സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇരട്ടി ശമ്പള നിയമനത്തിനൊരുങ്ങി കെ.എ.എസ്.ഇ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്തും ചട്ടലംഘനവുമായി സര്‍ക്കാര്‍ കമ്പനി. സര്‍ക്കാര്‍ നിശ്ചയിച്ചതിലും ഇരട്ടി ശമ്പളത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാനാണ് നീക്കം.
തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സാണ് സര്‍ക്കാര്‍ നിശ്ചയിച്ചതിലും ഇരട്ടി ശമ്പളത്തിന് നിയമനത്തിനായി പരസ്യം നല്‍കിയത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുകയും പ്രളയ പുനര്‍നിര്‍മാണത്തിനുപോലും പണം കണ്ടെത്താനാകാതെ വലയുകയും ചെയ്യുന്ന സമയത്താണ് സര്‍ക്കാര്‍ കമ്പനിയുടെ ധൂര്‍ത്ത്.
അക്കാദമിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ തസ്തികയിലേക്ക് നിലവില്‍ 70,000 രൂപയാണ് പ്രതിമാസ ശമ്പളം. മന്ത്രിസഭായോഗം നിശ്ചയിച്ചിട്ടുള്ളതും ഇതേ തുകയാണ്. കമ്പനി സെക്രട്ടറിയുടെ ശമ്പളം 25,000 രൂപയും. 2019 ജനുവരി 16ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇവരുടെ ശമ്പളം തീരുമാനിച്ചത്.
എന്നാല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍, കമ്പനി സെക്രട്ടറി തുടങ്ങിയ തസ്തികകളിലേക്ക് അക്കാദമി ഓഗസ്റ്റ് 31ന് പുറപ്പെടുവിച്ച പരസ്യത്തില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ ശമ്പളം 1,20,000 രൂപയാണ്. കമ്പനി സെക്രട്ടറിയുടേതാകട്ടെ അന്‍പതിനായിരവും. ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലെ കരാര്‍ കാലാവധി ഒരു വര്‍ഷമാക്കി ധനകാര്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സില്‍ മൂന്നുവര്‍ഷമാണ് നിയമന കാലാവധിയെന്നും വ്യക്തമാക്കുന്നു. നികുതി വരുമാനം കുറയുകയും ചെലവ് ക്രമാതീതമായി വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ചെലവ് ചുരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടയിലാണ് ശമ്പളം ക്രമാതീതമായി വര്‍ധിപ്പിച്ച് പുതിയ നിയമനത്തിന് സര്‍ക്കാര്‍ കമ്പനി തന്നെ തീരുമാനമെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."