പാവപ്പെട്ടവര്‍ക്കുള്ള ഓണക്കിറ്റ് ഒഴിവാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: പാവപ്പെട്ടവരെ കണ്ടെത്തി ഓണക്കാലത്ത് സൗജന്യ ഓണക്കിറ്റ് കൊടുക്കുന്ന പതിവ് ഒഴിവാക്കി സര്‍ക്കാര്‍. ബി.പി.എല്‍ അടക്കം പതിനാറുലക്ഷം പേര്‍ക്ക് ഓണക്കാലത്ത് സൗജന്യക്കിറ്റ് നല്‍കിയിരുന്നതാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് മഞ്ഞക്കാര്‍ഡ് ഉടമകളിലേക്ക് ചുരുങ്ങി. അരിയും പഞ്ചസാരയും തുടങ്ങി അവശ്യസാധനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റ് കഴിഞ്ഞ വര്‍ഷം അഞ്ചുലക്ഷം ഗുണഭോക്താക്കള്‍ക്കാണ് നല്‍കിയത്. ഇവരെയാണ് സര്‍ക്കാര്‍ ഒരു അറിയിപ്പുമില്ലാതെ ഒഴിവാക്കിയത്.
അധികച്ചെലവ് താങ്ങാന്‍ പറ്റാത്തതു കൊണ്ടാണ് ഓണക്കിറ്റ് വേണ്ടെന്നുവച്ചതെന്നാണ് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പ്രതികരിച്ചത്.
ഓണക്കിറ്റല്ലെങ്കിലും നിര്‍ധനരായ ആളുകള്‍ക്ക് സര്‍ക്കാര്‍ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളില്‍ 1038 ഗ്രാമങ്ങളില്‍ സൗജന്യമായി റേഷന്‍ നല്‍കുന്നുണ്ട്. വളരെ മിതമായ നിരക്കില്‍ സപ്ലൈകോ 14 സബ്‌സിഡി ഇനങ്ങളും നല്‍കുന്നുണ്ട്. പട്ടികജാതി വികസന വകുപ്പും കിറ്റുകള്‍ നല്‍കുന്നുണ്ട്. കോടാനുകോടി രൂപയുടെ ബാധ്യത ഏറ്റടെത്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം നിര്‍വഹിക്കുന്നതെന്നും അതുകൊണ്ടുതന്നെ അധിക ചെലവ് ഇന്നത്തെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
കോടികള്‍ ചെലവഴിച്ച് ഡല്‍ഹിയിലും മുഖ്യമന്ത്രിയുടെ ഓഫിസിലും അനാവശ്യ തസ്തികകള്‍ സൃഷ്ടിച്ച് ധൂര്‍ത്ത് തുടരുമ്പോഴും പാവപ്പെട്ടവര്‍ക്ക് ഓണക്കിറ്റ് നല്‍കാതെ ധനവകുപ്പും സര്‍ക്കാരും കടുത്ത വഞ്ചനയാണ് കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭക്ഷ്യവകുപ്പ് മന്ത്രിയുടെ വിശദീകരണം നിരാശാജനകമാണ്. പാവങ്ങളോട് കരുണയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.
പ്രളയത്തില്‍ പിരിച്ച തുക പോലും കൃത്യമായി വിതരണം ചെയ്യാനാകാത്തത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പൂര്‍ണ പരാജയമാണെന്നും ചെന്നിത്തല പറഞ്ഞു.
അതീവ ദരിദ്ര ജനവിഭാഗങ്ങളേയും പ്രളയബാധിതരേയും പട്ടിണിക്കിട്ട് കോടികള്‍ പൊടിച്ച് ഓണം ആഘോഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന് അപമാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഓണക്കിറ്റും സ്‌പെഷല്‍ പഞ്ചസാരയും ഈ വര്‍ഷം നല്‍കേണ്ടെന്ന് തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി സാധാരണക്കാരോടുള്ള കടുത്ത അനീതിയാണ്. സര്‍ക്കാരിന്റെ ജാഗ്രത കുറവുകൊണ്ട് സംസ്ഥാനത്തെ സാധാരണക്കാരുടേയും പ്രളയബാധിതരുടേയും ഓണം വെള്ളത്തിലായെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."