13കാരിയെ റോഡിലിറക്കിവിട്ട ബസ് ജീവനക്കാര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവ്
തൃശൂര്‍: പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ബസ്സ്റ്റാന്റില്‍ ഇറങ്ങിയ മാതാപിതാക്കളെ കയറ്റാതെ യാത്ര തുടര്‍ന്ന സ്വകാര്യ ബസില്‍ നിന്ന് 13കാരിയായ മകളെ ഒറ്റയ്ക്ക് റോഡിലിറക്കിവിട്ട സംഭവത്തില്‍ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. തൃശൂര്‍ ജില്ലാ പൊലിസ് മേധാവിയും ആര്‍.ടി.ഒയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. റിപ്പോര്‍ട്ടുകള്‍ കിട്ടിയ ശേഷം തൃശൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.
മൈത്രി എന്ന സ്വകാര്യ ബസ് ജീവനക്കാരാണ് പെണ്‍കുട്ടിയോട് ക്രൂരമായി പെരുമാറിയത്. ഇടപ്പള്ളിയില്‍ നിന്നും കോട്ടയ്ക്കലിലേക്ക് യാത്ര ചെയ്യുകയായിരുന്നു രണ്ട് മക്കളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം. ഗുരുവായൂരില്‍ എത്തിയപ്പോള്‍ മാതാപിതാക്കള്‍ കൈക്കുഞ്ഞുമായി ശുചിമുറിയിലേക്ക് പോയി. മൂത്ത മകളെ സീറ്റിലിരുത്തിയാണ് പോയത്.
ഇവര്‍ മടങ്ങിയെത്തും മുന്‍പ് ബസ് യാത്ര തിരിച്ചു. പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് ബസ് ജീവനക്കാര്‍ അറിഞ്ഞത് പിന്നീടാണ്. വിവരം അറിഞ്ഞയുടനെ കണ്ടക്ടര്‍ പെണ്‍കുട്ടിയെ ബാഗുകളുമായി ഒറ്റയ്ക്ക് റോഡില്‍ ഇറക്കിവിട്ടു. കുട്ടിയെ പൊലിസ് സ്റ്റേഷനില്‍ എത്തിക്കാനുള്ള സന്മനസ് കണ്ടക്ടര്‍ കാണിച്ചില്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. അപ്രകാരം ചെയ്തിരുന്നെങ്കില്‍ ജുവനൈല്‍ പൊലിസ് ഓഫിസര്‍ക്ക് കുട്ടിയെ മാതാപിതാക്കള്‍ക്ക് അരികില്‍ എത്തിക്കാമായിരുന്നു. ബസ് ജീവനക്കാരുടെ നടപടി ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ രാജു നല്‍കിയ പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."