ന്യൂസിലന്‍ഡ് ഭീകരാക്രമണം: വിചാരണാതിയതി മാറ്റി
വെല്ലിംഗ്ടന്‍: ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടു മുസ്‌ലിം പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ 51 പേര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ഭീകരവാദിയുടെ വിചാരണ നീട്ടാന്‍ ന്യൂസിലന്‍ഡ് ഹൈക്കോടതി തീരുമാനിച്ചു. വിശുദ്ധ റമദാന്‍ മാസവുമായി കൂടിക്കലരും എന്നതിനാലാണ് വിചാരണ വൈകിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്. അടുത്ത മെയ് നാലിനാണ് വിചാരണ നടത്താനിരുന്നത്. എന്നാല്‍ ഇസ്‌ലാം പുണ്യമാസമായ റമദാന്‍ വരുന്നതുകൊണ്ട് ആ സമയത്ത് വിചാരണ നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ജഡ്ജിയായ കാമറോണ്‍ മാന്‍ഡര്‍ അറിയിക്കുകയായിരുന്നു.
'ഇസ്‌ലാം മത വിശ്വാസികളായ നിരവധി സാക്ഷികളെ വിസ്തരിക്കാനുണ്ട്' കോടതിയില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ മാന്‍ഡര്‍ പറഞ്ഞു. വിചാരണ മാറ്റിവെക്കുന്നതില്‍ കുഴപ്പമില്ലെന്ന് പ്രതിഭാഗം അറിയിച്ചതോടെ വിചാരണ അടുത്ത ജൂണ്‍ രണ്ടി ലേക്ക് മാറ്റുകയായിരുന്നു. റമദാന്‍ മാസത്തില്‍ ഈ കേസ് വിചാരണക്കെടുത്തതില്‍ ന്യൂസലാന്‍ഡിലെ മുസ്‌ലിം വിഭാഗങ്ങള്‍ പ്രതിഷേധമറിയിച്ചിരുന്നു.
തീവ്രവാദ പ്രവര്‍ത്തനവും കൊലപാതകവുമുള്‍പ്പെടെ 92 കേസുകള്‍ പ്രതിയായ ബ്രെന്റണ്‍ ടാറന്റി (29)നെതിരേ ചുമത്തിയിട്ടുണ്ട്.
'വലതുപക്ഷ തീവ്രവാദിയും അക്രമാസക്തനായ ഭീകരവാദിയും' എന്നാണ് ബ്രെന്റണ്‍ ടാറന്റിനെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വിശേഷിപ്പിച്ചത്. അതേസമയം വിചാരണ ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്നും മാറ്റണമെന്നു പറഞ്ഞ് പ്രതിഭാഗം നല്‍കിയ അപേക്ഷയില്‍ കോടതി ഹ്രസ്വ വാദം കേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."