ശബരിമല വിധിയെ വിമര്‍ശിച്ച് ജെയ്റ്റ്‌ലിയും യോഗി ആദിത്യനാഥും
ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിനെ വിമര്‍ശിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ രംഗത്തുവന്നതിനു പിന്നാലെ വിമര്‍ശനം ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. ഭരണഘടനയിലെ തുല്യനീതി എന്നത് മതാചാരങ്ങള്‍ക്കു ബാധകമാവില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഭരണഘടന പൗരന് അനുവദിക്കുന്ന മതസ്വാതന്ത്ര്യം എന്ന ഒരു മൗലികാവകാശം തുല്യത എന്ന മറ്റൊരു മൗലികാവകാശത്തെ ഹനിക്കപ്പെടരുത്. എല്ലാ അവകാശങ്ങളും തുല്യനീതിയുടെ മാനദണ്ഡംവച്ചാണ് പരിഗണിക്കുന്നത്.
എന്നാല്‍ മതപരമായ ആചാരങ്ങളില്‍ തുല്യനീതി മാനദണ്ഡമാക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഭരണഘടന നല്‍കുന്ന ഒരു അവകാശം മറ്റൊരു അവകാശത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഡല്‍ഹിയില്‍ ആര്‍.എസ്.എസിനു കീഴിലുള്ള ഇന്ത്യാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അടല്‍ ബിഹാരി വാജ്‌പേയി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ജെയ്റ്റ്‌ലി.
ഭരണഘടനയെ പിന്തുണയ്ക്കുന്നവര്‍ക്ക് ആദ്യം ഭരണഘടനയും പിന്നീട് ദൈവവുമാണ്. എന്നാല്‍ ഭക്തന്‍മാര്‍ വിചാരിക്കുന്നത് ദൈവത്തിന് ശേഷമാണ് ഭരണഘടനയെന്നാണ്. സാമൂഹിക മാറ്റങ്ങള്‍ സ്വാഭാവികമായി സംഭവിക്കേണ്ടതാണെന്നും അത് സര്‍ക്കാരുകള്‍ അടിച്ചേല്‍പ്പിക്കണ്ടതല്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് പെട്ടെന്നു വിധി പറയാമെങ്കില്‍ അയോധ്യാ കേസില്‍ എന്തുകൊണ്ട് വിധിപുറപ്പെടുവിക്കാന്‍ വൈകുന്നുവെന്ന് ഇതേ ചടങ്ങില്‍ സംസാരിച്ച യോഗി ആദിഥ്യനാഥ് ചോദിച്ചു. ശബരിമല കേസില്‍ തിടുക്കത്തില്‍ വിധിപറഞ്ഞതുപോലെ, അയോധ്യാ കേസിലും വേഗത്തില്‍ വിധിപുറപ്പെടുവിക്കാന്‍ കോടതിയോട് അപേക്ഷിക്കുന്നതായും യോഗി പറഞ്ഞു. ശബരിമല കേസ് നീണ്ട 12 വര്‍ഷത്തോളം സുപ്രിംകോടതിയില്‍ കെട്ടിക്കിടന്നത് മറച്ചുവച്ചാണ് യോഗി ആദിത്യനാഥിന്റെ പ്രസംഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."