'ആദ്യ 3-4 വര്‍ഷം ഞാന്‍ റയലിനു വേണ്ടപ്പെട്ടവനായിരുന്നു, പിന്നെ ഒരു അത്യാവശ്യ ഘടകമല്ലാതായി, കൂടുതല്‍ പണത്തിനു വേണ്ടിയല്ല യുവന്റസിലേക്കു പോയത്': തുറന്നടിച്ച് റോണോ
പാരിസ്: കടുത്ത മാനസിക സംഘര്‍ഷത്തെത്തുടര്‍ന്നാണ് താന്‍ റയല്‍ വിട്ടതെന്ന് തുറന്നടിച്ച് പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡൊ. റയലിന് താനൊരു അത്യാവശ്യ ഘടകമല്ലാതായപ്പോഴാണ് മാറിച്ചിന്തിച്ചതെന്നും റോണോ പറഞ്ഞു.
കൂടുതല്‍ പണം പ്രതീക്ഷിച്ചല്ല റയല്‍ വിട്ടത്. പരിശീലക സ്ഥാനത്തു നിന്ന് സിനദിന്‍ സിദാന് മാറിപ്പോയതു കൊണ്ടും അല്ല. റയലിലെത്തി ആദ്യ 3- 4 വര്‍ഷം ഞാന്‍ വേണ്ടപ്പെട്ടവനായിരുന്നു. പിന്നീട് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിന് ഒരു അത്യാവശ്യ ഘടകമല്ലാതായി. അതോടെ മാറണമെന്ന ചിന്ത തുടങ്ങി. അതിനിടയ്ക്കാണ് സിദാന്റെ രാജിയും.
യുവന്റസിനാണെങ്കില് എന്നെ ആവശ്യമായും വന്നു. അവര്‍ അത് എന്നെ ബോധ്യപ്പെടുത്തുകയും ഇപ്പോള്‍ ഞാനത് അനുഭവിക്കുകയും ചെയ്യുന്നു- ക്രിസ്റ്റിയാനോ പറഞ്ഞു.
ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിനു നല്കിയ അഭിമുഖത്തിലാണ് റോണോ മനസ്സുതുറന്നത്.
തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തെക്കുറിച്ചും അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഞാന്‍ ഒരു കുടുംബസ്ഥനാണിപ്പോള്. ഭാര്യയും നാലു കുട്ടികളുമുണ്ട്. പ്രായമായ അമ്മയുണ്ട്. സഹോദരന്മാരുയും നല്ല അടുപ്പമുണ്ട്. അങ്ങനെയുള്ളൊരാള്‍ക്ക് ഇത്തരം ആരോപണങ്ങള്‍ വലിയ വിഷമമുണ്ടാക്കും. ക്രിസ്റ്റ്യാനോ ഒരു ബലാത്സംഗിയാണെന്ന ആരോപണം എന്റെ ഇപ്പോഴത്തെ പേരിനു കളങ്കമാണ്. സത്യം ഒരുനാള്‍ പുറത്തുവരും- ക്രിസ്റ്റ്യാനോ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."