തുടക്കം കിടുക്കി
കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ കേരളത്തില്‍ നിന്നുള്ള ക്ലബായ ഗോകുലം എഫ്.സിക്ക് മികച്ച തുടക്കം. സ്വന്തം മൈതാനത്ത് മോഹന്‍ബഗാനെ 1-1 എന്ന സ്‌കോറിന് ഗോകുലം സമനിലയില്‍ തളക്കുകയായിരുന്നു. കളിയുടെ ആദ്യ പകുതിയില്‍ പതറിപ്പോയെങ്കിലും രണ്ടാം പകുതിയില്‍ സമ്പൂര്‍ണ ആധിപത്യം നേടിയ ഗോകുലം അര്‍ഹിച്ച ജയം കൈവിട്ടുകളയുകയായിരുന്നു. ആദ്യ പകുതിയില്‍ ഗോകുലത്തിന്റെ മിസ് പാസുകളും മിഡ്ഫീല്‍ഡിലെ പിഴവുകളും മുതലാക്കി ബഗാന്‍ മൈതാനത്ത് സര്‍വ ആധിപത്യം പുലര്‍ത്തി. തുടരെയുള്ള അക്രമത്തിനൊടുവില്‍ 41-ാം മിനുട്ടില്‍ ഹെന്‍ട്രി കിസേക്കാ ലക്ഷ്യം കണ്ടു. ഇതോടെ ഗോകുലം പ്രതിരോധത്തിലായി.
കാണികളുടെ സപ്പോര്‍ട്ടുണ്ടായിട്ടും പതറിയ താരങ്ങളുടെ മനോനില തകര്‍ന്നതോടെ ടീം സമ്പൂര്‍ണ പരാജയമായി. മുന്നേറ്റനിരയിലുണ്ടായിരുന്ന അന്റോണിയോ ജര്‍മന്‍ പന്തില്‍ തൊടാന്‍ പോലും കിട്ടാതായി. ആദ്യ പകുതിയില്‍ ഗോളെന്നുറച്ച ഓപണ്‍ നെറ്റ് ജര്‍മന് ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ടാം പകുതിക്ക് ശേഷം ഗനി നിഗത്തെ പിന്‍വലിച്ച് രാജേഷിനെ പരീക്ഷിച്ചപ്പോഴാണ് ഗോകുലത്തിന് ജീവന്‍വച്ചത്.
നാലിലധികം ഗോളെന്നുറച്ച അവസരങ്ങള്‍ ഗോകുലത്തിന് ലഭിച്ചെങ്കിലും മുന്നേറ്റ നിരക്ക് അവസരം മുതലാക്കാനായില്ല. 71-ാം മിനുട്ടില്‍ അര്‍ജുന്‍ ജയരാജിന് ലഭിച്ച പന്തില്‍ നിന്നായിരുന്നു ഗോകുലത്തിന്റെ സമനില ഗോള്‍ പിറന്നത്. ബഗാന്‍ കീപ്പര്‍ ശങ്കറിന്റെ അടുത്തേക്കെത്തിയ പന്തിന് ഓടിയ അര്‍ജുന്‍ ജയരാജ് കീപ്പറെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. തുടര്‍ന്ന് ഓടിവന്ന ലാല്‍ചൗനിക്മയുടെ കാലില്‍ തട്ടി സെല്‍ഫ് ഗോളാവുകയായിരുന്നു. നാലുഗോളിനെങ്കിലും ജയിക്കേണ്ടിയിരുന്നു മത്സരമായിരുന്നെങ്കിലും ബഗാനെ സമനിലയില്‍ തളച്ചത് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് മത്സരശേഷം ബിനോ ജോര്‍ജ് പറഞ്ഞു.
ടീം കോംപിനേഷന്‍ ഇല്ലാത്തതിനാലാണ് ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്നതെന്ന് ബിനോ പറഞ്ഞു. തുടര്‍ന്നുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും ബിനോ കൂട്ടിച്ചേര്‍ത്തു.
ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടില്‍ സമനിലയില്‍ പിടിച്ചു നിന്നത് വലിയ കാര്യമാണെന്ന് ബഗാന്‍ പരിശീലകന്‍ ശങ്കര്‍ലാല്‍ ചക്രബര്‍ത്തി പറഞ്ഞു. രണ്ടാം പകുതിക്ക് ശേഷം തങ്ങളുടെ പ്ലാന്‍ പൂര്‍ണമായും നടപ്പാക്കാന്‍ കഴിഞ്ഞില്ല. ഈ അവസരം മുതലെടുത്താണ് ഗോകുലം കളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."