ജില്ലാ വികസന സമിതി യോഗം: ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ പരിശോധന കര്‍ശനമാക്കും
തൃശൂര്‍: ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായ ഭാഗങ്ങളില്‍ കര്‍ശന പരിശോധനകള്‍ നടത്തുമെന്നും ഇനിയും ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുമെന്നും ജില്ലാ വികസന സമിതി യോഗം.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ജീവനഷ്ടം അടക്കം വ്യാപക കെടുതിയുടെ സാഹചര്യത്തിലാണ് വികസന സമിതിയുടെ തീരുമാനം. ഉരുള്‍പ്പൊട്ടല്‍ ഉണ്ടായ ചേലക്കര, പാഞ്ഞാള്‍ ഭാഗങ്ങളിലെ കുന്നിന്‍ പ്രദേശങ്ങളില്‍ വീണ്ടും വിള്ളലുകള്‍ കണ്ടതിനെ തുടര്‍ന്ന് കുറുമല കുന്നിന്‍ ഭാഗങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ എം.എല്‍.എ യു.ആര്‍ പ്രദീപ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ജിയോളജി വകുപ്പ് അധികൃതര്‍ വിവിധ കോളനികള്‍ സന്ദര്‍ശിക്കുകയും സ്ഥലപരിശോധന നടത്തി ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തതായും ജില്ലയിലെ ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പരിശോധന നടന്നുവരികയാണെന്നും വകുപ്പ് മേധാവി യോഗത്തെ അറിയിച്ചു. ജില്ലയിലെ വിവിധ ഗവ. കോളജുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കുന്ന നടപടിയെ നിയമപരമായി നേരിടും. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി ഈ അധ്യയന വര്‍ഷം തന്നെ പൂര്‍ത്തീകരിക്കുമെന്നും വിവിധ സ്ഥലങ്ങളില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്ന നടപടി എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ചാലക്കുടി നിയോജക മണ്ഡലത്തിലെ പുകയിലപ്പാറ കോളനിയില്‍ 28 കുടുംബങ്ങള്‍ക്ക് പുറമെ മറ്റു കുടുംബങ്ങള്‍ക്ക് കൂടി പട്ടയം നല്‍കണമെന്ന ബി.ഡി ദേവസ്സി എം.എല്‍.എയുടെ നിര്‍ദേശത്തില്‍ തുടര്‍ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ ടി.വി അനുപമ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൈപ്പമംഗലം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പെരുന്തോട് പദ്ധതിയുടെ രണ്ടാം ഘട്ട പുനര്‍നിര്‍മാണം ത്വരിതഗതിയില്‍ ആരംഭിക്കണമെന്നും ഇതിന്റെ ഭാഗമായി മത്സ്യകൃഷി വിപുലപ്പെടുത്താനും ഇ.ടി ടൈസണ്‍ മാസ്റ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 177 നിര്‍മാണ പ്രവൃത്തികളില്‍ 159 പദ്ധതികള്‍ പൂര്‍ത്തീകരിക്കാനായെന്നും ബാക്കിയുള്ള പദ്ധതികള്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കാനാവുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ജില്ലാ കലക്ടര്‍ ടി.വി അനുപമ അധ്യക്ഷയായി. എം.എല്‍.എമാരായ ബി.ഡി ദേവസ്സി, ഇ.ടി ടൈസണ്‍ മാസ്റ്റര്‍, ഡി.പി.ഒ ഡോ. എ. സുരേഷ് കുമാര്‍, ഇരിങ്ങാലക്കുട ആര്‍.ഡി.ഒ സി. റെജില്‍, ഡെപ്യൂട്ടി കലക്ടര്‍ എം.ബി ഗിരീഷ് പങ്കെടുത്തു. അടുത്ത ജില്ലാ വികസന സമിതിയോഗം നവംബര്‍ 24 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."