അമിത് ഷായുടെ വാദം പച്ചക്കള്ളമെന്ന് മന്ത്രി ജി. സുധാകരന്‍
കണ്ണൂര്‍: ദേശീയപാത വികസനത്തിന് തടസം സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തുനല്‍കാത്തതാണെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ ആരോപണം പച്ചക്കള്ളമാണെന്നു മന്ത്രി ജി. സുധാകരന്‍. താഴെചൊവ്വയില്‍ പുതുതായി നിര്‍മിച്ച സമാന്തര പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥലമുടമകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുകയില്‍ നയാപൈസ പോലും ഇതുവരെ നല്‍കിയിട്ടില്ല. കഴിഞ്ഞ രണ്ടര വര്‍ഷമായി സ്ഥലമേറ്റെടുക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പിന്നാലെ നടക്കുകയാണ്.
സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി സര്‍വേ കല്ലുപോലും ഇടാന്‍ സമ്മതിക്കാതെ പ്രവൃത്തികള്‍ നിര്‍ത്തിവയ്പ്പിച്ചിരിക്കുകയാണ് കേന്ദ്രം. അല്ലായിരുന്നുവെങ്കില്‍ ദേശീയപാതാ വികസനം ഇതിനകം ആരംഭിക്കാനാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഭൂമിക്കുവലിയ വിലയാണെന്ന കാരണം പറഞ്ഞാണ് നഷ്ടപരിഹാരത്തുക കേന്ദ്രം അനുവദിക്കാതിരിക്കുന്നത്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് ദേശീയ പാത വികസനം നടക്കരുതെന്ന് ആഗ്രഹിക്കുന്ന ചിലര്‍ കേന്ദ്രത്തിലുണ്ട്. മന്ത്രി നിധിന്‍ ഗഡ്കരി അക്കൂട്ടത്തിലുണ്ടായിരുന്നില്ല. അദ്ദേഹത്തിനു മേല്‍ വലിയ സമ്മര്‍ദമാണെന്നും മന്ത്രി പറഞ്ഞു. രണ്ടര വര്‍ഷത്തിനിടയില്‍ 5000 കോടി രൂപയുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളാണ് കണ്ണൂരില്‍ നടന്നുവരുന്നത്. വിമാനത്താവളം കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് 10,000 കോടിയിലേറെ വരും. കേരളപ്പിറവിക്കു ശേഷം ഇതുവരെ ജില്ലയ്ക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുക ഈ സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചു. കേന്ദ്രറോഡ് ഫണ്ട് വഴി കേരളത്തിന് ലഭിച്ച റോഡുകളില്‍ പകുതിയും കണ്ണൂരിലാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. മേയര്‍ ഇ.പി ലത, പി.കെ ശ്രീമതി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, പി.കെ രാഗേഷ്, ടി.എസ്.സിന്ധു, പി.കെ പ്രകാശ് ബാബു, കെ.വി ശശി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."