്ച പണത്തിന്റെ കണക്കു നല്‍കാന്‍ സൂപ്രണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് അതില്‍ നിന്നു ഒഴിവാകുകയായിരുന്നുവത്രെ.
ഇതിനെ തുടര്‍ന്നായിരുന്നു സംസ്ഥാനം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട രാജിയും തുടര്‍ കോലാഹലങ്ങളും. എമര്‍ജന്‍സി ട്രോമാകെയര്‍ യൂനിറ്റിലേക്ക് മൂന്നു വര്‍ഷം മുന്‍പാണ് 98 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയത്. ഇതില്‍ അന്‍പത് ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ മാത്രമാണു ആശുപത്രിയില്‍ എത്തിയിട്ടുള്ളത്.
ഇതിനു പുറമെ പുതിയ കാന്റീന്‍ അനുവദിച്ചതിലും താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചതിലും വന്‍ അഴിമതി നടന്നുവെന്ന ആരോപണവും ശക്തമാണ്.
സംഭവം വിവാദമായതോടെ പ്രശ്‌നം ഒത്തു തീര്‍ക്കാന്‍ ആരോഗ്യ മന്ത്രിയുടെ ഓഫിസ് നടപടികള്‍ ആരംഭിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം യുവ ഡോക്ടര്‍മാരുടെ രാജി സ്വീകരിക്കാതിരുന്ന സൂപ്രണ്ട് രാജിവച്ചവരുമായി മാരത്തോണ്‍ ചര്‍ച്ചയും നടത്തി. ഇതിനെ തുടര്‍ന്നു മൂന്നു പേരും കഴിഞ്ഞ ദിവസം മുതല്‍ പഴയ ചുമതലകളും ഏറ്റെടുത്തു.
തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കു അടിയന്തര പരിഹാരം കാണാമെന്നു അധികൃതര്‍ ഉറപ്പു നല്‍കിയെന്നാണു ഡോക്ടര്‍മാരുടെ വിശദീകരണം. എന്നാല്‍ വന്‍ ക്രമക്കേട് പുറത്തായ സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്തു നടപടി കൈകൊള്ളുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."