തൃക്കലങ്ങോട്ട് പകര്‍ച്ചവ്യാധികള്‍ തടയാന്‍ നടപടിയില്ല; യു.ഡി.എഫ് പ്രക്ഷോഭത്തിന്
പഞ്ചായത്തിലെ ഏഴ് പി.എച്ച്.സികളില്‍ നാലെണ്ണം ജീവനക്കാരില്ലാതെ പൂട്ടിക്കിടക്കുകയാണെന്ന് ആരോപണം
മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചിട്ടും ഭരണസമിതി നടപടികള്‍ കൈകൊള്ളാത്തതിനെതിരേ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു.
പഞ്ചായത്തിലെ പുളിങ്ങോട്ടുപുറം, നായരങ്ങാടി, നിലങ്ങോട്, ചെറുപള്ളിപാതിരിക്കോട്, ചാത്തക്കാട്, കുട്ടശ്ശേരി, പേലേപ്പുറം, ചാരങ്കാവ് എന്നീ സ്ഥലങ്ങളില്‍ പൂര്‍ണമായും മറ്റു പ്രദേശങ്ങളില്‍ ഭാഗികമായും മഞ്ഞപ്പിത്തം, ഡെങ്കിപ്പനി പോലോത്ത പകര്‍ച്ചവ്യധികള്‍ പടര്‍ന്നിരിക്കുകയാണ് .
ഇതുമൂലം നൂറുകണക്കിന് പേര് ചികിത്സ തേടിയ സാഹചര്യമാണുള്ളത്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനു മുന്‍കരുതല്‍ എടുക്കണമെന്ന് പ്രതിപക്ഷം പലപ്പോഴായി ആവശ്യപ്പെട്ടിട്ടും നടപടികളുണ്ടാവുന്നില്ല. രോഗബാധിത പ്രദേശങ്ങളിലെക്ക് കൊതുകു നശീകരണത്തിനു ഫോഗിങ് മെഷീന് സ്വന്തമായി വാങ്ങാതെ എടവണ്ണ പഞ്ചായത്തിന്റെത് ഉപയോഗിക്കുന്ന സ്ഥിതിയാണുള്ളത്. പഞ്ചായത്തിലെ ഏഴ് പി.എച്ച്.സികളില്‍ നാലെണ്ണം ജീവനക്കാരില്ലാതെ പൂട്ടിക്കിടക്കുകയാണ്. പഞ്ചായത്തിലെ പി.എച്ച്.സി സബ് സെന്ററുകളില്‍ പേലേപ്പുറം, ആമയൂര്‍, ഷാപ്പിന്‍കുന്ന്, ചെറാംകുത്ത് എന്നിവിടങ്ങളില്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് ഇല്ലാത്തതിനാല്‍ പി.എച്ച്.സി സബ് സെന്ററുകളും പൂട്ടികിടക്കുകയാണ്.
ആരേഗ്യവകുപ്പിലെ ഒഴിവുകള്‍ നികത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും യു.ഡി.എഫ് അംഗങ്ങളായ എന്‍.പി മുഹമ്മദ്, വിജീഷ് എളങ്കൂര്‍, ഇ.എ സലാം, വേണു പ്രാകുന്ന്, ഷെഹര്‍ബാനു പുലത്ത് എന്നിവരുടെ നേതൃത്വത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."