ഈ സൗജന്യം വേണ്ടായിരുന്നു; കൃഷി വകുപ്പിന്റെ നെല്‍വിത്തിനൊപ്പം കളയും
മാനന്തവാടി: പ്രളയം നാശം വിതച്ചിട്ടും തളരാതെ പാടത്തിറങ്ങിയ നെല്‍കര്‍ഷകരെ കണ്ണീരിലാഴ്ത്തി കൃഷി വകുപ്പ് നല്‍കിയ സൗജന്യ നെല്‍വിത്ത്.
ഉമ എന്ന ഇനം നെല്‍വിത്തുകളാണ് വകുപ്പ് കാര്‍ഷകര്‍ക്ക് ആശ്വാസമാകാന്‍ സൗജന്യമായി നല്‍കിയത്. എന്നാല്‍ ഈ നെല്‍വിത്തുകള്‍ ഉപയോഗിച്ച് വേമോം പാടത്ത് കൃഷി ചെയ്ത കര്‍ഷകരാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്.
നെല്‍ കതിരുകള്‍ക്ക് പകരമായി വലിയ ഉയരത്തിലാണ് കളകള്‍ വളര്‍ന്നിരിക്കുന്നത്. പാടം മറക്കുന്ന രീതിയിലാണ് പുല്ല് നിറഞ്ഞിരിക്കുന്നത്.
ജില്ലയിലെ തന്നെ ഏറ്റവും വലിയ പാടശേഖരമായ വേമോം പാടത്തിന്റെ ഭൂരിഭാഗവും കള നിറഞ്ഞിരിക്കുകയാണ്. കതിര് പാകമായി വരാന്‍ തുടങ്ങുന്ന സമയത്ത് കളകള്‍ ഉയര്‍ന്ന് വന്നതാണ് കര്‍ഷകരുടെ പ്രതിസന്ധി വര്‍ധിപ്പിച്ചിരിക്കുന്നത്.
സ്വന്തമായി ശേഖരിച്ചിരുന്ന കാഞ്ചന, ജ്യോതി നെല്‍വിത്തുകളാണ് ഇവര്‍ മുന്‍പ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ നിനച്ചിരിക്കാതെയെത്തിയ കാലവര്‍ഷം ഇവരുടെ പ്രതീക്ഷകളെ തകിടം മറിക്കുകയായിരുന്നു.
കൃഷി നാശം പൂര്‍ണമായും തിട്ടപ്പെടുത്താത്തതിനാല്‍ തന്നെ കര്‍ഷകര്‍ക്ക് നഷ്ട്ടപരിഹാരവും ലഭിച്ചിരുന്നില്ല. എങ്കിലും കൃഷിയെ കൈവിടാനുള്ള മടിയും വര്‍ഷങ്ങളായി ചെയത് വരുന്ന തൊഴില്‍ ഉപേക്ഷിക്കാന്‍ കഴിയാത്തതും കാരണം കര്‍ഷകര്‍ നഷ്ട്ടം സഹിച്ചും പാടത്ത് ഇറങ്ങുകയായിരുന്നു. എന്നാല്‍ കര്‍ഷകരുടെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച് കൊണ്ടാണ് കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന വയലില്‍ കളകള്‍ നിറഞ്ഞിരിക്കുന്നത്.
പാടങ്ങളില്‍ അവശേഷിക്കുന്ന നെല്ലെങ്കിലും സംരക്ഷിക്കാനായി കളകള്‍ കൊയ്ത് റോഡരികില്‍ കൂട്ടിയിട്ടിരിക്കുകയാണ്. പശുക്കള്‍ക്ക് പോലും വേണ്ടാത്ത കളകളാണ് വയലില്‍ മുളച്ച് പൊങ്ങിയതെന്ന് കര്‍ഷകര്‍ പറയുന്നു.
ആവശ്യമായ കീടനാശിനികളും വളവുമെല്ലാം ഉപയോഗിച്ച് കൃഷി ചെയ്തിട്ടും ഇവര്‍ക്ക് ലഭിച്ചതാകട്ടെ കളയും. പാട്ടത്തിനെടുത്ത വയലില്‍ ബാങ്ക് വായപയും മറ്റും എടുത്താണ് ഭൂരിഭാഗം കര്‍ഷകരും കൃഷി ഇറക്കിയത്. ഒരു ഏക്കറിന് 30 കിലോ വീതം നെല്‍വിത്താണ് കൃഷി വകുപ്പ് നല്‍കിയത്. പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലയുടെ തിരിച്ച് വരവിന് വലിയ ആഘാതമായിരിക്കുകയാണ് 500 ഏക്കറോളം വരുന്ന വേമോം പാടത്തെ നെല്‍കൃഷി.
കളകള്‍ നിറഞ്ഞ പാടങ്ങളിലെയെല്ലാം കൃഷി പൂര്‍ണ്ണമായി നശിച്ച് കഴിഞ്ഞു. നഷ്ടം സഹിച്ചും പാടത്തിറങ്ങുന്ന തങ്ങള്‍ക്ക് ഈ സൗജന്യം വേണ്ടായിരുന്നെന്നും കര്‍ഷകര്‍ പറയുന്നു. കൃഷി നശിച്ച സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ നടപടിയുണ്ടാകണമെന്ന ആവശ്യവും ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."