മോദി ഭരിക്കുന്നത് വ്യവസായികള്‍ക്കായി: രാഹുല്‍
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ശക്തമായ ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം.
രാജ്യത്തെ ഒരുപറ്റം വ്യവസായികള്‍ക്ക് മാത്രമായി മോദി പ്രവര്‍ത്തിക്കുകയാണെന്ന് പറഞ്ഞ രാഹുല്‍, ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ 'നേട്ടം' അഴിമതിയാണെന്നും ആരോപിച്ചു. നോട്ട് നിരോധനവും ജി.എസ്.ടിയും വഴി ജനങ്ങളെ ദുരിതത്തിലാക്കിയതല്ലാതെ എന്തു നേട്ടമാണ് കേന്ദ്രം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
ബാങ്കുകളില്‍നിന്ന് വായ്പ എടുത്ത് രാജ്യം വിടാന്‍ തട്ടിപ്പുകാര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുകയാണ്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് വായ്പ എടുത്ത വജ്ര വ്യാപാരികളായ നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കും ആവശ്യമായ സഹായം നല്‍കിയത് അരുണ്‍ ജെയ്റ്റ്‌ലിയും അദ്ദേഹത്തിന്റെ മകളുടെ ഉടമസ്ഥതയിലുള്ള നിയമസഹായ കേന്ദ്രങ്ങളുമാണ്. ഇതിന് പ്രത്യുപകാരമായി ജെയ്റ്റ്‌ലിയുടെ മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷങ്ങളാണ് കൈമാറ്റം ചെയ്യപ്പെട്ടത്.
കടക്കെണിയില്‍ അകപ്പെട്ട കര്‍ഷകരുടെ ദുരിതത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാരും. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാന്‍ പോലും മഹാരാഷ്ട്ര സര്‍ക്കാര്‍ തയാറല്ല. കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയാല്‍ അധികാരത്തിലേറി പത്തുദിവസത്തിനകം കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ വ്യക്തമാക്കി.
ജമ്മുകശ്മിര്‍ പ്രശ്‌നം രൂക്ഷമാക്കിയതിനു പിന്നില്‍ മോദി സര്‍ക്കാരാണ്. സൈനികര്‍ക്ക് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ പിന്നോട്ട് പോയിരിക്കുന്നു. ഇതെല്ലാം വിസ്മരിച്ച് പാക് സൈന്യത്തിനുനേരെ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പുകഴ്ത്തി നടക്കുകയാണ് മോദിയെന്നും അദ്ദേഹം പരിഹസിച്ചു.
ഝാബുവ സമുദായക്കാരുടെ സ്വാധീന മേഖലയില്‍ നടത്തിയ പ്രചാരണത്തിലും അദ്ദേഹം മോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു. രണ്ടുതരം സമൂഹത്തെയാണ് ഇവിടെ സൃഷ്ടിച്ചിട്ടുള്ളത്. ഇതിലൊന്ന് വന്‍ വ്യവസായികളാണ്.
മറ്റൊന്ന് കര്‍ഷകരും കര്‍ഷക തൊഴിലാളികളും നിര്‍ധനരുമാണ്. സമൂഹത്തില്‍ ഇത്തരത്തിലുള്ള ഒരു വേര്‍തിരിവ് അനാവശ്യമാണ്. ജനങ്ങളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്നതാണ് കോണ്‍ഗ്രസിന്റെ രീതി. എന്നാല്‍ രാജ്യത്താകമാനം ബി.ജെ.പിയും ആര്‍.എസ്.എസും രണ്ടുതരം കൊടികള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങിയവയായിരുന്നു മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധി സ്വപ്നം കണ്ടിരുന്നത്. അതുതന്നെയാണ് കോണ്‍ഗ്രസും ജനങ്ങള്‍ക്കായി നല്‍കാന്‍ ആഗ്രഹിക്കുന്നത്.
ഗോത്രവര്‍ഗക്കാര്‍ക്കോ അല്ലെങ്കില്‍ സാധാരണക്കാരനായ ഒരാള്‍ക്കോ അഞ്ചു മിനുറ്റെങ്കിലും പ്രധാനമന്ത്രിയുമായി അദ്ദേഹത്തിന്റെ ഓഫിസില്‍ ചര്‍ച്ച നടത്താന്‍ കഴിയുമോയെന്ന് രാഹുല്‍ ചോദിച്ചു.
2014ല്‍ അധികാരത്തില്‍ കയറിയ നാള്‍മുതല്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഓഫിസില്‍ സന്ദര്‍ശനം നല്‍കിയത് വന്‍ വ്യവസായികള്‍ അടക്കമുള്ളവര്‍ക്കാണ്. ഒരു സാധാരണക്കാരനെയും സ്വപ്നം കാണാന്‍ മോദിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."