ജില്ലയില്‍ സമാധാനത്തിന് സര്‍വകക്ഷി ആഹ്വാനം
കോഴിക്കോട്: ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ എല്ലാ സംഘടനകളും കൂട്ടായി പരിശ്രമിക്കണമെന്നും സര്‍വകക്ഷി യോഗത്തിന്റെ ആഹ്വാനം. ഇന്നലെ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും തൊഴിലാളി സംഘടനകളുടെയും യോഗത്തിലാണ് തീരുമാനം. ജില്ലയിലെ വിവിധ രാഷ്ട്രീയപാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തെ യോഗം അപലപിച്ചു.
അക്രമം ഉണ്ടാകാതിരിക്കാന്‍ ഓരോ പാര്‍ട്ടിയും രണ്ടു ദിവസത്തിനകം പ്രാദേശിക തലത്തില്‍ യോഗം വിളിച്ച് സമാധാന യോഗതീരുമാനങ്ങള്‍ അറിയിക്കും. കോഴിക്കോട് സിറ്റി പരിധിയില്‍ പതിനാറ് കേസുകളും റൂറലില്‍ മുപ്പത്തിയെട്ട് കേസുകളും രജിസ്റ്റര്‍ചെയ്തതായി പൊലിസ് കമ്മീഷണര്‍ ജെ.ജയനാഥ്, റൂറല്‍ എസ്.പി. എം.കെ.പുഷ്‌കരന്‍ അറിയിച്ചു.
റൂറലില്‍ സിപിഎം, ലീഗ്, ബിജെപി സംഘടനകളില്‍പെട്ട മുപ്പത്തിയൊന്‍പത് പ്രതികളെ റിമാന്റ് ചെയ്തിട്ടുണ്ട്. സിറ്റിയില്‍ ഇരുപത്തിയേഴ് പ്രതികളെയും റിമാന്റ് ചെയ്തു. മുഴുവന്‍ കേസുകളിലായി 200 ല്‍ അധികം പ്രതികളാണുള്ളത്. സിപിഎം ജില്ലാ ഓഫിസിന് നേരെ നടന്ന അക്രമത്തില്‍ അന്വേഷണം നടന്നുവരികയാണ്. സ്‌ഫോടനം ഉണ്ടായിട്ടുണ്ടോ എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ പറയാനാകൂ.
പ്രതികളെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് ശാസ്ത്രീയമായ അന്വേഷണം നടന്നുവരികയാണെന്ന് കമ്മീഷണര്‍ പറഞ്ഞു.യോഗത്തില്‍ എം.എല്‍.എമാരായ എം.കെ. മുനീര്‍, എ.പ്രദീപ്കുമാര്‍, വി.കെ.സി. മമ്മദ്‌കോയ, സി.കെ.വിജയന്‍, പി.ടി.എ. റഹീം, കെ.ദാസന്‍, പുരുഷന്‍ കടലുണ്ടി, സി.കെ. നാണു, എ.ഡി.എം ടി.ജനില്‍ കുമാര്‍, എം.കെ. രാഘവന്‍ എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ടി.സിദ്ദിഖ് (കോണ്‍ഗ്രസ്), ഉമ്മര്‍ പാണ്ടികശാല (മുസ്‌ലിം ലീഗ്), പി. മോഹനന്‍, എം. ഭാസ്‌കരന്‍, കെ.പി. കുഞ്ഞമ്മദ് കുട്ടി, എം. മെഹബൂബ് (സിപിഎം), മുക്കം മുഹമ്മദ്, പി. ആര്‍. സുനില്‍സിങ് (എന്‍.സി.പി) വി. കുഞ്ഞാലി (ജെ.ഡിയു), ലോഹ്യ .കെ (ജനതാദള്‍ എസ്), ജോണ്‍ പൂതക്കുഴി (കേരള കോണ്‍ഗ്രസ്) ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്‍, ട്രഷറര്‍ ടി.വി ഉണ്ണികൃഷ്ണന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."