പദ്ധതി പൂര്‍ത്തീകരണം അടുത്ത മാസം 15നകം ഉറപ്പുവരുത്തണമെന്ന് ആസൂത്രണ സമിതി
കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളേയും തുറസ്സായ സ്ഥലത്തു മലമൂത്ര വിസര്‍ജ്ജനം നടത്താത്ത പഞ്ചായത്തുകളായി ഒക്‌ടോബര്‍ രണ്ടിനു പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 15 നകം എല്ലാ വീടുകളിലും കക്കൂസുകള്‍ നിര്‍മിച്ചതായി ഉറപ്പുവരുത്തണമെന്ന് അഡ്‌ഹോക് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശം നല്‍കി. ജില്ലാ ആസൂത്രണ സമിതിഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. പഞ്ചായത്ത് 3400 രൂപ വീതമാണു വകയിരുത്തേണ്ടത്. ശുചിത്വ മിഷന്‍ 8000 രൂപ വകയിരുത്തും. ഈ വിഹിതം ഡിസംബറില്‍ ലഭ്യമാക്കും.
മുഴുവന്‍ പഞ്ചായത്തുകളും പദ്ധതിയുമായി പൂര്‍ണമായി സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറും ജില്ലാ കലക്ടര്‍ ഇദേവദാസനും പറഞ്ഞു. പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍ക്കുള്‍പ്പെടെ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കണമെന്നും കലക്ടര്‍ പറഞ്ഞു. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് ഇല്ലാതാക്കുന്നതിനു തുക വകയിരുത്താത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്കു ഡി.പി.സി അംഗീകാരം നല്‍കുകയില്ല.
2016-17 വാര്‍ഷിക പദ്ധതി രൂപീകരണ പുരോഗതി യോഗം അവലോകനം ചെയ്തു. വികസന സെമിനാറുകള്‍ നടത്തിയ ഗ്രാമപഞ്ചായത്തുകള്‍ ഉടന്‍ ഡാറ്റ എന്‍ട്രികള്‍ നടത്തി പദ്ധതി രൂപീകരണം പൂര്‍ത്തിയാക്കുന്നതിനും നിര്‍ദേശം നല്‍കി.
മധൂര്‍, ഈസ്റ്റ് എളേരി, ചെമ്മനാട്, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തുകളുടെയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെയും വാര്‍ഷിക ഭേദഗതി പ്രൊജക്ടുകള്‍ക്ക് അംഗീകാരം നല്‍കി. പുത്തിഗെ, പനത്തടി പഞ്ചായത്തുകളുടെ ഭേദഗതികളും യോഗം പരിഗണിച്ചു.
ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കുന്നതിന് മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. ഇതിനു പഞ്ചായത്തുകള്‍ ഫണ്ടു വകയിരുത്തേണ്ടതില്ല. വൈദ്യുതി ലഭിക്കേണ്ട ഗുണഭോക്താക്കളുടെ വിവരങ്ങള്‍ അടിയന്തിരമായി കെ.എസ്.ഇ.ബിക്കു ലഭ്യമാക്കണമെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."