പരാതി നല്‍കിയാല്‍ ഇനി കേസ് വിവരങ്ങള്‍ തത്സമയം
തിരുവനന്തപുരം: കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ച് പ്രതി ശിക്ഷിക്കപ്പെടുന്നതുവരെ അല്ലെങ്കില്‍ പ്രതിയെ വെറുതെ വിടുന്നതുവരെയുള്ള വിവരങ്ങള്‍ തത്സമയം പരാതിക്കാരന്റെ മൊബൈല്‍ ഫോണില്‍ സന്ദേശമായി ലഭിക്കുന്നതിനുള്ള സംവിധാനത്തിന് കേരള പൊലിസ് രൂപം നല്‍കിയതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കേസിന്റെ പുരോഗതി ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ അറിയിക്കണമെന്ന പൊതുജനങ്ങളുടെ ആവശ്യമാണ് ഈ നടപടിയിലൂടെ പൂര്‍ത്തീകരിക്കുന്നത്.
ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്ക് ആന്‍ഡ് സിസ്റ്റം നോഡല്‍ ഓഫിസറും ആംഡ് പൊലിസ് ബറ്റാലിയന്‍ ഡി.ഐ.ജിയുമായ പി. പ്രകാശ്, സിസ്റ്റം അനലിസ്റ്റ് മാത്യു സൈമണ്‍ എന്നിവരുടെ ശ്രമഫലമായാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. ഈ സംവിധാനത്തിലൂടെ വിവരങ്ങള്‍ ലഭിക്കുന്നതിനായി പരാതി നല്‍കുമ്പോള്‍ തന്നെ മൊബൈല്‍ നമ്പര്‍ കൂടി ലഭ്യമാക്കിയിരിക്കണം.
സന്ദേശങ്ങള്‍ ലഭിക്കാത്തവര്‍ പി. പ്രകാശിനെയോ (ഫോണ്‍ 9497998999) സംസ്ഥാന പൊലിസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ(0471 2722500) ബന്ധപ്പെടണമെന്ന് ഡി.ജി.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."