ഹജ്ജ് സര്‍വിസും ഇടനിലക്കാരും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും
വര്‍ഷത്തിലൊരിക്കലാണു ഹജ്ജ് നടക്കുന്നത്. ഹജ്ജ് സീസണല്ലാത്തപ്പോഴൊക്കെ ഉംറ തീര്‍ഥാടനത്തിനു പോകുന്നവര്‍ നിരവധിയാണ്. 15 ദിവസത്തിനും ഒരുമാസത്തിനുമാണ് ഉംറ നിരക്ക് ഈടാക്കുന്നത്. 50,000 മുതല്‍ 80,000 വരെ നല്‍കിയാല്‍ ഉംറ തീര്‍ഥാടനത്തിനു പോകാം. അതേസമയം, ഹജ്ജിന് 40 ദിവസത്തെ അവധിക്കു സര്‍ക്കാര്‍വഴി നല്‍കേണ്ടത് രണ്ടരലക്ഷത്തിനു മുകളിലാണ്. ഒരിക്കല്‍ തീര്‍ഥാടനം നിര്‍വഹിച്ചവര്‍ 36,000 രൂപ അധികം നല്‍കണം.
ഹജ്ജിനു മാത്രം എന്തുകൊണ്ട് ഇത്തരത്തില്‍ നിരക്കു കൂടുന്നുവെന്നന്വേഷിച്ചാല്‍ കണ്ടെത്താനാവുക ഹജ്ജ് വേളയില്‍ പ്രത്യക്ഷപ്പെടുന്ന കുത്തകക്കാരെയാണ്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് ക്വാട്ടയാണു സഊദി സര്‍ക്കാര്‍ ഈ വര്‍ഷം അനുവദിച്ചു തന്നത്. 1,75,025 ഹജ്ജ് സീറ്റുകള്‍. ഇതില്‍ 1,25,025 സീറ്റുകള്‍ വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കും 45,000 സീറ്റുകള്‍ സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും വീതിച്ചു നല്‍കി.
ഈ വീതിച്ചെടുക്കലുകള്‍ക്കു പിറകില്‍ നാടകങ്ങളേറെയാണ്. സര്‍ക്കാരിനു ലഭിക്കുന്ന ഹജ്ജ് സീറ്റുകളില്‍ പകുതി സഊദി എയര്‍ലൈന്‍സും പകുതി എയര്‍ഇന്ത്യയുമാണു കാലങ്ങളായി നേടിയെടുക്കുന്നത്. സഊദി എയര്‍ലെന്‍സിന്റെ സീറ്റു വിഹിതത്തില്‍ അവരുടെ ഉപകമ്പനിയായ ഫ്‌ളൈ നാസിനും കുറേ ലഭിക്കും. എയര്‍ ഇന്ത്യയാകട്ടെ എല്ലാവര്‍ഷവും ടെണ്ടര്‍ ക്ഷണിച്ചു സ്വകാര്യവിമാനക്കമ്പനികള്‍ക്കു സീറ്റു മറിച്ചുനല്‍കുകയാണു ചെയ്യുന്നത്. ഫലത്തില്‍ എയര്‍ ഇന്ത്യയുടെ സീറ്റുകള്‍ ലഭിക്കുന്നത് സ്വകാര്യവിമാനക്കമ്പനികള്‍ക്ക്.
ഇടനിലക്കാര്‍ വീതിച്ചെടുക്കുന്ന
സീറ്റുകള്‍
വര്‍ഷങ്ങളായി പോര്‍ച്ചുഗീസ് കമ്പനിയായ യൂറോ അത്‌ലാന്റിക്കിനാണ് എയര്‍ ഇന്ത്യയുടെ കരാര്‍ ലഭിക്കുന്നത്. ദില്ലിയില്‍വച്ചാണത്രേ മറിച്ചു വില്‍പ്പന നടക്കുന്നത്. അതിനു പിന്നില്‍ രണ്ട് ഇടനിലക്കാരുണ്ട്. ഹജ്ജ് ടെന്‍ഡര്‍ വരുന്നതു മുതല്‍ ഹജ്ജ് സീസണ്‍ അവസാനിക്കുന്നതുവരെ ഇടനിലക്കാര്‍ സിവില്‍ ഏവിയേഷന്‍, എയര്‍ ഇന്ത്യ, ഹജ്ജ് കമ്മിറ്റി ഓഫിസുകളില്‍ കറങ്ങിക്കൊണ്ടിരിക്കും. അവരിലൂടെയാണ് വിദേശവിമാനങ്ങള്‍ എയര്‍ ഇന്ത്യയ്ക്കു വേണ്ടി വാടകയ്‌ക്കെടുക്കുന്നത്.
എയര്‍ഇന്ത്യയുടെ സീറ്റുകള്‍ വൈറ്റ് ലീസയാണു നല്‍കുന്നത്. വിമാനം, വിമാനജോലിക്കാര്‍, അറ്റകുറ്റപ്പണി, ഇന്‍ഷുറന്‍സ് എന്നിവ പൂര്‍ണമായും ഇടനിലക്കാര്‍ ഏറ്റെടുക്കും. 800 മുതല്‍ 900 വരെ ഡോളറിനിടയിലാണു വാടകത്തുക നിശ്ചയിക്കുക. ഇതു മാറിമറിഞ്ഞു ഹജ്ജ് കമ്മിറ്റിയുടെ മുന്നിലെത്തുമ്പോഴേയ്ക്കും 1400-1500 ഡോളര്‍ വരെയാകും. ഇതോടെ സീസണിലേക്കാളും വലിയതുക വിമാനക്കമ്പനികള്‍ക്കു നല്‍കേണ്ടിവരും.
ഹജ്ജ് സര്‍വിസിന്റെ മറവില്‍ കാലങ്ങളായി നടക്കുന്ന ഈ കൊള്ളക്കെതിരെയാണു ശബ്ദമുയരേണ്ടത്. ആഗോളടെണ്ടര്‍ വിളിച്ചു വിമാനം വാടകക്കെടുത്തു സര്‍വിസ് നടത്തിയാലും നിരക്ക് ഇത്രയുമാവില്ലെന്നു വിദഗ്ധര്‍ പറയുന്നു. അതു പ്രാവര്‍ത്തികമാകുന്നില്ല. പകരം, ഹജ്ജ് സര്‍വിസ് വര്‍ഷങ്ങളായി സ്ഥിരം കമ്പനികള്‍ ഏറ്റെടുത്തു ലാഭം കൊയ്യുന്നു. ചോദ്യം ചെയ്യപ്പെടാതെ ഈ ലാഭകൊയ്ത്തു വര്‍ഷങ്ങളായി തുടരുന്നു.
ഹജ്ജ് സബ്‌സിഡിയും
മുസ്‌ലിംകളും
ഇന്ത്യയിലെ ഹജ്ജ് യാത്രക്കാര്‍ക്കു ലഭിക്കുന്ന ഹജ്ജ് സബ്‌സിഡി ഘട്ടംഘട്ടമായി കുറക്കാനാണു നേരത്തേ തീരുമാനിച്ചത്. ഇതനുസരിച്ച് 2021 വര്‍ഷത്തിലാണു ഹജ്ജ് സബ്‌സിഡി പൂര്‍ണമായും എടുത്തുകളയേണ്ടത്. എന്നാല്‍, ഈ വര്‍ഷം മുതല്‍ പൂര്‍ണമായും സബ്‌സിഡി എടുത്തുകളഞ്ഞു. ഇന്ത്യയിലെ വിവിധ തീര്‍ഥാടനത്തിനും മറ്റുമായി സബ്‌സിഡി ഇപ്പോഴും നല്‍കുന്നുമുണ്ട്.
ഇന്ത്യയില്‍ 1932-ല്‍ 'പോര്‍ട്ട് ഹജ്ജ് കമ്മിറ്റി' രൂപീകരിച്ച കാലം മുതല്‍ എല്ലാ ഹജ്ജ് യാത്രകളും കപ്പല്‍ വഴിയായിരുന്നു.പിന്നീട്, 1959-ല്‍ ഹജ്ജ് ആക്റ്റ് നടപ്പില്‍ വരികയും മുസ്തഫ ഹക്കീം ആദ്യത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി നിയമിക്കപ്പെടുകയും ചെയ്തു. ആദ്യം ബോംബെ, കൊല്‍ക്കത്ത കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച ഹജ്ജ് കമ്മിറ്റി പിന്നീട് ആറു സോണുകളിലായി വിഭജിച്ചു. അതില്‍ ആറാമത്തെ സോണില്‍ തമിഴ്‌നാട്, കേരളം, കര്‍ണാടക, പോണ്ടിച്ചേരിയും ലക്ഷദ്വീപ് എന്നിവ ഉള്‍പ്പെടുത്തി.
മുസ്‌ലിം തീര്‍ഥാടകരെ പ്രീണിപ്പിക്കാനായി കൊണ്ടുവന്നതാണു സബ്‌സിഡി. എന്നാല്‍, ഹജ്ജിന് മാത്രമായിരുന്നില്ല, സിറിയ, ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ തീര്‍ഥാടനകേന്ദ്രങ്ങളിലേയ്ക്കു കൂടി സബ്‌സിഡി അനുവദിച്ചിരുന്നു. ഹജ്ജ് ഒഴികെ മറ്റിടങ്ങളിലേയ്ക്ക് എത്രപേര്‍ സബ്‌സിഡി തുക കൈപറ്റിയെന്ന രേഖയില്ല. സര്‍ക്കാര്‍ നല്‍കുന്ന തുക അങ്ങനെ ഹജ്ജ് സബ്‌സിഡി മാത്രമായി അറിയപ്പെട്ടു.
കപ്പല്‍ യാത്ര പൂര്‍ണമായും നിലച്ചതോടെയാണ് യാത്ര വിമാനങ്ങള്‍ വഴിയായത്. കപ്പല്‍ യാത്രാ ചെലവും വിമാന ടിക്കറ്റ് നിരക്കും തമ്മിലുള്ള അന്തരമാണ് ഹജ്ജ് സബ്‌സിഡിയായി കൊടുത്തുകൊണ്ടിരുന്നത്. ഇതോടൊപ്പം ഹജ്ജ് വേളയില്‍ മക്കയിലും മദീനയിലുമുണ്ടാകുന്ന ചെലവുകളും സബ്‌സിഡി ഇനത്തില്‍പ്പെടുത്തിയിരുന്നു.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഓരോ വര്‍ഷവും ഇന്ത്യയില്‍ നിന്ന് 1,25,000 തീര്‍ഥാടകരെ കൊണ്ടുപോകാനാണ് ഉഭയകക്ഷി കരാര്‍. രണ്ടു തട്ടായി തീര്‍ഥാടകരെ ഇതിനായി ഗ്രീന്‍ കാറ്റഗറി (ഉയര്‍ന്ന താമസ സൗകര്യങ്ങള്‍) അസീസിയ (സാധാരണ താമസ സൗകര്യം) എന്നിങ്ങനെ വിഭജിക്കുന്നു. ഇന്ത്യയില്‍ നിന്നു ജിദ്ദയിലേയ്‌ക്കോ മദീനയിലേയ്‌ക്കോ ഏറ്റവും തിരക്കുള്ള സമയത്തുപോലും വിമാന നിരക്ക് 45,000 രൂപയില്‍ കൂടാറില്ല. ആ സ്ഥാനത്താണ് ഒരു ലക്ഷത്തിന് മുകളില്‍ വരെ വിമാന നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.
യാത്രാനിരക്കിന്റെ രണ്ടും മൂന്നും ഇരട്ടി വിലകൂട്ടിയാണു ഹജ്ജ് നിരക്കെന്നു പറഞ്ഞു വിമാനക്കമ്പനികള്‍ തുക കൈപറ്റുന്നത്. ആഗോള ടെണ്ടറിലൂടെ വിവിധ വിമാനക്കമ്പനികള്‍ക്ക് അവസരം കൊടുക്കുകയാണെങ്കില്‍ നിരക്കുകള്‍ പകുതി കണ്ടു കുറയ്ക്കാന്‍ സാധിക്കും. വാടകയ്‌ക്കെടുത്ത വിമാനം ഹജ്ജ് വേളയില്‍ രണ്ടു തവണ യാത്രക്കാരില്ലാതെ പറക്കുന്നത്തിലാണു നിരക്ക് ഈടാക്കുന്നതെന്നാണു വിമാനക്കമ്പനികളുടെയും കരാറുകാരുടെയും വാദം. വിമാനം കാലിയായി പറത്തുമ്പോള്‍ ഓപറേഷന്‍ ചെലവില്‍ വ്യതാസമുണ്ടെന്നതാണു വസ്തുത.
ഹജ്ജ് നിരക്ക് നേരത്തേ
നിശ്ചയിക്കണം
ഇന്ത്യയില്‍ പ്രത്യേക ഹജ്ജ് നിരക്കില്ല. ഹജ്ജ് സമയത്തെ വിമാന നിരക്കുകള്‍ സിവില്‍ ഏവിയേഷനും എയര്‍ ഇന്ത്യയും പെരുപ്പിച്ചുകാണിക്കുകയാണ്. കഴിഞ്ഞ തവണ ഹജ്ജ് നിരക്കായി എയര്‍ ഇന്ത്യ നിശ്ചയിച്ചത് 63,750 രൂപ മുതല്‍ 1,63,350 രൂപ വരെയാണ്. വിവിധ വിമാനത്താവളങ്ങളില്‍ നിന്നു വ്യത്യസ്തനിരക്കുകള്‍ നിശ്ചയിച്ചുകൊണ്ടാണു ഹജ്ജ് ടെണ്ടര്‍ വിളിക്കുന്നത്. സഊദി അറേബ്യയില്‍നിന്നു സാധാരണ ട്രാഫിക് കൂടുന്ന സമയമായതിനാല്‍ മുന്‍കൂര്‍ അനുമതിയോടെ ജിദ്ദയില്‍നിന്നു യാത്രക്കാരെ കയറ്റി ഈ വിടവ് നികത്താവുന്നതാണ്.
ഉഭയകക്ഷി കരാറില്‍ അത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഹജ്ജിനെത്തിക്കുന്ന ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഹാജിമാരെ കൊണ്ടുവരാനായി ജിദ്ദയിലേയ്ക്കു പോവുമ്പോഴും കാലിയായി പറക്കാതെ ഇവിടുന്നു യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയണം. പെരുന്നാള്‍ അവധി കഴിഞ്ഞാലുള്ള തിരക്കിന് ഈ രീതിയിലൊരു പരിഹാരമുണ്ടാക്കാനാകും. ഇതുവഴി വിമാന നിരക്കില്‍ ഗണ്യമായ കുറവും വരുത്താനുമാകും.
ഹജ്ജ് വര്‍ഷത്തില്‍ ഒരിക്കല്‍ പ്രത്യേക സമയത്ത് നടക്കുന്നതിനാല്‍ നേരത്തെ തന്നെ നിരക്കുകള്‍ നിശ്ചയിക്കാനാവും. അവസാന നിമിഷം നിരക്ക് ഈടാക്കുന്നതിനു പകരം മാസങ്ങള്‍ക്കു മുന്‍പു തന്നെ ടിക്കറ്റ് ബ്ലോക്ക് ചെയ്യാവുന്നതാണ്. നിരക്കു നിശ്ചയിക്കല്‍ അവസാന നിമിഷമാവുമ്പോള്‍ മറ്റു രാജ്യങ്ങള്‍ വിമാനം വാടകക്കെടുക്കാനും മിതമായ നിരക്കില്‍ വിമാനം ലഭ്യമാവാതെയും വരും.
ഹജ്ജ് ടെണ്ടറിലെ
ആഗോള പ്രശ്‌നം
ഹജ്ജിന് ആഗോള ടെണ്ടര്‍ വിളിക്കാന്‍ സര്‍ക്കാരിനു പരിമിതികളുള്ളതാണു നിലവിലെ പ്രശ്‌നങ്ങള്‍ക്കു കാരണം. ഹജ്ജ് കരാര്‍ ഉഭയകക്ഷി അടിസ്ഥാനത്തിലാണ്. ഇരു രാജ്യങ്ങളിലെയും ഔദ്യോഗിക വിമാനക്കമ്പനികള്‍ക്കു മാത്രമേ ടെണ്ടറില്‍ പങ്കെടുക്കാനാവൂ. ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തി ആഗോള ടെണ്ടര്‍ നടപ്പില്‍ വരുത്തിയാല്‍ പ്രശ്‌നം പരിഹരിക്കാം.
പിന്തുടരാവുന്ന തബാങ്ങ്
ഹജ്ജ് മലേഷ്യ
ലോകത്തിന് മാതൃകയാണ് മലേഷ്യന്‍ സര്‍ക്കാറിന്റെ ഹജ്ജ് പോളിസി. മലേഷ്യയില്‍ ജനസംഖ്യയുടെ 61.2 ശതമാനം മുസ്‌ലിംകളാണ്. അതിനാല്‍ ഹജ്ജ് യാത്രക്കാര്‍ക്കായി തീര്‍ഥാടക ഫണ്ട് ബോര്‍ഡ് എന്ന ഒരു പ്രത്യേക സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. 1969 ല്‍ രൂപീകരിച്ച ഫണ്ട് ബോര്‍ഡ് 1995 ല്‍ വീണ്ടും പരിഷ്‌ക്കരിച്ചു. ചൂഷണമില്ലാതെ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പാവപ്പെട്ടവര്‍ക്കു പോലും ആയുസില്‍ ഒരുതവണ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ അവസരമൊരുക്കുകയാണ് തബാങ്ങ് പദ്ധതി. തീര്‍ഥാടകന് ഒരുതവണ അപേക്ഷയും ഫണ്ടും നല്‍കിയാല്‍ സീറ്റിന്റെ സ്ഥിതിയനുസരിച്ച് ഹജ്ജിന് പോകാം. ഇതോടൊപ്പം അവര്‍ നല്‍കുന്ന പണത്തിന്റെ വിഹിതം ജനോപകാരപ്രവര്‍ത്തികള്‍ക്കു മാറ്റുകയും ചെയ്യാം.പദ്ധതിയിലൂടെ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്. ഇസ്‌ലാമിക് ബാങ്കിങുമായി സഹകരിച്ചു നടത്തുന്ന ഈ പദ്ധതി ലോകത്തിലെ പല രാജ്യങ്ങളും അനുകരിക്കുന്നുണ്ട്. ഇന്ത്യയിലും ഇത്തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മുസ്‌ലിംസംഘനകളും രാഷ്ട്രീയപാര്‍ട്ടികളും ശബ്ദമുയര്‍ത്തണം. ഈ ഫണ്ട് ബോര്‍ഡില്‍ നിക്ഷേപിക്കുന്നതിലൂടെ കച്ചവടത്തിന്റെ ലാഭവിഹിതം സാധാരണക്കാരനില്‍ എത്തുകയും ചെയ്യും.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."