ടി.പി കേസ് പ്രതികളുടെ സെല്ലില്‍ ഫോണ്‍: പൊലിസ് കേസെടുത്തു
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ടി.പി വധക്കേസ് പ്രതി ഉള്‍പ്പെടെയുള്ളവരില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത സംഭവത്തില്‍ പൊലിസ് കേസെടുത്തു. ടി.പി കേസ് പ്രതി അണ്ണന്‍ സിജിത്ത്, മറ്റു കേസിലെ പ്രതികളായ ബാസിത് അലി, പ്രദീപ് എന്നിവരുടെ പേരിലാണ് കേസെടുത്തത്. ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ നിര്‍ദേശപ്രകാരം ഞായറാഴ്ച രാത്രി ഒന്‍പത് ബ്ലോക്കുകളിലായി നടന്ന റെയ്ഡിലാണ് രണ്ട് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും കണ്ടെത്തിയത്.
പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കഴിഞ്ഞദിവസം ജയില്‍ സൂപ്രണ്ടിന് ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. ജയില്‍ സൂപ്രണ്ട് എസ്. സന്തോഷിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലിസ് മൂന്ന് പേര്‍ക്കുമെതിരേ കേസെടുത്തത്.
വിചാരണ കാലയളവില്‍ ടി.പി കേസ് പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ചത് നേരത്തെ വിവാദമായിരുന്നു. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് ആവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
ട്രൗസര്‍ മനോജ് എന്ന മനോജ്, അണ്ണന്‍ സിജിത്ത് എന്ന സിജിത്ത്, റഫീക്ക് എന്നീ മൂന്നു പ്രതികളാണു ടി.പി വധവുമായി ബന്ധപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ളത്. കൊടി സുനി, മുഹമ്മദ് ഷാഫി, ടി.കെ രജീഷ് എന്നിവര്‍ വിയ്യൂര്‍ ജയിലിലാണ്. ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി സബിത് അലിയാണ് സെല്ലില്‍ ഫോണ്‍ എത്തിച്ചതെന്നാണ് സൂചന.
ഈ ഫോണുപയോഗിച്ച് ആരെയൊക്കെ വിളിച്ചു, സമൂഹമാധ്യമങ്ങളില്‍ ഇടപെട്ടോ തുടങ്ങിയ കാര്യങ്ങള്‍ പൊലിസ് പരിശോധിക്കുന്നുണ്ട്. ടി.പി കേസിലെ പ്രതികള്‍ ജയിലില്‍ ഫോണുപയോഗിക്കുന്നതായി നേരത്തെയും പൊലിസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രതികള്‍ ജയിലില്‍ ഫോണുപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അന്നത്തെ ജയില്‍ മേധാവി ഋഷിരാജ് സിങ് വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് ജയിലില്‍ കാമറ അടക്കമുള്ള സജ്ജീകരണങ്ങള്‍ പൊലിസ് സ്ഥാപിച്ചു. ഇത് വകവയ്ക്കാതെയാണ് ടി.പി കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഫോണ്‍ ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."