ദേശീയപാത വികസനം കാസര്‍കോട്ടുനിന്ന് തുടങ്ങും
കാസര്‍കോട്: കേരളത്തില്‍ ദേശീയപാത വികസനത്തിന്റെ ആദ്യഘട്ടം കാസര്‍കോടുനിന്ന് തുടങ്ങും. പാത വികസനവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലേക്കു നീങ്ങുന്നതായാണ് വിവരം. നിലവില്‍ കര്‍ണാടക - കേരള അതിര്‍ത്തി പ്രദേശമായ തലപ്പാടി വരെ പാത നവീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ നവീകരണം നടക്കാത്തതിനാല്‍ ഇവിടേക്കു പ്രവേശിക്കുന്ന വാഹനങ്ങള്‍ ഇടുങ്ങിയ ഒറ്റവരി റോഡില്‍ സഞ്ചരിക്കേണ്ടിവരുന്നതിന് പുറമെ പാതയിലെ പാതാളക്കുഴികളില്‍ വീണു ഗതാഗത തടസവും അടിക്കടി ഉണ്ടാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഇവിടെ പാതയിലെ കുഴികള്‍ യഥാസമയം നികത്താനോ ഗതാഗത തടസം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനോ ദേശീയ പാത അതോറിറ്റിയും തയാറായിരുന്നില്ല. റോഡ് അടുത്ത് തന്നെ വികസിപ്പിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
കാസര്‍കോട് ജില്ലയില്‍ ദേശീയ പാതയുടെ ശോചനീയാവസ്ഥ കാരണം ഗതാഗതക്കുരുക്കിന് പുറമെ അപകടങ്ങളും പതിവാണ്. വാഹനം കുഴികളില്‍ വീഴുന്നത് ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രമിക്കുന്നത് പല അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കഴിഞ്ഞ ആഴ്ച ബാങ്ക് ജീവനക്കാരനായ കാസര്‍കോട്ടെ യുവാവ് മരിച്ചതും ഇത്തരമൊരു അപകടത്തിലായിരുന്നു.
ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥലവും സ്ഥാപനങ്ങളും വീടുകളും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതോടെയാണ് പാത നവീകരണത്തില്‍ പ്രതീക്ഷ ഉയര്‍ന്നത്. നഷ്ടപരിഹാര തുകയായി കാസര്‍കോട് ജില്ലയ്ക്ക് ദേശീയപാതാ അതോറിറ്റി 47.38 രൂപ കൂടി അനുവദിച്ചതോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അധികം കാലതാമസം ഉണ്ടാകില്ലെന്നാണ് വിവരം.
നേരത്തെ അനുവദിച്ച 191 കോടി രൂപക്കു പുറമെ ഇപ്പോള്‍ അനുവദിച്ച തുകയും ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. ഇതോടെ നഷ്ടപരിഹാര തുക 238.38 കോടി രൂപയായി. കാസര്‍കോട്ടെ അടുക്കത്ത് ബയല്‍, നീലേശ്വരം, ഉപ്പള, തെക്കില്‍, അജാനൂര്‍, കാസര്‍കോട്, ബങ്കര മഞ്ചേശ്വരം, മുട്ടത്തൊടി, ഹൊസ്ദുര്‍ഗ്, ചെങ്കള, കാഞ്ഞങ്ങാട്, ഷിറിയ, മൊഗ്രാല്‍, ഉദ്യാവര, കുഞ്ചത്തൂര്‍ വില്ലേജുകളില്‍ ഭൂമി വിട്ടു കൊടുത്തവര്‍ക്കാണ് നിലവിലുള്ള തുകയില്‍നിന്ന് നഷ്ടപരിഹാരം ലഭിക്കുക. അതിനിടെ അടുക്കത്ത് ബയല്‍, കാസര്‍കോട്, കാഞ്ഞങ്ങാട് വില്ലേജുകളിലെ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് താല്‍കാലികമായി തടഞ്ഞു വച്ചിട്ടുണ്ട്. ഈ വില്ലേജുകളില്‍ നഷ്ടപരിഹാര തുക നിശ്ചയിച്ചത് കൂടുതലാണെന്നാണ് ദേശീയ പാത അതോറിറ്റി പറയുന്നത്. എന്നാല്‍ നിലവിലുള്ള മാനദണ്ഡപ്രകാരമാണ് വില നിശ്ചയിച്ചതെന്നും തുക നല്‍കണമെന്നുമാണ് ഭൂമി ഏറ്റെടുക്കല്‍ വിഭാഗം നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് അന്തിമ തീരുമാനം 17ന് കാസര്‍കോട് കലക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."