പനിക്കിടക്കയില്‍ വിറച്ച് ജില്ല ; എലിപ്പനി ബാധിച്ച് ആറ് മരണം
കോഴിക്കോട്: ജില്ലയില്‍ എലിപ്പനി പടരുന്നു. ഇതുവരെ 75 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിരീകരിക്കാത്ത 146 കേസുകള്‍ വേറെയുമുണ്ട്. രോഗം ബാധിച്ച് ആറുപേര്‍ ഇതിനകം മരിച്ചു.
എലിപ്പനി പ്രധാനമായും എലി മൂത്രത്തിലൂടെയാണ് പകരുന്നത്. കാര്‍ന്നുതിന്നുന്ന എല്ലാ തരം ജീവികളും എലിപ്പനി പടര്‍ത്തുന്നുണ്ട്. എലിമൂത്രം കലര്‍ന്ന വെള്ളം, ഭക്ഷണം എന്നിവ രോഗമുണ്ടാക്കുന്നു.
ഓടകളിലും വയലുകളിലും മറ്റും കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ എലിമൂത്രം കലരാന്‍ സാധ്യതയുണ്ട്. ശുചീകരണ-കാര്‍ഷിക ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശരീരത്തിലുള്ള മുറിവുകളിലൂടെ രോഗം പടരാന്‍ സാധ്യത കൂടുതലാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.പനി, തലവേദന, പേശീ വേദന, കണ്ണില്‍ ചുവപ്പ്, മൂത്രത്തിന് നിറവ്യത്യാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം സങ്കീര്‍ണമായാല്‍ കിഡ്‌നി, കരള്‍, ഹൃദയം എന്നിവയെ ബാധിച്ച് മരണത്തിന് കാരണമാകുന്നു.
സ്വയം ചികിത്സക്ക് ഒരിക്കലും മുതിരരുത്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ ചികിത്സ ലഭ്യമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളിലും മറ്റും ഏര്‍പ്പെടുന്നവര്‍ ഡോക്‌സിസൈക്ലിന്‍ എന്ന ഗുളിക സൗജന്യമായി വാങ്ങിക്കഴിക്കേണ്ടതാണ്. കൂടാതെ കൈയുറ, കാലുറ എന്നിവ ധരിക്കേണ്ടതും പ്രവൃത്തിക്കു ശേഷം കൈകാലുകള്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതുമാണ്.
മഞ്ഞപ്പിത്ത രോഗമാണെന്ന് തെറ്റിദ്ധരിച്ച് നാടന്‍ ചികിത്സകള്‍ നടത്തുന്നത് അപകടമാണ്. ഭക്ഷണ പദാര്‍ഥങ്ങള്‍ മൂടിവയ്ക്കുകയും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുകയും ചെയ്യേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."