സ്വന്തം മണ്ണിലെ അവസാന പോരിലും ബോള്‍ട്ട് തന്നെ വേഗ രാജാവ്
കിങ്സ്റ്റണ്‍: 15ാം വയസില്‍ സ്വര്‍ണം നേടി ലോകത്തിന്റെ നെറുകയിലേക്ക് കുതിപ്പ് തുടങ്ങിയ സ്വന്തം നാട്ടിലെ ട്രാക്കില്‍ കരിയറിലെ അവസാന പോരാട്ടത്തിലും സുവര്‍ണം നേട്ടം ആവര്‍ത്തിച്ച് സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ബോള്‍ട്ട് ജന്മനാടായ ജമൈക്കയിലെ തന്റെ അവസാന മത്സരത്തിനിറങ്ങി ഒന്നാം സ്ഥാനത്തോടെ തിരിച്ചു കയറി. സല്യൂട്ട് ടു എ ലെജന്റ് എന്ന് പേരിട്ട പോരാട്ടത്തിന്റെ 100 മീറ്ററില്‍ ഒന്നാമതെത്തിയ ബോള്‍ട്ട് തന്റെ വേഗത്തിന് ഇപ്പോഴും കുറവില്ലെന്ന് അടിവരയിട്ടു. 10.03 സെക്കന്‍ഡിലാണ് ബോള്‍ട്ടിന്റെ വിജയം.
2002ല്‍ ലോക ജൂനിയര്‍ പോരാട്ടത്തില്‍ മികച്ച വേഗം കുറിച്ച് തുടങ്ങിയ ബോള്‍ട്ട് എട്ട് ഒളിംപിക്സ് സ്വര്‍ണവും 11 ലോക ചാംപ്യന്‍ഷിപ് കീരിടവും സ്വന്തമാക്കിയാണ് കരിയറിനോട് വിട പറയാനൊരുങ്ങുന്നത്. ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനാണ് താനെന്ന് അദ്ദേഹം ഉറപ്പിച്ചത്. ബോള്‍ട്ടിന്റെ സ്വന്തം നാട്ടിലെ പോരാട്ടം കാണാന്‍ 30,000ലധികം പേരാണ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയത്.
ഓഗസ്റ്റ് അഞ്ച് മുതല്‍ 13 വരെ ലണ്ടനില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പോടെ വിരമിക്കാനാണ് ബോള്‍ട്ടിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."